ആഷിഖ് അബുവിന് അംഗത്വം നഷ്ടമായിരുന്നു, രാജിവാർത്ത വിചിത്രം; ആരോപണങ്ങൾ അന്നേ നിർവീര്യമാക്കിയത്: ഫെഫ്ക
Mail This Article
കൊച്ചി∙ സംവിധായകൻ ആഷിഖ് അബു സംഘടനയിൽനിന്നു രാജിവച്ചതിൽ പ്രതികരണവുമായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ. എട്ടു വർഷത്തെ വാർഷിക വരിസംഖ്യ അടയ്ക്കാതിരുന്നതിനാൽ ആഷിഖിനു നേരത്തേതന്നെ അംഗത്വം നഷ്ടമായിരുന്നു. കുടിശികയായിരുന്ന 5000 രൂപ ഈ മാസം 12നാണ് അടച്ചത്. അംഗത്വം പുതുക്കുന്നത് എക്സ്ക്യുട്ടീവ് കമ്മിറ്റി ചർച്ച ചെയ്യാനിരിക്കെ രാജി വാർത്ത പ്രചരിച്ചത് വിചിത്രമാണെന്നും ഫെഫ്ക ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
അടച്ച തുക മടക്കിക്കൊടുക്കുമെന്നും അംഗത്വം പുതുക്കേണ്ടതില്ലെന്നു തീരുമാനിച്ചതായും ഫെഫ്ക വ്യക്തമാക്കി. നിർമാതാവിൽനിന്ന് കിട്ടാനുള്ള പ്രതിഫലത്തുക വാങ്ങിക്കൊടുത്തതിന്, ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന സിബി മലയിൽ കമ്മിഷൻ ചോദിച്ചെന്ന ആഷിഖിന്റെ ആരോപണവും ഫെഫ്ക തള്ളി.
വ്യാജ ആരോപണങ്ങളാണ് സംവിധായകൻ നടത്തുന്നതെന്നും ഈ കെട്ടിച്ചമച്ച ആരോപണത്തെ തെളിവ് നിരത്തി സംഘടന അന്ന് നിർവീര്യമാക്കിയതാണെന്നും ഫെഫ്ക വ്യക്തമാക്കി. പ്രസിഡന്റ് രൺജി പണിക്കർ, ജനറൽ സെക്രട്ടറി ജി.എസ്.വിജയൻ എന്നിവരുടെ പേരിലാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.