ADVERTISEMENT

ഇംഫാൽ ∙ മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായി. ഡ്രോണുകൾ ഉപയോഗിച്ചുള്ള ബോംബേറിൽ 2 പേർ കൊല്ലപ്പെട്ടു. 9 പേർക്കു പരുക്കേറ്റു. ‘കുക്കി വിമതരെന്നു സംശയിക്കുന്ന’ ആളുകളാണ് ആക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. സ്‌നിപ്പർമാരെയും ഡ്രോൺ ബോംബുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നു ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇവരുടെ 12 വയസ്സുള്ള മകൾക്കു പരുക്കുണ്ട്. മറ്റൊരാൾ കൂടി കൊല്ലപ്പെട്ടതായും മരണസംഖ്യ രണ്ടായെന്നും സംസ്ഥാന പൊലീസും ആഭ്യന്തര വകുപ്പും പ്രസ്താവനകളിൽ അറിയിച്ചു. പൊലീസ് കമാൻഡോയാണു മരിച്ചതെന്നാണു സൂചന. 2 പൊലീസുകാർ ഉൾപ്പെടെ മറ്റു 8 പേർക്കു പരുക്കേറ്റു. ജനവാസ മേഖലയിൽ ഡ്രോണുകൾ ഉപയോഗിച്ചു ബോംബെറിഞ്ഞതു സ്ഥിതി ഗുരുതരമാക്കുമെന്ന് ആശങ്കയുണ്ടെന്നു ദൃക്സാക്ഷികൾ പറഞ്ഞു. നേരത്തേ നിരീക്ഷണത്തിനായി ഡ്രോണുകൾ ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്. മണിപ്പൂർ കലാപത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള ബോംബേറ് സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കും വലിയ ഭീഷണിയാകുമെന്നാണു വിലയിരുത്തൽ.

ഡ്രോൺ ബോംബിൽ നിന്നുള്ള ചീളുകൾ ഒരു പൊലീസുകാരന്റെ കാലിൽ തട്ടിയെന്നും സായുധ ഡ്രോണുകളെ കണ്ടതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഉച്ചയ്ക്കു 2.35ന് കാങ്‌പോക്‌പിയിലെ നാഖുജാങ് ഗ്രാമത്തിൽനിന്ന് ഇംഫാൽ വെസ്റ്റിലെ കഡാങ്‌ബാന്റിലേക്കാണ് ആക്രമണം തുടങ്ങിയത്. പ്രദേശത്തെ ഓരോ വീടിനുമേലും ഒരു ഡ്രോൺ വീതം ബോംബ് വർഷിച്ചെന്നു കഡാങ്‌ബാൻഡിലെ താമസക്കാർ പറഞ്ഞു. ആക്രമണത്തിന്റെയും ആളുകൾ ഭയന്നോടുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. യുദ്ധങ്ങളിൽ ഡ്രോൺ ബോംബുകൾ ഉപയോഗിക്കാറുണ്ടെങ്കിലും സുരക്ഷാ സേനയ്ക്കും സാധാരണക്കാർക്കുമെതിരെ ഉപയോഗിക്കുന്നതു പതിവില്ലാത്തതാണെന്നു മണിപ്പൂർ പൊലീസ് എക്സിൽ അഭിപ്രായപ്പെട്ടു.

2023 മേയ് മൂന്നിനാണു മെയ്തെയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷം തുടങ്ങിയത്. മെയ്തെയ് വിഭാഗക്കാർക്കു പട്ടികവർഗ പദവി നൽകണമെന്ന ആവശ്യം ശക്തമായതാണു കാരണം. നിരവധി പേർ കൊല്ലപ്പെട്ടു. ആയിരക്കണക്കിനു വീടുകളും കെട്ടിടങ്ങളും അഗ്നിക്കിരയായി. പതിനായിരക്കണക്കിനു പ്രദേശവാസികൾ പലായനം ചെയ്തു. യുവതികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്ന വാർത്തയോടെ മണിപ്പൂർ രാജ്യന്തരതലത്തിലും ചർച്ചയായി.

English Summary:

Two Dead, Nine Injured as Drone Bombing Fuels Manipur Violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com