സന്ദർശനം സ്ഥിരീകരിച്ച് എഡിജിപി; സതീശന് ആർഎസ്എസ് ബന്ധമെന്ന് പി.വി.അൻവർ– പ്രധാന വാർത്തകൾ
Mail This Article
ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി എഡിജിപി എം.ആർ.അജിത് കുമാർ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയുണ്ടായ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ഒടുവിൽ ആർഎസ്എസ് ജനറൽ സെക്രട്ടറിയെ കണ്ടു എന്ന് എഡിജിപി എം.ആർ.അജിത് കുമാർ സമ്മതിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് കാര്യങ്ങൾ തിരക്കിയപ്പോഴാണ് കൂടിക്കാഴ്ച അജിത് കുമാർ സമ്മതിച്ചത്. സ്വകാര്യ സന്ദർശനം ആണെന്നാണ് വിശദീകരണം.
ഇതിനിടെ എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാവ് റാം മാധവുമായും കൂടിക്കാഴ്ച നടത്തിയെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടും പുറത്തു വന്നു. ആർഎസ്എസ് ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ റാം മാധവ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് അജിത് കുമാർ സന്ദർശിച്ചത്. ആർഎസ്എസ് സമ്പർക് പ്രമുഖ് കൈമനം ജയകുമാറാണ് അജിത് കുമാറിനെ കൂട്ടിക്കൊണ്ടു പോയതെന്നാണു വിവരം.
റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ എഡിജിപി എം.ആർ. അജിത് കുമാർ സഹപാഠിയാണെന്നും അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണെന്നും ആർഎസ്എസ് പ്രചാരക് ജയകുമാർ മനോരമ ഓൺലൈനിനോട് പറഞ്ഞു. ‘‘അജിത് കുമാർ ഇതിനോടകം എല്ലാം പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണ്. അജിത് കുമാർ പറഞ്ഞതിനോട് എതിരഭിപ്രായമില്ല. മാധ്യമങ്ങളോട് അജിത് കുമാർ സംസാരിക്കുമായിരിക്കും. എനിക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ കഴിയില്ല, പരിതിമികളുണ്ട്’’ – ജയകുമാർ പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആർഎസ്എസ് ബന്ധമെന്ന് പി.വി. അൻവർ എംഎൽഎ ആരോപിച്ചു. എഡിജിപി എം.ആർ.അജിത് കുമാർ, ആർഎസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയത് സതീശനു വേണ്ടിയാണെന്നും അൻവർ ആരോപിച്ചു. ഈ വിവരം തനിക്ക് കിട്ടിയത് അറിഞ്ഞാണ് സതീശൻ അടിയന്തര വാർത്താസമ്മേളനം നടത്തി അജിത് കുമാറിനെതിരെ ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതും ഇന്നത്തെ പ്രധാനവാർത്തയാണ്. സംസ്ഥാന പൊലീസ് മേധാവി ഇതു സംബന്ധിച്ച് ഉത്തരവിറക്കി. തിരോധാനക്കേസ് അന്വേഷണ സംഘത്തലവനായ മലപ്പുറം എസ്പി എസ്.ശശിധരൻ, കേസ് സിബിഐക്ക് കൈമാറാമെന്ന് കഴിഞ്ഞ ദിവസം ഡിജിപിക്ക് ശുപാർശ നൽകിയിരുന്നു. കേസ് സിബിഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.