ADVERTISEMENT

സിംഗപ്പൂർ∙ ഡിജിറ്റൽ സാങ്കേതികവിദ്യ, നൈപുണ്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ മികച്ച സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രങ്ങളിൽ ഒപ്പിട്ട് ഇന്ത്യയും സിംഗപ്പൂരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചാം സിംഗപ്പൂർ സന്ദർശനത്തിനിടെയാണ് പ്രധാനപ്പെട്ട മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രങ്ങൾ കൈമാറിയത്. ബ്രൂണെയിലെ സന്ദർശനത്തിന് ശേഷം സിംഗപ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മികച്ച സ്വീകരണമാണ് സിംഗപ്പൂരിലെ ഇന്ത്യൻ സമൂഹം ഒരുക്കിയത്. 

ഇന്നലെ വൈകിട്ട് സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ് ഒരുക്കിയ അത്താഴവിരുന്നിലും മോദി പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ ആരംഭിച്ചത്. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരു പ്രധാനമന്ത്രിമാരും ചർച്ച നടത്തി. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, ഹരിത ഇടനാഴികളും സുസ്ഥിരതയും, ഭക്ഷ്യ സുരക്ഷ, സെമികണ്ടക്ടർ വ്യവസായം ഉൾപ്പെടെയുള്ള നൂതന ഉൽപ്പാദനമേഖല, ആരോഗ്യം, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ എന്നീ മേഖലകൾ കേന്ദ്രീകരിച്ചാണ് നാല് ധാരണാപത്രങ്ങൾ ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ കൈമാറിയിരിക്കുന്നത്. ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ-സിംഗപ്പൂർ മന്ത്രിതല വട്ടമേശ യോഗവും നടന്നു.

സിംഗപ്പൂർ വെറുമൊരു സുഹൃത്ത് രാഷ്ട്രമല്ലെന്നും എല്ലാ വികസ്വര രാജ്യങ്ങൾക്കും സിംഗപ്പൂർ പ്രചോദനമാണെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിതല വട്ടമേശ യോഗത്തിൽ പറഞ്ഞത്. പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നതെന്ന് സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങും പറഞ്ഞു. മന്ത്രിതല വട്ടമേശ യോഗത്തിന് മുന്നോടിയായി സിംഗപ്പൂരിലെ പ്രസിദ്ധമായ സെമികണ്ടക്ടർ വ്യവസായ മേഖലയും നരേന്ദ്രമോദി സന്ദർശിച്ചു. സിംഗപ്പൂർ പ്രധാനമന്ത്രിക്കൊപ്പം എത്തിയ മോദി, സെമികണ്ടക്ടർ കമ്പനിയായ എഇഎം ഹോൾഡിംഗ്സ് ലിമിറ്റഡാണ് സന്ദർശിച്ചത്. ഈ മേഖലയിൽ ഒരുമിച്ച് പ്രവർത്തിക്കാനും യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകാന്‍ താൻ ആഗ്രഹിക്കുന്നതായും മോദി തന്റെ സിംഗപ്പൂർ സന്ദർശനത്തിനിടെ പറഞ്ഞു. 2018ലാണ് മോദി ഇതിനുമുൻപ് സിംഗപ്പൂരിൽ സന്ദർശനത്തിനായി എത്തിയത്.

അതിനിടെ ഇന്ത്യയുടെ ആദ്യത്തെ തിരുവള്ളൂവർ കൾച്ചറൽ സെന്റർ സിംഗപ്പൂരിൽ ഉടൻ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. മഹാനായ തിരുവള്ളൂവർ പ്രാചീന ഭാഷയായ തമിഴിൽ ലോകത്തിന് വഴികാട്ടിയായ നിരവധി ചിന്തകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിൻ്റെ തിരുക്കുറൽ രചിച്ചത് ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പാണെന്നും മന്ത്രിതല വട്ടമേശ യോഗത്തിൽ പറഞ്ഞ മോദി, തിരുക്കുറലിലെ ആശയങ്ങൾ ഇന്നും പ്രസക്തമാണെന്നും അറിയിച്ചു. തമിഴ് ഭാഷയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിന് സിംഗപ്പൂരിലെ തിരുവള്ളൂവർ കൾച്ചറൽ സെന്റർ സഹായിക്കുമെന്നാണ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമ‍ൻ പറഞ്ഞത്.

English Summary:

India Singapore sign key agreements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com