ബലാൽസംഗത്തിന് വധശിക്ഷ വേണം; 2027 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥ: രാജ്നാഥ് സിങ്
Mail This Article
തിരുവനന്തപുരം ∙ ബലാൽസംഗത്തിന് വധശിക്ഷ ഉറപ്പാക്കണമെന്നാണ് കേന്ദ്ര നയമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മനോരമ ന്യൂസ് കോൺക്ലേവ് 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം കുറയ്ക്കാൻ കേന്ദ്രം പലതും ചെയ്തെങ്കിലും, പല സംസ്ഥാനങ്ങളും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും കൊൽക്കത്തയിൽ മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഹോട്ടൽ ‘ഓ ബൈ താമര’യിൽ മനോരമ ന്യൂസ് കോൺക്ലേവിന് പ്രൗഢഗംഭീരമായ തുടക്കമായി.
2027ൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് പറഞ്ഞ രാജ്നാഥ് സിങ്, മോദി സർക്കാർ അധികാരത്തിൽവന്ന ശേഷം രാജ്യത്തിന്റെ സമസ്ത മേഖലകളിലും വന്ന മാറ്റങ്ങൾ ഓരോന്നും ഊന്നിപ്പറഞ്ഞു. ബംഗാളിലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ മന്ത്രി അപലപിച്ചു. വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിച്ച് തുടങ്ങിയ പ്രസംഗം അവസാനിപ്പിച്ചത് ലോകത്തിന്റെ ഭാവി ഇന്ത്യയിൽ കേന്ദ്രീകരിച്ചായിരിക്കുമെന്ന് വ്യക്തമാക്കിയാണ്.
മോദി സർക്കാർ അധികാരത്തിലിരുന്ന 10 വർഷത്തിൽ നമ്മുടെ രാജ്യം ഒട്ടേറെ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചതെന്നു രാജ്നാഥ് സിങ് പറഞ്ഞു. രാഷ്ട്രീയത്തിലും സാമ്പത്തിക വ്യവസ്ഥയിലുമെല്ലാം വലിയ മാറ്റമുണ്ടായി. മോദി സർക്കാർ അധികാരത്തിൽ വരുന്നതിനു മുൻപ് എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരുന്നു ഇന്ത്യക്കാർ. ഒന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം അതിനു മാറ്റം വന്നു. ചെറിയ കാര്യങ്ങളിൽ വരെ നരേന്ദ്ര മോദി ശ്രദ്ധ കേന്ദ്രീകരിച്ചു. അധികാരമേറ്റശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തിൽ വൃത്തിയെപ്പറ്റി പ്രധാനമന്ത്രി സംസാരിച്ചപ്പോള്‍ പലരും അദ്ഭുതപ്പെട്ടു. എന്തുകൊണ്ടാണ് മോദി വൃത്തിയെപ്പറ്റി സംസാരിക്കുന്നത് എന്നാണ് അവർ ചിന്തിച്ചത്. പ്രധാനമന്ത്രി ചൂലെടുത്ത് സ്വച്ഛ് ഭാരത് എന്ന വിപ്ലവത്തിന് തുടക്കമിട്ടപ്പോൾ രാജ്യം അദ്ദേഹത്തിനൊപ്പം നിന്നു. എല്ലാ വീടുകളിലും ശുചിമുറി ഉറപ്പു നൽകി. വനിതകളുടെ ആത്മാഭിമാനത്തെയും സുരക്ഷയെയും ഉയർത്തുന്ന ആരോഗ്യത്തെ സംരക്ഷിക്കുന്ന തീരുമാനമായി അത് മാറി.
