ADVERTISEMENT

തിരുവനന്തപുരം ∙ യുറോപ്പിലുടനീളം ചെറിയ രീതിയിൽ കുടിയേറ്റ സമരങ്ങൾ നടക്കുന്നുണ്ടെന്നും ഇത്തരം പ്രശ്നങ്ങൾ ബ്രിട്ടനിൽ സൃഷ്ടിക്കുന്നത് കുടിയേറ്റക്കാർ തന്നെയാണെന്നും യുകെയിലെ ആദ്യ മലയാളി എംപി സോജൻ ജോസഫ്. ഒരു രാജ്യത്ത് നമ്മൾ എത്തിയാൽ അവിടുത്തെ നിയമം അനുസരിക്കേണ്ട ഉത്തരവാദിത്തമുണ്ട്. റീൽസിന് വേണ്ടി ഹോൺ മുഴക്കി ആഘോഷം നടത്തുന്നത് യുകെയിൽ കുറ്റകരമാണ്. ലണ്ടൻ ബ്രിജിൽ മുണ്ടുടുത്തു നിൽക്കുന്ന ചിത്രം കാണാൻ ഭംഗിയുണ്ടാകും. എന്നാൽ ആ നാട്ടുകാരിൽ അതു സൃഷ്ടിക്കുന്ന ആഘാതം വലുതാണ്. അവിടെ എത്തുന്നവരെ ചേർത്തു പിടിക്കുന്ന രാജ്യമാണു ബ്രിട്ടൻ. പക്ഷേ, നിയമം പാലിച്ച് ജീവിക്കണം. മനോരമ ന്യൂസ് കോൺക്ലേവിൽ മാറ്റത്തിന്റെ കുടിയേറ്റത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സോജൻ ജോസഫ്. 

‘‘88 ശതമാനം സ്വദേശികളുള്ള സ്ഥലത്ത് നിന്നാണ് ഞാൻ തിരഞ്ഞെടുപ്പിൽ വിജയിച്ച് യുകെ പാർലമെന്റ് അംഗമായത്. കുടിയേറ്റക്കാരെ സ്വീകരിക്കില്ലെങ്കിൽ എന്നെപ്പോലെ ഒരാൾ എങ്ങനെയാണ് യുകെയിൽ വിജയിക്കുക. വിരലിലെണ്ണാവുന്ന മലയാളികളുള്ള സ്ഥലമാണ് അരിസ്ട്രോക്കാറ്റിക് മണ്ഡലം എന്നു പേരുള്ള ആഷ്ഫഡ്. അവിടെ കഠിനാധ്വാനം ചെയ്താണു ഞാൻ വിജയിച്ചത്. എന്നെ ആരും അവിടെ ഒന്നിനും മാറ്റി നിർത്തിയിട്ടില്ല. ഇന്ന് ഞാനും ആരെയും ഒന്നിലും മാറ്റി നിർത്താറില്ല. നിയമപരമല്ലാത്ത കുടിയേറ്റത്തെ വലിയ ആശയങ്കയോടെയാണു ബ്രിട്ടൻ കാണുന്നത്.

ബ്രിട്ടിഷ് ജനതയെക്കുറിച്ച് നമുക്ക് ഒരുപാട് തെറ്റിദ്ധാരണകളുണ്ട്. അവ ഇനിയെങ്കിലും തിരുത്തേണ്ടതുണ്ട്. കുടുംബ ബന്ധങ്ങൾക്ക് വലിയ വില കൊടുക്കുന്നവരാണ് അവർ. ഒരുമിച്ചുപോകാൻ കഴിഞ്ഞില്ലെങ്കിൽ വേർപിരിയുന്നത് അവിടെ വലിയ പ്രശ്നമല്ല. അവർ അതൊന്നും അധികം ചർച്ച ചെയ്യാറുമില്ല. ആണിനും പെണ്ണിനും ഒരേ നീതിയാണ് അവിടെ.’’ 

മാരത്തൺ പകർന്നു നൽകിയ ആത്മവിശ്വാസമാണു തന്റെ ജീവിതത്തിന്റെ കുതിപ്പ് എന്നു സോജൻ പറയുന്നു. ‘‘ജീവിതശൈലീ പ്രശ്നങ്ങൾ കണ്ടു തുടങ്ങിയപ്പോൾ ഡോക്ടറാണ് ഓട്ടത്തിലേക്ക് തിരിച്ചു വിട്ടത്. രണ്ടു വർഷത്തെ നിരന്തര കഠിന പരിശ്രമത്തിൽ 10 കിലോമീറ്റർ മാരത്തൺ ഓടി പൂർത്തിയാക്കി. 2014ൽ ലണ്ടൻ മാരത്തൺ വിജയകരമായി പൂർത്തിയാക്കി. തുടർന്നു പാരിസ് ഉൾപ്പെടെ ഒൻപത് രാജ്യാന്തര മാരത്തണുകൾ പൂർത്തിയാക്കി. അഭിമാനത്തോടെയാണ് ആ മെഡലുകൾ കാണുന്നത്. അതോടെ ശ്രമിച്ചാൽ എന്തും നടക്കുമെന്ന ആത്മവിശ്വാസം ലഭിച്ചു. ബ്രിട്ടിഷ് തിര‍ഞ്ഞെടുപ്പിൽ അടക്കം ഈ ആത്മവിശ്വാസം തുണയായി’’– സോജൻ പറയുന്നു. 

‘‘നഴ്സിങ് പഠിച്ച് എങ്ങനെയെങ്കിലും വിദേശത്തു പോയി പണം സമ്പാദിക്കുകയായിരുന്നു എന്റെയും ലക്ഷ്യം. സൈക്യാട്രിക് നഴ്സായായിരുന്നു തുടക്കം. ആ ജോലി തന്നെയാണ് പൊതുപ്രവർത്തനത്തിലേക്ക് നയിച്ചതും. ഒഴുക്കിന് എതിരെ നീന്തുന്ന ഒരാളാണ് ഞാൻ. തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കും. ആ നിലപാട് തന്നെയാണ് എന്നെ മാറ്റത്തിന്റെ മുഖമാക്കിയതും’’ – സോജൻ പറയുന്നു. കെന്റ് ആൻഡ് മെഡ്‌വേ എൻഎച്ച്എസ് ട്രസ്റ്റിലെ മെന്റൽ ഹെൽത്ത് ഡിവിഷനിൽ ഹെഡ് ഓഫ് നഴ്സിങ് ചുമതലയുള്ള ഡയറക്ടർ കൂടിയാണ് സോജൻ ജോസഫ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com