ADVERTISEMENT

ന്യൂഡൽഹി ∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ വെളിപ്പെടുത്തലുകളിൽ നിലപാട് വ്യക്തമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. കുറ്റാരോപിതരും അല്ലാത്തവരുമായവർ സ്ഥാനം രാജിവച്ചതു ധാർമിക ഉത്തരവാദിത്തം മാത്രമല്ലെന്നു തരൂർ അഭിപ്രായപ്പെട്ടു. ഇങ്ങനെയെല്ലാം സംഭവിക്കുന്ന സംവിധാനത്തിന്റെ തലപ്പത്തായിരുന്നു ഇവരെന്നതു കൊണ്ടു കൂടിയാണു രാജി. മോഹൻലാൽ ഉൾപ്പെടെ താരസംഘടന ‘അമ്മ’ നേതൃത്വത്തിന്റെ കൂട്ടരാജിയുടെ പശ്ചാത്തലത്തിൽ ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു തരൂർ.

‘‘മലയാള സിനിമയിലെ ലൈംഗികാതിക്രമ ആരോപണങ്ങ‌ളിൽ ഞാൻ നിരാശനാണ്. ഇപ്പോഴത്തെ മീ ടൂ തരംഗത്തിന് നേതൃത്വം നൽകുന്നതു കേരളമാണെന്നതിൽ അഭിമാനിക്കുന്നു. ആരോപണങ്ങളെ തുടർന്നു ‌രാജിവച്ച ആളുകളിൽ ചിലരുടെ പേരുകൾ പരാതിക്കാർ പറഞ്ഞിട്ടുണ്ട്. ആരോപണ വിധേയരും അല്ലാത്തവരും രാജിവച്ചതു ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു മാത്രമല്ല. ഇങ്ങനെ സംഭവിക്കാൻ അനുവദിച്ച സംവിധാനത്തിന്റെ മേൽനോട്ടം വഹിച്ചത് അവരാണ് എന്നതാണു വസ്തുത. ഇന്ത്യയിലാകെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കണമെങ്കിൽ സമൂഹത്തിന്റെ മൊത്തത്തിലുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണം.

സ്ത്രീകൾക്കെതിരായ ആക്രമണങ്ങളിൽ പലതും പുറത്തുവരുന്നുണ്ട്. നേരത്തേയും ഇങ്ങനെയുണ്ടെങ്കിലും 2012ലെ നിർഭയ സംഭവത്തിനും ഇപ്പോൾ കൊൽക്കത്തയിലെ ആർ.ജി. കർ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിനും ശേഷം കൂടുതൽ ചർച്ചയാകുന്നു. ഇത്രയും വർഷമായിട്ടും ഒന്നും മാറിയിട്ടില്ലെന്നാണ് ഇതു കാണിക്കുന്നത്. ദിവസവും പത്രം എടുക്കുമ്പോൾ എന്തെങ്കിലും സംഭവം കാണാം. എവിടെയെങ്കിലും ഒരു സ്ത്രീ ആക്രമിക്കപ്പെട്ടിട്ടുണ്ടാകും. അത് കോളജ് വിദ്യാർഥിനിയോ കുട്ടിയോ മധ്യവയസ്കയോ ആകാം. ഈ പ്രശ്നം പരിഹരിക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ ഇന്ത്യൻ പുരുഷന്മാരിൽ എന്തോ കുഴപ്പമുണ്ട്. സ്കൂൾ വിദ്യാർഥികൾക്കു ചെറുപ്പം മുതൽ ബോധവൽക്കരണം നൽകണം.

മറ്റെല്ലാ ചലച്ചിത്ര വ്യവസായങ്ങളിലും നടക്കുന്നുണ്ടെന്ന് എല്ലാവരും പറയുന്ന കാര്യങ്ങൾ തുറന്നുകാട്ടിയ ഇന്ത്യയിലെ ആദ്യ സ്ഥലം കേരളമാണെന്നതിൽ അഭിമാനമുണ്ട്. ‘ഇത് ശരിയല്ല’ എന്ന് കേരളമെങ്കിലും എഴുന്നേറ്റുനിന്നു പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന സിപിഎം 5 വർഷമായി ഹേമ കമ്മിറ്റി റിപ്പോർട്ട് മൂടിവച്ചു. ഇതു പൊറുക്കാനാകില്ല. റിപ്പോർട്ട് കിട്ടിയ ഉടൻ പുറത്തു വിടേണ്ടതായിരുന്നു. സിനിമാരംഗത്ത് സ്ത്രീകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണം. ശുചിമുറികളും വിശ്രമമുറികളും വേണം; അതു കൊൽക്കത്തയിലെ ആശുപത്രിയിലായാലും സിനിമാ സെറ്റിലായാലും നിർബന്ധമാണ്. സ്ത്രീകൾക്ക് സ്വന്തം ഇടവും അവിടെ സ്വതന്ത്രരായിരിക്കാനുമുള്ള അവകാശവും അംഗീകരിക്കപ്പെടണം’’– തരൂർ വ്യക്തമാക്കി.

English Summary:

"Something Wrong With Indian Men If...": Shashi Tharoor On #Mollywood MeToo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com