5 വർഷത്തിനുള്ളിൽ എയിംസ്, ഇല്ലെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കും: സുരേഷ് ഗോപി
Mail This Article
തിരുവനന്തപുരം ∙ ന്യായമില്ലാത്ത ശബ്ദവുമായി ആരു വന്നാലും ഇനിയും കലിപ്പിലായിരിക്കുമെന്ന് സുരേഷ് ഗോപി. ഉന്നയിക്കുന്ന ആരോപണത്തിനും ചോദിക്കുന്ന ചോദ്യത്തിനും അത് ചോദിക്കുന്ന മുഹൂർത്തത്തിനും ന്യായം ഉണ്ടാകണമെന്നും സുരേഷ് ഗോപി പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 5 വർഷത്തിനുള്ളിൽ എയിംസ് വന്നില്ലെങ്കിൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
‘‘അമ്മയോട് സഹാനുഭൂതിയില്ല. എന്റെ പക്ഷം ഞാൻ 2017 മുതൽ പറയുന്നുണ്ട്. അംഗമെന്ന നിലയിലല്ല മനുഷ്യനെന്ന നിലയിൽ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എന്റെ നയം മാറിയിട്ടില്ല. രാഷ്ട്രീയം അതിന് ബാധകമായിട്ടില്ല’’– സുരേഷ് ഗോപി പറഞ്ഞു.
സിനിമയിൽ അഭിനയിക്കാൻ കഴിയുമോ എന്ന കാര്യം നേതാക്കൾ തീരുമാനിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആവശ്യമുള്ള സിനിമകൾ മാത്രമേ ചെയ്യാൻ ഉദ്ദേശിക്കുന്നുള്ളൂ. അതിനനുസരിച്ച് ഷെഡ്യൂൾ പ്ലാൻ ചെയ്യും. അങ്ങനെ കഴിയുമെന്ന് കരുതുന്നു. അഭിഭാഷകർ മന്ത്രിമാരായപ്പോഴും അവരുടെ ഓഫിസും ജീവനക്കാരും പ്രവർത്തിച്ചിരുന്നു. വരുമാനവും ലഭിച്ചിരുന്നു. കമ്പനിക്കാണ് കേസും വരുമാനവും ലഭിക്കുന്നത്. അവസാന ശ്വാസംവരെ അഴിമതിക്കാരനാകരുത്. സിനിമ വരുമാന മാർഗമാണ്. എനിക്കും മക്കളുണ്ട്. സിനിമയിൽ അഭിനയിക്കുന്ന കാര്യം നേതാക്കൾ തീരുമാനിക്കും’’– അദ്ദേഹം വ്യക്തമാക്കി.
‘‘2016ൽ രാജ്യസഭാ എംപിയായ കാലം മുതൽ പല ഉത്തരേന്ത്യൻ ചാനലുകളിലും കോൺക്ലേവ് ആരംഭിച്ചു. 2017 മുതൽ അതിൽ പങ്കെടുക്കാൻ പലരും വിളിക്കാറുണ്ട്. പക്ഷേ പല കാരണങ്ങളാൽ പങ്കെടുത്തില്ല. മാറ്റങ്ങളുടെ പേരിൽ എന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണിത്. ജീവിതത്തിലെ ആദ്യ കോൺക്ലേവാണ്. പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം. കോൺക്ലേവിൽ എത്താൻ വഴി തിരിച്ചത് രാഷ്ട്രീയത്തിലുണ്ടായ മാറ്റമാണ്. തൃശൂരിലെ ജനങ്ങളാണ് മാറ്റം ഉണ്ടാക്കിയത്. വലിയ ഉത്തരവാദിത്തബോധമുണ്ട്’’– സുരേഷ് ഗോപി പറഞ്ഞു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് മനോരമ ന്യൂസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തത്. ബലാൽസംഗത്തിന് വധശിക്ഷ ഉറപ്പാക്കണമെന്നാണ് കേന്ദ്ര നയമെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമം കുറയ്ക്കാൻ കേന്ദ്രം പലതും ചെയ്തെങ്കിലും, പല സംസ്ഥാനങ്ങളും കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും കൊൽക്കത്തയിൽ മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം ഉദാഹരണമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വയനാട്ടിലെ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അര്‍പ്പിച്ചായിരുന്നു പ്രതിരോധ മന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനു തുടക്കം.
2027 ഓടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ കോവിഡിനു ശേഷം തളർന്നപ്പോൾ ഇന്ത്യ വളരുകയാണുണ്ടായത്. ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് രാജ്യങ്ങളിലൊന്നാണ്. സാമ്പത്തിക വളർച്ചയുടെ കാര്യത്തിൽ ‘ഫാബുലസ് 5’ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിരിക്കുന്നു. 2 വർഷമായി. ഇന്ത്യയുടേതാണ് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.
‘ചെയ്ഞ്ച് മേക്കേഴ്സ്’എന്ന വിഷയത്തിലാണ് കോൺക്ലേവ്. വൈകിട്ട് 6ന് സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. തത്സമയ സംപ്രേഷണം മനോരമ ന്യൂസ് ചാനലിലും www.manoramanews.com, മനോരമ മാക്സ് എന്നിവയിലും.