ADVERTISEMENT

കൊച്ചി ∙ ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെയും ഷംഷാബാദ് രൂപതുടെ ബിഷപ്പായി മാർ പ്രിൻസ് ആന്റണി പാണേങ്ങാടനെയും സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ നിയമിച്ചു. ഓഗസ്റ്റ് 19 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയയിൽ നടന്നുകൊണ്ടിരുന്ന മെത്രാൻ സിനഡാണ് ഇവരെ പുതിയ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുത്തത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉച്ച കഴിഞ്ഞ് 3.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും വത്തിക്കാനിലും നടന്നു. ഇരുവരുടെയും സ്ഥാനാരോഹണ തീയതി പിന്നീട് തീരുമാനിക്കും.

ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷനായിരുന്ന മാർ ജോസഫ് പെരുന്തോട്ടം 75 വയസ്സ് പൂർത്തിയായതിനെത്തുടർന്ന് രാജി വച്ച ഒഴിവിലേക്കാണ് മാർ തോമസ് തറയിൽ നിയമിതനായത്. നിലവിൽ അതിരൂപതയുടെ സഹായ മെത്രാനാണ്. ഷംഷാബാദ് രൂപതാധ്യക്ഷനായിരുന്ന മാർ റാഫേൽ തട്ടിൽ സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനാലാണ്, 2017ൽ സ്‌ഥാപിതമായ രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി നിലവിൽ ആദിലാബാദ് രൂപതാ മെത്രാനായ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ നിയോഗിക്കപ്പെട്ടത്.

മാർ തോമസ് തറയിലിനെ ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിച്ചുള്ള മേജർ ആർച്ച് ബിഷപ്പിന്റെ കൽപന മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസലർ ഫാ. എബ്രഹാം കാവിൽപുരയിടത്തിലും മാർ പ്രിൻസ് ആന്റണി പാണേങ്ങാടനെ ഷംഷാബാദ് രൂപതയുടെ മെത്രാനായി നിയമിച്ചുള്ള കല്‍പ്പന മേജർ ആർക്കി എപ്പിസ്കോപ്പൽ വൈസ് ചാൻസലർ ഫാ. ജോസഫ് മറ്റത്തിലും വായിച്ചു. തുടർന്ന് മേജർ ആർച്ച് ബിഷപ്പ്, ഇരുവരെയും ഷാൾ അണിയിച്ചും ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടവും ഷംഷാബാദ് രൂപതയുടെ അഡ്മിനിസ്ട്രേറ്റർ മാർ ജോസഫ് കൊല്ലംപറമ്പിലും ഇരുവർക്കും ബൊക്കെ നൽകി. പാലാ രൂപതാധ്യക്ഷനും പെർമനന്റ് സിനഡ് അംഗവുമായ മാർ ജോസഫ് കല്ലറങ്ങാട്ടും ആശംസകളർപ്പിച്ചു.

ചങ്ങനാശേരി അതിരൂപതാ സെന്റ് മേരീസ് മെത്രാപ്പൊലീത്തൻ കത്തീഡ്രൽ ഇടവകയിൽ തറയിൽ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകനായി 1972 ഫെബ്രുവരി രണ്ടിനു ജനിച്ച മാർ തോമസ് തറയിൽ കുറിച്ചി, വടവാതൂർ സെമിനാരികളിൽനിന്നു വൈദിക പഠനം പൂർത്തിയാക്കി. 2000 ജനുവരി ഒന്നിന് ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിൽ പൗരോഹിത്യ പദവിയിലേക്ക് ഉയർത്തി. അതിരമ്പുഴ ഫൊറോനാ പള്ളിയിൽ സഹവികാരിയായി വൈദിക ജീവിതം ആരംഭിച്ചു. തുടർന്ന് നെടുങ്കുന്നം, എടത്വ ഫൊറോനായിലെ കോയിൽമുക്ക് പള്ളികളിൽ സഹവികാരിയായും നെടുങ്കുന്നം ഫൊറോനയുടെ കീഴിലുള്ള താഴത്തുവടകര ഇടവകയിൽ വികാരിയായും ശുശ്രൂഷ ചെയ്തു. റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു ക്ലിനിക്കൽ സൈക്കോളജിയിൽ പിഎച്ച്ഡി നേടിയശേഷം 2011 മുതൽ പുന്നപ്ര ദനഹാലയയുടെ ഡയറക്ടർ ആയും 2012 മുതൽ ആർക്കിഎപ്പാർക്കിക്കൽ കൺസൽറ്റന്റായും സേവനമനുഷ്ഠിച്ചു. 2017 ജനുവരിയിൽ അദ്ദേഹത്തെ സഹായ മെത്രാനായി ഉയർത്തി. ധ്യാനഗുരുവും മനഃശാസ്ത്രജ്ഞനും പ്രസംഗകനും ഗായകനുമാണ്. ഇംഗ്ലിഷ്, ഇറ്റാലിയൻ, ജർമൻ, സ്പാനിഷ് ഭാഷകളിൽ പ്രാവീണ്യമുണ്ട്.

തൃശൂർ അതിരൂപതയിലെ അരിമ്പൂർ സെന്റ് ആന്റണീസ് ഇടവകയിൽ പി.ജെ.ദേവസ്സിയുടെയും എ.എം.കൊച്ചുത്രേസ്യായുടെയും രണ്ടാമത്തെ മകനായി 1977 മാർച്ച് 13നാണ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം സിഎംഐ സന്ന്യാസ സമൂഹത്തിൽ പരിശീലനം ആരംഭിച്ചു. നോവിഷ്യേറ്റു പഠനം പൂർത്തിയാക്കിയശേഷം അദ്ദേഹം ആദിലാബാദ് രൂപതയ്ക്കുവേണ്ടി വൈദികപരിശീലനം തുടർന്നു.

ബെംഗളൂരുവിലെ ധർമാരാം വിദ്യാക്ഷേത്രത്തിൽനിന്നു തത്വശാസ്ത്രവും ഉജ്ജയിനിലെ റൂഹാലയ മേജർ സെമിനാരിയിൽനിന്നു ദൈവശാസ്ത്രവും പൂർത്തിയാക്കി. 2007 ഏപ്രിൽ 25ന് മാർ ജോസഫ് കുന്നത്തിൽനിന്നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം കത്തീഡ്രൽ അസി. വികാരി, ഡാലിഗാഓൺ മിഷൻ സ്റ്റേഷൻ പ്രീസ്റ്റ് ഇൻ ചാർജ് എന്നീ നിലകളിൽ അജപാലന ശുശ്രൂഷകൾ ചെയ്‌തു. ഉപരിപഠനത്തിനായി റോമിലേക്കു അയ്ക്കപ്പെട്ട അദേഹം അവിടുത്തെ ഉർബാനിയൻ യൂണിവേഴ്‌സിറ്റിയിൽനിന്നു ബൈബിൾ വിജ്ഞാനീയത്തിൽ ഡോക്‌ടറേറ്റ് നേടി. പിന്നീടു രൂപതയിൽ തിരിച്ചെത്തിയ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ 2015 ഒക്ടോബറിലാണ് ആദിലാബാദ് രൂപതയുടെ രണ്ടാമത്തെ മെത്രാനായി അഭിഷിക്തനാകുന്നത്. മലയാളം, ഇംഗ്ലിഷ്, തെലുങ്ക്, ഇറ്റാലിയൻ, ജർമൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്.

English Summary:

Syro-Malabar Church New Archbishop for Changanassery and Bishop for Shamshabad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com