ഒന്നാം നമ്പർ ആളുടെ തീരുമാനമില്ലാതെ ഒന്നും നടക്കില്ല; എന്നെ ഭീഷണിപ്പെടുത്തിയത് അജിത്‌കുമാർ: സ്വപ്ന സുരേഷ്
Mail This Article
കോട്ടയം ∙ ‘ഒന്നാം നമ്പർ ആളുടെ’ തീരുമാനമില്ലാതെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഒന്നും നടക്കില്ലെന്നും മുഖ്യമന്ത്രിയുടെ മകളെക്കുറിച്ച് ഇനി ചില നിർണായക തെളിവുകൾ പുറത്തു വരുമെന്നും സ്വർണക്കടത്തു കേസ് പ്രതി സ്വപ്നാ സുരേഷ്. ഒന്നാം നമ്പർ ആളറിയാതെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഒന്നും നടക്കില്ല. ഇത് കേവലം പൊളിറ്റിക്കൽ സെക്രട്ടറിയിലോ എഡിജിപിയിലോ ഒതുങ്ങി നിൽക്കുന്നതല്ലെന്നു മുൻപു പറഞ്ഞിരുന്നു. ഇപ്പോൾ ഓരോ ദിവസവും പുതിയ തെളിവുകൾ തന്റെ ആരോപണങ്ങളെ ശരി വയ്ക്കുന്ന രീതിയിൽ വരികയാണെന്നും സ്വപ്ന സുരേഷ് മനോരമ ഓൺലൈനോടു പ്രതികരിച്ചു.
‘‘എഡിജിപി എം.ആർ.അജിത് കുമാറിനെക്കുറിച്ച് ഒന്നര വർഷം മുൻപ് ഒരു വെളിപ്പെടുത്തൽ നടത്തിയതാണ്. ഷാജ് കിരൺ എന്ന ഇടനിലക്കാരനെ എന്റെ അടുത്തേക്കു വിട്ടത് അന്നത്തെ വിജിലൻസ് മേധാവി എം.ആർ.അജിത്ത് കുമാറാണ്. സരിത്തിനെ എന്റെ വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതും എഡിജിപിയുടെ ഗുണ്ടാ സംഘമാണ്. എനിക്കെതിരെ കേസെടുത്തതും എന്റെ ഫോണ്‍ തട്ടിയെടുത്തു തെളിവു നശിപ്പിക്കാൻ ശ്രമിച്ചതും ഇതേ എഡിജിപിയുടെ നേതൃത്വത്തിലാണ്.
എഡിജിപി ആർക്കുവേണ്ടിയാണു പ്രവർത്തിച്ചത് എന്നു വ്യക്തമാണ്. എഡിജിപിക്കും മുകളിലുള്ളവർക്കാണ് ഇതിന്റെ ലാഭം. കേരളത്തിൽ നടക്കുന്നതു ഗുണ്ടായിസമാണ്. ഷാജ് കിരണിനെ ഉപയോഗിച്ച് എന്നെ നിരീക്ഷിക്കാനുള്ള നിർദേശം നൽകിയതും എഡിജിപി എം.ആർ.അജിത്‌കുമാറാണ്.
ഞാൻ പറയുന്ന കാര്യങ്ങൾ തെറ്റാറില്ല. പല സത്യങ്ങളും വന്നു, ഇനിയും വരും. നയതന്ത്രമാർഗത്തിലൂടെ സ്വർണം കടത്തിയെന്ന കേസിലാണ് ഞാൻ പ്രതി. ഇപ്പോൾ പുറത്തുവരുന്ന ആരോപണങ്ങളിലെ ലോക്കൽ സ്വർണക്കടത്ത് സംഘത്തെ എനിക്ക് അറിയില്ല. എന്നെ ഭീഷണിപ്പെടുത്തിയത് എം.ആർ.അജിത്‌കുമാറാണ്. ഞാൻ കോടതിയിൽ നൽകിയ 164 സ്റ്റേറ്റ്മെന്റ് എന്താണെന്ന് അറിയുകയായിരുന്നു അവരുടെ ഉദ്ദേശ്യം. വിവാദമുണ്ടായി മൂന്നു മാസത്തിനുശേഷം, ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി അജിത്‌കുമാർ തിരിച്ചുവന്നത് അതിശയകരമാണ്. ആരാണ് ഇതിന്റെ പിന്നിലെന്നു വ്യക്തം.
എന്റെ കയ്യിൽ തെളിവുകൾ ഉള്ളതുപോലെ, അൻവറിന്റെ കയ്യിലും തെളിവുണ്ടാകാം. ഒരുപാടു കാര്യങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകളെക്കുറിച്ചും ഇനി ചില നിർണായക തെളിവുകൾ പുറത്തു വരും. ഒന്നാം നമ്പർ ആളുടെ തീരുമാനമില്ലാതെ മുഖ്യമന്ത്രിയുടെ ഓഫിസിൽ ഒന്നും നടക്കില്ല.
ഇത് പൊളിറ്റിക്കൽ സെക്രട്ടറിയിൽ ഒതുങ്ങി നിൽക്കുന്ന വിഷയമല്ല. ആരെയെങ്കിലും മുൻപിൽ കൊണ്ടുവന്നു നിർത്തി മുഖ്യമന്ത്രി നിരപരാധി എന്നു വരുത്തിത്തീർക്കാനാണു ശ്രമം. അതാണ് അവരുടെ പ്രവർത്തന രീതി. നേരത്തേ സ്വപ്നാ സുരേഷിൽ ഒതുക്കി നിർത്താൻ നോക്കി. അതു നടന്നില്ല. പിന്നീട് ശിവശങ്കറിന്റെ അറസ്റ്റിലേക്കുവരെ കാര്യങ്ങൾ നീങ്ങി. ഇടയ്ക്ക് സി.എം.രവീന്ദ്രനെ ചോദ്യം ചെയ്തെങ്കിലും അത് അവിടെ നിന്നു. ഇപ്പോൾ പി.ശശിയിൽ വന്നു നിൽക്കുന്നു. അതിനു മുകളിലേക്കുള്ള ഒന്നാം നമ്പർ ആളിലേക്ക് ഇത് എത്താതെ നോക്കുകയെന്നതാണ് അവരുടെ ലക്ഷ്യം.
ഇപ്പോൾ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്ന പി.വി.അൻവറിനെ എനിക്ക് നേരിട്ട് അറിയില്ല. കെ.ടി. ജലീലിനെ വിളിക്കാനും എനിക്ക് താൽപര്യമില്ല. മുഖ്യമന്ത്രിയിലേക്കും മകളിലേക്കും നീളുന്നതാണു പുറത്തുവരുന്ന ആരോപണങ്ങൾ. അത് ആരിലേക്കും ഒതുക്കിത്തീർക്കാൻ നോക്കിയാൽ നിൽക്കില്ല.’’ – സ്വപ്ന സുരേഷ് പറഞ്ഞു.