ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്, മുകേഷിന്‍റെ രാജിക്കായി സമ്മർദം, രാജിവച്ച് ആഷിഖ് അബു: അറിയാം പ്രധാനവാർത്തകൾ
Mail This Article
സിനിമാ മേഖലയിലെ ലൈംഗികാതിക്രമം സംബന്ധിച്ച വെളിപ്പെടുത്തലുകളെ തുടർന്നുണ്ടായ വിവാദങ്ങൾ തുടരുന്നു. നടൻ ജയസൂര്യയ്ക്കെതിരെ ഒരു കേസ് കൂടി റജിസ്റ്റർ ചെയ്തു. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പിഗ്‍മാൻ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണു തനിക്കെതിരെ ജയസൂര്യയുടെ ഭാഗത്ത് നിന്നും അതിക്രമം ഉണ്ടായതെന്നു നടി പറഞ്ഞു.
സിനിമാ പീഡനത്തിൽ പ്രതിയായ കൊല്ലം എംഎൽഎ മുകേഷിന്‍റെ രാജിക്ക് സമ്മർദ്ദം ഉയരുന്നതിനിടെ ധാർമികത മുൻനിർത്തി മുകേഷ് മാറി നിൽക്കണമെന്ന സിപിഐ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചു. മുകേഷ് മാറിയേ തീരൂവെന്നാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചത്.
സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്നും രാജിവച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്നു ചൂണ്ടിക്കാട്ടിയാണു രാജി.
അതേസമയം, ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യയ്ക്കു വേങ്ങേരി സർവിസ് സഹകരണ ബാങ്കിൽ ജോലി നൽകി സഹകരണ വകുപ്പിന്റെ ഉത്തരവിറങ്ങി.
മനോരമ ന്യൂസ് കോൺക്ലേവ് ഇന്നു തലസ്ഥാനത്ത് നടന്നു. ഹോട്ടൽ ‘ഓ ബൈ താമര’യിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. ‘ചെയ്ഞ്ച് മേക്കേഴ്സ്’ എന്ന വിഷയത്തിലാണ് കോൺക്ലേവ് നടന്നത്.