ADVERTISEMENT

മുംബൈ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറഞ്ഞെങ്കിലും ഛത്രപതി ശിവാജി മഹാരാജ് പ്രതിമ തകർന്നു വീണത് രാഷ്ട്രീയ വിഷയമാക്കി നിലനിർത്താൻ പ്രതിപക്ഷമായ മഹാവികാസ് അഘാഡി. നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷം കൂടുതൽ പ്രതിഷേധങ്ങൾക്ക് ഒരുങ്ങുകയാണ്. ഞായറാഴ്ച ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ പ്രതിഷേധ റാലി സംഘടിപ്പിക്കും. പ്രധാനമന്ത്രി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഇന്നലെ മുംബൈ കോൺഗ്രസ് അധ്യക്ഷയും എംപിയുമായ വർഷ ഗായ്ക്ക്‌വാഡിന്റെ നേതൃത്വത്തിൽ ദാദറിലെ ശിവാജി പാർക്കിൽ വലിയ പ്രതിഷേധം നടന്നു.

ബികെസിയിലെ ജിയോ വേൾഡ് സെന്ററിൽ നടന്ന ഫിൻടെക് സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതിഷേധം. പ്രധാനമന്ത്രി മാപ്പുപറഞ്ഞത് രാഷ്ട്രീയ വിജയമായാണ് പ്രതിപക്ഷം കാണുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും മാപ്പു പറഞ്ഞിരുന്നു. തകർന്നുവീണ പ്രതിമയ്ക്കു പകരം വലിയ പ്രതിമ സർക്കാർ നിർമിക്കുമെന്ന ഉറപ്പും നൽകി. സംസ്ഥാനസർക്കാർ 2.44 കോടി രൂപ നൽകുകയും നാവികസേനയുടെ മേൽനോട്ടത്തിൽ നിർമിക്കുകയും ചെയ്ത പ്രതിമ കഴിഞ്ഞ വർഷം ഡിസംബർ 4നാണ് അനാഛാദനം ചെയ്തത്. ശക്തമായ കാറ്റിൽ പ്രതിമ തകർന്ന് വീണെന്നാണ് സർക്കാരിന്റെ വിശദീകരണം.

സിന്ധുദുർഗ് കോട്ടയിൽ പുതിയ ശിവാജി പ്രതിമ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് 2 സാങ്കേതിക സമിതികളെ സർക്കാർ നിയോഗിച്ചു. തകർച്ചയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്താൻ മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സമിതിയെയും പ്രതിമ തകർന്നിടത്ത് പുതിയതു സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ അന്വേഷിക്കാൻ പൊതുമരാമത്ത് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെയുമാണ് സംസ്ഥാന സർക്കാർ നിയോഗിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സമിതിയുടെ ഭാഗമായ ശിൽപികളുമായി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ കൂടിക്കാഴ്ച നടത്തി.

ശിവാജി പ്രതിമ തകർന്നുവീണ സ്ഥലം വിമത വിഭാഗം എൻസിപി നേതാവ് അജിത് പവാർ  സന്ദർശിച്ചു. പാർട്ടി നേതാവ് സുനിൽ താക്കറെയുടെ കൂടെയാണ് അജിത് പവാർ എത്തിയത്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവർ ഇതുവരെ സ്ഥലം നേരിട്ട് സന്ദർശിച്ചിട്ടില്ല. സംഭവത്തിൽ മന്ത്രിസഭയിൽ നിന്ന് ആദ്യം പൊതുമാപ്പ് പറഞ്ഞതും അജിത് പവാറാണ്. ഇതുമായി ബന്ധപ്പെട്ട ഷിൻഡെ വിഭാഗം ശിവസേന, ബിജെപി എന്നിവർ മൗനം പാലിച്ചപ്പോൾ സംഭവത്തിൽ അനുശോചനം അറിയിച്ച് സംസ്ഥാനത്തുടനീളം മൗനജാഥ സംഘടിപ്പിക്കാനും, ജില്ലാ കമ്മിറ്റികൾക്കു കീഴിൽ കലക്ടർമാർക്ക് നിവേദനം കൊടുക്കാനും എൻസിപി അജിത് പവാർ വിഭാഗം നിർദേശം നൽകിയിരുന്നു.

ശിവാജി പ്രതിമ തകർന്നുവീണ സംഭവത്തിൽ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലായി നിൽക്കെ സർക്കാരിനെതിരെ അഴിമതി ആരോപണവുമായി എൻസിപി നേതാവും എംഎൽഎയുമായ രോഹിത് പവാർ രംഗത്തെത്തി. പ്രതിമ നിർമാണത്തിന് 2.4 കോടിയോളമാണ് സർക്കാർ ചെലവാക്കിയത്. എന്നാൽ പ്രധാനമന്ത്രി, കേന്ദ്ര പ്രതിരോധ മന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന ഉപമുഖ്യമന്ത്രി എന്നിവർക്ക് ശിവാജി പ്രതിമയുടെ അടുത്തേക്ക് വരാനായി താൽക്കാലിക ഹെലിപാഡിന് മാത്രമായി 2 കോടിയിലേറെ രൂപ ചെലവാക്കിയിട്ടുണ്ട്. വലിയ അഴിമതിയാണ് നടന്നത്. ആവശ്യമായ അന്വേഷണം നടത്തണമെന്നും എംഎൽഎ പറഞ്ഞു. വീടിനെക്കാൾ ചെലവാണ് വാതിലിന് എന്ന് പറഞ്ഞാണ് അദ്ദേഹം സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്.

പ്രതിമ തകർന്നുവീണ സംഭവത്തിൽ നരഹത്യാക്കുറ്റം ചുമത്തപ്പെട്ട സ്ട്രക്ചറൽ എൻജിനീയർ ചേതൻ പാട്ടീലിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി പന്ത്രണ്ടരയോടെ കോലാപുരിൽ വച്ച് അറസ്റ്റ് ചെയ്ത ഇയാളെ സിന്ധുദുർഗ് പൊലീസിന് കൈമാറി. നിരപരാധിയാണെന്നും പ്രതിമ സ്ഥാപിക്കാനാവശ്യമായ നിലം ഒരുക്കുക മാത്രമാണ് ചെയ്തതെന്നും ബാക്കി പണികൾ പുണെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കമ്പനിയാണ് ചെയ്തതെന്നും പാട്ടീൽ പറഞ്ഞിരുന്നു.

English Summary:

PM Modi Apologizes for Shivaji Statue Collapse, Opposition Plans More Protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com