‘സഖാവിന് ചേർന്ന പണിയല്ല, ജില്ലാ സെക്രട്ടറിയെ പീഡന കേസിൽ കുടുക്കാൻ ശ്രമിച്ചു’: പി.കെ.ശശിക്കെതിരെ ഗോവിന്ദൻ
Mail This Article
പാലക്കാട് ∙ പി.കെ.ശശിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സഖാവിന് ചേർന്ന പണിയല്ല ശശി ചെയ്തതെന്ന് ഗോവിന്ദൻ പറഞ്ഞു. ശശിയെ പാർട്ടിയിൽനിന്നു പുറത്താക്കത്തത് മുതിർന്ന നേതാവായതുകൊണ്ടാണെന്നും വ്യക്തമാക്കി. സിപിഎം പാലക്കാട് മേഖലാ റിപ്പോർട്ടിങ്ങിലാണ് വിമർശനം.
സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതി. പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു. പാർട്ടിയുണ്ടെങ്കിലേ നേതാക്കളുള്ളൂ. സിപിഎം ജില്ലാ സെക്രട്ടറിയെ സ്ത്രീപീഡനക്കേസിൽ കുടുക്കാൻ ശ്രമിച്ചു. ഇതിനായി മാധ്യമപ്രവർത്തകനുമായി കൂടിക്കാഴ്ച നടത്തുകയും വ്യാജരേഖകൾ നിർമിക്കുകയും ചെയ്തു. നീചമായ പ്രവൃത്തിയാണ് ശശിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇതുംസംബന്ധിച്ച തെളിവുകൾ പാർട്ടിക്ക് ലഭിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ശശിക്കെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നിരുന്നത്. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നതായിരുന്നു പ്രധാനം. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽനിന്നു പാർട്ടിയുടെ അറിവില്ലാതെ മണ്ണാർക്കാട് സഹകരണ കോളജിനു വേണ്ടി ഓഹരികൾ സമാഹരിച്ചു, വേണ്ടപ്പെട്ടവരെ സിപിഎം ഭരിക്കുന്ന സ്ഥാപനങ്ങളിൽ നിയമിച്ചു തുടങ്ങിയ ആരോപണങ്ങളും ഉയർന്നിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനും സിപിഎം കമ്മിഷനെ നിയോഗിച്ചിരുന്നു. 2019ൽ എം.ബി.രാജേഷ് പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ വേണ്ടത്ര സഹകരിച്ചില്ലെന്ന ആരോപണവും ശശിക്കെതിരെ ഉയർന്നിരുന്നു.
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ഷൊർണൂർ എംഎൽഎയുമായിരുന്ന പി.കെ.ശശിക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തക പീഡന പരാതി നൽകിയതോടെ ശശിയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നു മുൻപു സസ്പെൻഡ് ചെയ്തിരുന്നു. രണ്ടു വർഷത്തിനു ശേഷം സെക്രട്ടേറിയറ്റിലേക്കു തിരിച്ചെടുത്തെങ്കിലും പിന്നീട് വിഭാഗീയതയുടെ പേരിൽ ജില്ലാ കമ്മിറ്റിയിലേക്കു തരം താഴ്ത്തി. തുടർന്ന്, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷൊർണൂരിൽ സീറ്റ് നിഷേധിച്ചു. ഇതിനു പകരമായാണ് കെടിഡിസി ചെയർമാൻ സ്ഥാനം നൽകിയത്.