ADVERTISEMENT

തിരുവനന്തപുരം∙ വെറും 1000 രൂപയ്ക്ക് സ്കൂളുകളിൽ മഴമാപിനി സ്ഥാപിച്ച് മഴയുടെ കണക്ക് എടുക്കാമെന്ന് പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്സി മാത്യു കോൾ. ഓരോ ദിവസത്തെ കാലാവസ്ഥയും വിദ്യാർഥികൾക്ക് പരിശോധിക്കാവുന്നതാണ്. റോഡുകൾ, സ്കൂളുകൾ, മറ്റ് സ്ഥാപനങ്ങൾ‌, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ കാലാവസ്ഥാ വ്യതിയാനം ബാധിക്കാത്ത തരത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തണം. ആദ്യം മഴയും കാലാവസ്ഥയും കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം കൊണ്ടുവരിക.  ഓരോ സ്കൂളിലും മഴമാപിനിയും തെർമോമീറ്ററും സ്ഥാപിക്കാവുന്നതാണ്. ഇതിന് 1000–2000 രൂപ ചെലവേ വരികയുള്ളൂ. ഒരു സീസണിൽ ലഭിക്കേണ്ട മഴ ഇപ്പോൾ രണ്ടോ മൂന്നോ ദിവസം കൊണ്ടോ അല്ലെങ്കിൽ രണ്ട് മണിക്കൂറുകൾ കൊണ്ടോ ലഭിക്കുന്നു. പിന്നാലെ  ഉരുൾപൊട്ടൽ, പ്രളയം എന്നിവയുണ്ടാകുന്നു. തൊട്ടുപിന്നാലെ വരൾച്ചയും. ഇത് കാർഷിക രംഗത്തെയും ജനജീവിതത്തെയും ബാധിക്കുന്നു. മനോരമന്യൂസ് കോൺക്ലേവിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആഗോളതാപനം 1.2 ഡിഗ്രി സെൽഷ്യസിൽ എത്തിനിൽക്കുകയാണ്. ഇത് 2030 ആകുമ്പോൾ 1.5 ഡിഗ്രി സെൽഷ്യസ് ആകും. സമുദ്രനിരപ്പ് ഓരോ വർഷവും 3 മില്ലിമീറ്റർ വർധിക്കുന്നു. ചുഴലിക്കാറ്റിൽ 50 ശതമാനം വർധനവുണ്ടായി. അതിതീവ്ര മഴ, വെള്ളപ്പൊക്കം എന്നിവ 3 മടങ്ങ് വർധിച്ചു. ഉരുൾപൊട്ടലിന്റെ എണ്ണം വർധിച്ചു. ഇതെല്ലാം നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകി, ഇതുമായി ബന്ധപ്പെട്ട് നയങ്ങൾ ഉണ്ടാക്കാനുള്ള ശേഷി നമുക്കുണ്ട്. പക്ഷേ നാം അത് ചെയ്യുന്നില്ലെന്ന് റോക്സി മാത്യു പറയുന്നു. ഭൂവിനിയോഗ മാറ്റങ്ങൾ ദുരന്തങ്ങളുടെ ആഘാതം വർധിപ്പിക്കുന്നു. പശ്ചിമഘട്ടത്തിലുണ്ടായ മാറ്റങ്ങൾ ഇതിനുദാഹരണമാണ്.

കേരളത്തിൽ ചൂടിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും കൂടുതലാണ്. സമുദ്രത്തിൽ താപം കൂടുമ്പോൾ അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നു. ഇത് കാലവർഷത്തെ ബാധിക്കുന്നുണ്ട്. ഒരേ ദിവസത്തെ മഴക്കണക്കിൽ വലിയ വ്യത്യാസമാണുള്ളത്. മഴയും കാലാവസ്ഥയും കൃത്യമായി നിരീക്ഷിക്കാനുള്ള സംവിധാനം കൊണ്ടുവരണം. ജല–വൈദ്യുതി ആവശ്യങ്ങൾക്കായി സോളർ പാനലുകൾ, ജലസംഭരണികൾ സ്ഥാപിക്കുക. എല്ലാ വകുപ്പുകളും ചേർന്ന് മുൻകൂർ മുന്നറിയിപ്പുകൾ നൽകാനുള്ള സംവിധാനം ഉണ്ടാകണം.

ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലേറിയ പോലെ ചില രോഗങ്ങൾ കാലാവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. 2023ൽ ഡെങ്കിപ്പനി മൂലം മരിച്ചത് 153 പേരാണ്. ആരോഗ്യവകുപ്പിൽ നിന്നുള്ള ഡേറ്റ ഉണ്ടെങ്കിൽ ഡെങ്കിപ്പനിക്കായി ഒരു മുന്നറിയിപ്പ് സംവിധാനം തയാറാക്കാം. മൂന്ന് മാസം മുൻപ് തന്നെ നമുക്ക് പ്രവചിക്കാനാകും. അതിനായി വകുപ്പുകൾ തമ്മിൽ സഹകരണം ഉണ്ടാകണം. ഓരോ പഞ്ചായത്തിലെയും ഹോട്ട്‌സ്പോട്ടുകൾ കണ്ടെത്തി അതനുസരിച്ച് അവിടെ നയങ്ങൾ കൊണ്ടുവരണം.–റോക്സി മാത്യു കോൾ വ്യക്തമാക്കി.

English Summary:

Manorama News Conclave- Dr Roxy Mathew Koll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com