ADVERTISEMENT

കൊച്ചി ∙ സ്വര്‍ണക്കടത്തും കൊലപാതകവും ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടക്കുന്നതു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന സിപിഎം എംഎല്‍എ പി.വി.അൻവറിന്റെ വെളിപ്പെടുത്തല്‍ സിബിഐ അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗുരുതര ആരോപണമാണു ഭരണകക്ഷി എംഎല്‍എ ഉന്നയിച്ചത്. കൊലപാതകം നടത്തുന്ന എഡിജിപി, പിന്തുണ നല്‍കുന്ന മുഖ്യമന്ത്രിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും, കാലു പിടിക്കുന്ന എസ്പി, ഗുണ്ടാസംഘം പോലും നാണിക്കുന്ന രീതിയില്‍ പെരുമാറുന്ന മുഖ്യമന്ത്രിയുടെ ഓഫിസ്, അതിന് സംരക്ഷണം നല്‍കുന്ന രാഷ്ട്രീയ നേതൃത്വം. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സിപിഎം എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര ആരോപണങ്ങളാണിത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണു കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം സത്യമാണെന്നു തെളിഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസില്‍ സ്വര്‍ണക്കടത്ത് ഒളിച്ചുവയ്ക്കുന്നതിന് ഒരാളുടെ കൊലപാതകം നടത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ അറിവോടെയാണ് അയാളെ എഡിജിപി കൊലപ്പെടുത്തിയത്. സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായും സ്വര്‍ണക്കടത്തു സംഘവുമായും വീണ്ടും മുഖ്യമന്ത്രിയുടെ ഓഫിസിന് ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് ഉയര്‍ത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്തു നടത്തിയതിന്റെ പേരില്‍ ജയിലിലായ ആളാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടക്കുന്നതു മുഴുവന്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നാണ് അൻവർ പറയുന്നത്. 

ക്രമസമാധാന ചുമതലയുള്ള എഡിജിപി ബിജെപിയെ സഹായിക്കുന്നെന്നാണു പറയുന്നത്. ബിജെപിയുമായി ബന്ധമുണ്ടെന്നതായിരുന്നു ഇ.പി.ജയരാജനെതിരായ ആരോപണം. പക്ഷേ തിരഞ്ഞെടുപ്പു കാലത്ത് മുഖ്യമന്ത്രി അതിനെ ന്യായീകരിച്ചു. പ്രകാശ് ജാവഡേക്കറുമായി ബന്ധപ്പെട്ടതു കൊണ്ട് കുഴപ്പമില്ലെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. താനും ആറേഴ് തവണ ജാവഡേക്കറെ കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയെ സഹായിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ അറിവോടെയാണു തൃശൂര്‍ പൂരം പൊലീസ് കലക്കിയതെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. രണ്ട് മന്ത്രിമാര്‍ സ്ഥലത്തുണ്ടായിട്ടും ഒരു കമ്മിഷണര്‍ രാവിലെ പതിനൊന്നു മുതല്‍ രാത്രി മുഴുവന്‍ പൂരം അലങ്കോലമാക്കി. അത് മുഖ്യമന്ത്രി അറിഞ്ഞില്ലേ? ഇതേ ആരോപണമാണ് ഇപ്പോള്‍ അൻവറും ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് ഇത്രത്തോളം അധഃപതിച്ച ഒരു കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടുണ്ടോ?

പത്തനംതിട്ട എസ്‌പിയും സിപിഎം എംഎല്‍എയും തമ്മില്‍ നടത്തിയ സംഭാഷണം ഞെട്ടിക്കുന്നതാണ്. എഡിജിപിയുടെ അളിയന്മാര്‍ പൈസയുണ്ടാക്കുന്നു, എല്ലാ വൃത്തികേടുകള്‍ക്കും കൂട്ടു നില്‍ക്കുന്നു, മുഖ്യമന്ത്രിയുടെ ഓഫിസ് അതിനെല്ലാം കുടപിടിച്ചു കൊടുക്കുന്നു, ഒരു എസ്പി മറ്റു എസ്പിമാരെ കുറിച്ചും എഡിജിപിയെ കുറിച്ചും മോശം പറയുന്നു. ഇതൊക്കെ പറയുന്നത് പ്രതിപക്ഷമല്ല, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എംഎല്‍എയാണ്. മുഖ്യമന്ത്രി പറഞ്ഞാല്‍ എന്തും ചെയ്യുന്ന എംഎല്‍എയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും തുടരാന്‍ യോഗ്യതയില്ല. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരെയും അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും പുറത്താക്കണം. മുഖ്യമന്ത്രി തന്നെ രാജിവച്ചു പോയാൽ മറ്റാരെയും പുറത്താക്കേണ്ടതില്ല. മന്ത്രിമാരുടെ ഫോണ്‍ പോലും എഡിജിപി ചോര്‍ത്തുന്നു എന്നത് ഗുരുതര ആരോപണമാണ്. കുറെ രഹസ്യങ്ങള്‍ അറിയാമെന്ന ഭയത്താലാകും അന്‍വറിനെ സിപിഎം സംരക്ഷിക്കുന്നത്– സതീശൻ പറഞ്ഞു.

English Summary:

VD Satheesan slams government CPM mla revelations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com