ADVERTISEMENT

തിരുവനന്തപുരം∙ പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സിപിഎം തല്‍ക്കാലം പരിശോധന നടത്തില്ലെന്നും സര്‍ക്കാര്‍ തലത്തിലാണു പരിശോധന വേണ്ടതെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു എം.വി.ഗോവിന്ദന്‍. പി.വി.അന്‍വര്‍ എഴുതി നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ പരാമര്‍ശമില്ലെന്നും ആ സാഹചര്യത്തില്‍ ശശിക്കെതിരെ ഒരു തരത്തിലുള്ള അന്വേഷണത്തിലേക്കും പാര്‍ട്ടി കടക്കേണ്ട കാര്യമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ച പി.വി.അന്‍വറിന്റെ നിലപാടിനെയും ഗോവിന്ദന്‍ വിമര്‍ശിച്ചു. ജനപ്രതിനിധിയും പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമായ പി.വി.അന്‍വര്‍ ഇങ്ങനെയായിരുന്നില്ല പ്രശ്‌നം ഉന്നയിക്കേണ്ടിയിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അഴിമതി കണ്ടെത്താന്‍ കെ.ടി.ജലീലിന്റെ സ്റ്റാര്‍ട്ടപ്പ് ആവശ്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മുഖ്യമന്ത്രിക്കു വേണ്ടി എഡിജിപി എം.ആര്‍. അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ എം.വി.ഗോവിന്ദന്‍ രൂക്ഷമായി വിമര്‍ശിച്ചു. ആര്‍എസ്എസിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടിയാണ് സിപിഎം നിലനില്‍ക്കുന്നതെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം ശുദ്ധ അസംബന്ധമാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

തൃശൂരില്‍ എഡിജിപിയെ മുന്നില്‍നിര്‍ത്തി ബിജെപിയുമായും ആഎസ്എസുമായും ബന്ധമുണ്ടാക്കിയെന്ന ആരോപണം അസംബന്ധമാണെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു. ‘‘സിപിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരിനെ ദത്തെടുത്ത് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമം നടത്തിയവരാണ് ആര്‍എസ്എസ്. ബീഡി തൊഴിലാളികളെ കൊന്നൊടുക്കി. പാര്‍ട്ടിയെ ഭീതിപ്പെടുത്താനുള്ള നിലപാടാണ് ആര്‍എസ്എസ് സ്വീകരിച്ചത്. നിരവധി സഖാക്കളെ കൊന്ന ആര്‍എസ്എസിനോടു പൊരുതിയാണ് സിപിഎം മുന്നോട്ടുവന്നത്. ആര്‍എസ്എസുമായി തൃശൂരില്‍ ബന്ധമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. നേമത്ത് ഒ.രാജഗോപാല്‍ ജയിച്ചതും അങ്ങനെയാണ്. കോണ്‍ഗ്രസിന് തൃശൂരില്‍ 86000ത്തില്‍ വോട്ട് കുറയുകയാണ് ചെയ്തത്. സിപിഎമ്മിന് 16000 വോട്ട് കൂടുതല്‍ കിട്ടി. ബിജെപി ജയിച്ചതിന് ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്ന് എല്ലാവര്‍ക്കും അറിയാം. അതു മറച്ചുവയ്ക്കാനാണ് ഇപ്പോള്‍ എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ ആരോപണം ഉന്നയിക്കുന്നത്. കോണ്‍ഗ്രസിന്റെ വീക്ഷണം പത്രാധിപര്‍ മോഹനവര്‍മ ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. അതേദിവസം തന്നെയാണ് പ്രതിപക്ഷ നേതാവ് ആര്‍എസ്എസ് സിപിഎം ബന്ധത്തെക്കുറിച്ച് കള്ളപ്രചാരവേല നടത്തുന്നത്’’- എം.വി.ഗോവിന്ദന്‍ പറഞ്ഞു.

പി.വി.അന്‍വര്‍ പരാതി എഴുതി നല്‍കിയിട്ടില്ലെന്നും അതുകൊണ്ടു ശശിയെ സംബന്ധിച്ച് ഒരു തരത്തിലുള്ള അന്വേഷണത്തിലേക്കും പാര്‍ട്ടി കടക്കേണ്ടതില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ഇ.പി.ജയരാജന് എതിരെ ഒരു സംഘടനാ നടപടിയും എടുത്തിട്ടില്ലെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പി.ശശി കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ പാര്‍ട്ടി നടപടിയെടുക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. എഡിജിപി എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍നിന്ന് മാറ്റി നിര്‍ത്താത്തതിനെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചു. എഡിജിപിയല്ല, ഡിജിപിയാണ് അന്വേഷിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ വിവരങ്ങള്‍ പുറത്തുവരും. അതുവരെ കാത്തിരിക്കാമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ജനപ്രതിനിധിയും പാര്‍ലമെന്ററി പാര്‍ട്ടി അംഗവുമായ പി.വി.അന്‍വര്‍ ഇങ്ങനെയായിരുന്നില്ല പ്രശ്‌നം ഉന്നയിക്കേണ്ടിയിരുന്നതെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. അന്‍വര്‍ പറയുന്നതു കേട്ട് രാഷ്ട്രീയസമരം നടത്തേണ്ടിവരുന്നത് കോണ്‍ഗ്രസിന്റെ പരാജയമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. അന്‍വറിന്റെ പിന്നില്‍ ആരുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമാ രംഗത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടുവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.

English Summary:

CPM demands probe into Anvar allegations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com