ADVERTISEMENT

കൊച്ചി ∙ പി.വി.അൻവർ എംഎൽഎയുടെ ഗുരുതര ആരോപണങ്ങളിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. സിയാലിൽ എയ്‌റോലോഞ്ച് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു ചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ സംസ്ഥാന പൊലീസ് മേധാവിയിൽനിന്നു മുഖ്യമന്ത്രി റിപ്പോർട്ട് തേടി.

എം.ആർ.അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണു അൻവർ ഉന്നയിച്ചത്. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ഫോണുകൾ വരെ ചോർത്തുന്നു. എഡിജിപിയും പൊളിറ്റിക്കൽ സെക്രട്ടറിയും ചേർന്നു സ്വർണക്കടത്ത് കച്ചവടം നടത്തുന്നുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് അദ്ദേഹത്തിന്റെ റോൾ മോഡലെന്നു സംശയിക്കുന്നതായും അൻവർ ആരോപിച്ചിരുന്നു.

പത്തനംതിട്ട എസ്പി സുജിത് ദാസിനു കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നതായും അൻവർ പറഞ്ഞു. ‘‘ഇനിയും ഒരുപാട് ഫോൺ കോളുകൾ ടെലികാസ്റ്റ് ചെയ്യാനുണ്ട്. പലതും പുറത്തുവിട്ടിട്ടില്ല. ഗതികേട് കൊണ്ടാണു ശബ്ദരേഖ പുറത്തുവിട്ടത്. കേരളത്തിലെ ജനങ്ങൾക്ക് എല്ലാം മനസ്സിലാകും. ആഭ്യന്തരസുരക്ഷ ഉറപ്പാക്കാൻ സർക്കാർ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തുകാണിക്കാൻ ഇതല്ലാതെ ഒരു മാർഗവും മുന്നിൽ ഇല്ലായിരുന്നു. കേരള ജനതയോട് ക്ഷമ ചോദിക്കുന്നു’’ – അൻവർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com