ബാങ്കുകളുടെ ദേശസാൽക്കരണം നടന്ന് വർഷങ്ങളായിട്ടും ഗ്രാമീണരിൽ പലർക്കും ബാങ്ക് അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി ജൻധൻ യോജന വന്നതോടെ എല്ലാവർക്കും ബാങ്ക് അക്കൗണ്ടായി. ബാങ്ക് ഉദ്യോഗസ്ഥർ ഗ്രാമങ്ങളിലെത്തി സാധാരണക്കാരെ ബാങ്കിങ് സംവിധാനത്തിന്റെ ഭാഗമാക്കി. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം കുറയ്ക്കാൻ കേന്ദ്രം പലതും ചെയ്തെങ്കിലും, പല സംസ്ഥാനങ്ങളും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നു രാജ്നാഥ് സിങ് പറഞ്ഞു. കൊൽക്കത്തയിൽ മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം ഉദാഹരണമാണ്. ബലാത്സംഗം പോലുള്ളവയ്ക്ക് വധശിക്ഷ നൽകുന്നത് ഉള്‍പ്പെടെ ഉറപ്പാക്കണമെന്നാണ് കേന്ദ്ര നയമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ മേഖലയിൽ രാജ്യം സ്വയംപര്യാപ്തതയിലേക്ക് അതിവേഗം നീങ്ങുകയാണ്. സേനകളിൽ സ്ത്രീ പ്രാതിനിധ്യം വർധിച്ചു. സൈനിക സ്കൂളുകളിൽ വനിതകൾക്ക് പ്രവേശനം അനുവദിച്ചു. എന്‍ഡിഎ പരീക്ഷ ഇപ്പോൾ വനിതകളും എഴുതുന്നു. പ്രതിരോധ മേഖലയിൽ രാജ്യം സ്വയംപര്യാപ്തത നേടി. നേരത്തെ 65–70% ആയുധങ്ങളും ഇറക്കുമതി ചെയ്യുകയായിരുന്നു. ഇപ്പോൾ ഇറക്കുമതി 35 ശതമാനമായി കുറഞ്ഞു. 2029ൽ 50000 കോടിരൂപയുടെ പ്രതിരോധ ഉൽപന്ന കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്.
ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ വർധിച്ചു. യുക്രൈയ്നും റഷ്യയും ഒരേസമയം സന്ദർശിച്ച ലോക നേതാവ് നരേന്ദ്ര മോദിയാണ്. മോദി യുക്രൈയ്നിൽ സന്ദർശനം നടത്തുന്ന ഘട്ടത്തിൽ റഷ്യ ആക്രമണം താൽക്കാലികമായി അവസാനിപ്പിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളുമായും അയൽരാജ്യങ്ങളുമായുള്ള ബന്ധം മോദി സർക്കാർ ദൃഢമാക്കിയതായും രാജ്നാഥ് സിങ് പറഞ്ഞു. ‘‘നിങ്ങൾക്ക് ഭാവിയുടെ ലോകം കാണണമെങ്കിൽ, ഭാവി അനുഭവിച്ചറിയണമെങ്കിൽ, ഭാവിയിന്മേൽ പ്രവർത്തിക്കണമെങ്കിൽ ഇന്ത്യയിലേക്ക് വരൂ...’’ എന്ന, ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റിയുടെ വാക്കുകളോടെയാണ് രാജ്‌നാഥ് സിങ് പ്രസംഗം അവസാനിപ്പിച്ചത്. ‘ചെയ്ഞ്ച് മേക്കേഴ്സ്’എന്ന വിഷയത്തിലാണ് കോൺക്ലേവ്.
വൈകിട്ട് 6 ന് സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. ‘കേരളം മാറ്റത്തിന്റെ പാതയിലാണോ’ എന്ന വിഷയത്തിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.സി.വേണുഗോപാൽ, മന്ത്രി പി.രാജീവ്, ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി.മുരളീധരൻ എന്നിവർ ചർച്ച നടത്തും. മനോരമ ന്യൂസ് അവതാരകരെ സ്പീക്കർ എ.എൻ.ഷംസീർ ‘ദ് കൗണ്ടർ ക്വസ്റ്റ്യൻ’ സെഷനിൽ ചോദ്യം ചെയ്യും.
‘ഇന്ത്യ കേൾക്കേണ്ട ശബ്ദം’സെഷനിൽ കോൺഗ്രസ് എംപി ശശികാന്ത് സെന്തിൽ, ബിജെപി ദേശീയ വക്താവ് അനിൽ ആന്റണി, എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ദിപ്ഷിത ധർ എന്നിവരും ‘കുടിയേറ്റത്തിന്റെ മുഖംമാറ്റം’ എന്ന സെഷനിൽ യുകെയിലെ ആദ്യ മലയാളി എംപി സോജൻ ജോസഫും മണിപ്പുരിലെ അകലുന്ന പരിഹാരത്തെക്കുറിച്ച് ജെഎൻയു പ്രഫസർ കൂടിയായ ഇന്നർ മണിപ്പുർ എംപി ഡോ.ബിമൽ അകോയ്ജവും സംവദിക്കും. ‘നമ്മൾ സ്വപ്നം കാണുന്ന മാറ്റം’ എന്ന വിഷയത്തിൽ ചീഫ് സെക്രട്ടറി ഡോ.വി.വേണുവും നിയുക്ത ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ആശയങ്ങൾ പങ്കുവയ്ക്കും.
കാൻ ചലച്ചിത്രോത്സവത്തിൽ ഗ്രാൻപ്രി പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ സിനിമയിലെ അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം, ആനന്ദ് സമി, അസീസ് നെടുമങ്ങാട്, ഹൃദു ഹാറൂൺ എന്നിവരെ ആദരിച്ചു.