ഹരിയാനയിൽ തിരഞ്ഞെടുപ്പ് തീയതി മാറ്റി; വോട്ടെടുപ്പ് ഒക്ടോബർ 5ന്, വോട്ടെണ്ണൽ 8ന്
Mail This Article
ന്യൂഡൽഹി∙ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണൽ തീയതികളിൽ മാറ്റം. വോട്ടെടുപ്പ് ഒക്ടോബർ ഒന്നിൽ നിന്ന് അഞ്ചിലേക്കാണ് മാറ്റിയത്. ബിഷ്ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണു തീരുമാനം. ഹരിയാനയിലും ജമ്മു കശ്മീരിലും വോട്ടെണ്ണൽ ഒക്ടോബർ 8ന് നടക്കും. രണ്ട് സംസഥാനങ്ങളിലും വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ് നടത്താനിരുന്നത്.
ജമ്മു കശ്മീരിൽ 3 ഘട്ടമായാണു വോട്ടെടുപ്പ്. ആദ്യഘട്ട തിരഞ്ഞെടുപ്പ് സെപ്റ്റംബർ 18 നു നടക്കും. രണ്ടാം ഘട്ടം സെപ്റ്റംബര്‍ 25, അവസാനഘട്ടം ഒക്ടോബര്‍ ഒന്ന് എന്നിങ്ങനെ നടക്കും. ഹരിയാനയിൽ ഒറ്റഘട്ടമായാണു വോട്ടെടുപ്പ്. തിരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്നു ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ ഒന്നാം തീയതിക്കു മുന്‍പും പിന്‍പും അവധി ദിനങ്ങള്‍ വരുന്നുണ്ടെന്നും ഇതു പോളിങ് ശതമാനത്തെ ബാധിച്ചേക്കുമെന്നും ചൂണ്ടിക്കാണിച്ചാണു ബിജെപിയുടെ ഹരിയാന ഘടകം അധ്യക്ഷന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്.
സെപ്റ്റംബര്‍ 28 ശനിയാഴ്ച പലര്‍ക്കും അവധിയാണ്. തൊട്ടടുത്ത ദിവസമായ ഞായറാഴ്ചയും അവധിയാണ്. ഒക്ടോബര്‍ ഒന്ന് പോളിങ് ദിവസമായതിനാല്‍ അവധിയാണ്. തൊട്ടടുത്ത ദിവസം ഒക്ടോബര്‍ രണ്ടും മഹാരാജ അഗ്രസെന്‍ ജയന്തി പ്രമാണിച്ചു ഒക്ടോബര്‍ മൂന്നും അവധിയാണെന്നു തിരഞ്ഞെടുപ്പ് കമ്മിഷനും വിശദീകരിച്ചു. അതേസമയം, തിരഞ്ഞെടുപ്പിനു മുന്നേതന്നെ ബിജെപി ഭയപ്പാടിലായെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പരാജയം മുന്നില്‍ക്കണ്ടാണു തിരഞ്ഞെടുപ്പ് തീയതി മാറ്റുന്നതെന്നാണു കോണ്‍ഗ്രസ് വിമർശനം.