ADVERTISEMENT

കോട്ടയം∙ പെട്രോളിനും ഡീസലിനും 2 രൂപ വീതം സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തിയതിലൂടെ 2023–24 സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിനു ലഭിച്ചത് 954 കോടി രൂപ. 2023–24 വർ‌ഷത്തേക്കുള്ള സംസ്ഥാന ബജറ്റിലാണ് സാമൂഹിക സുരക്ഷ സെസ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. 2024–25 സാമ്പത്തിക വർഷം ഏപ്രിൽ‌ 1 മുതൽ ജൂലായ് 31 വരെ 270. 45 കോടി രൂപയും സാമൂഹിക സുരക്ഷ സെസിലൂടെ സർക്കാരിനു ലഭിച്ചു. യൂത്ത് കോൺഗ്രസ് ഗവേഷക വിഭാഗത്തിന്റെ ദേശീയ കോഡിനേറ്റർ വിനീത് എം.തോമസ് വിവരവാകാശ നിയമം പ്രകാരം ചോദിച്ച ചോദ്യത്തിനാണ് സർക്കാരിന്റെ മറുപടി. 1224.45 കോടി രൂപയാണ് ഒരു വർഷവും നാലു മാസവും കൊണ്ട് സർക്കാർ പിരിച്ചെടുത്തത്.

കഴിഞ്ഞ സാമ്പത്തിക വർഷം 954 കോടി രൂപ സർക്കാരിനു ലഭിച്ചെങ്കിൽ 477 കോടി ലീറ്റർ‌ ഇന്ധനം സംസ്ഥാനത്ത് ചെലവായതായാണ് കണക്കാക്കേണ്ടത്. നടപ്പു സാമ്പത്തിക വർഷം ആദ്യത്തെ 4 മാസം 135 കോടി ലീറ്റർ ഇന്ധനവും ചെലവായി. ഇങ്ങനെയെങ്കിൽ 2024–25 സാമ്പത്തിക വർഷം സാമൂഹിക സുരക്ഷ സെസ് വഴി സർക്കാരിനു ലഭിക്കുന്ന തുക 1,000 കോടി കടക്കുമെന്നാണ് കണക്കുക്കൂട്ടൽ.

പ്രതീക്ഷിച്ചതിനെക്കാൾ‌ പണം
‘‘പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ലീറ്ററിനു 2 രൂപ നിരക്കിൽ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തുന്നു. ഇതിലൂടെ അധികമായി 750 കോടി രൂപ പ്രതീക്ഷിക്കുന്നു’’ – എന്നായിരുന്നു മന്ത്രി കെ.എൻ. ബാലഗോപാലിന്റെ പ്രഖ്യാപനം. ചുരുക്കത്തിൽ സർക്കാർ സെസ് ഏർപ്പെടുത്താൻ ആലോചിക്കുമ്പോൾ പ്രതീക്ഷിച്ചതിനെക്കാൾ 204 കോടി രൂപയാണ് അധികം ലഭിച്ചിരിക്കുന്നത്. 

സെസ് ഏർപ്പെടുത്തുന്നതിനു മുൻപ് 2022–23 സാമ്പത്തിക വർഷം 465 കോടി ലീറ്റർ ഇന്ധനം സംസ്ഥാനത്തു വിറ്റെന്നായിരുന്നു റോജി എം.ജോണിനു നിയമസഭയിൽ മന്ത്രി നൽകിയ മറുപടി. ബജറ്റ് ചർച്ചകൾക്കിടെയായിരുന്നു ഈ കണക്ക് മന്ത്രി പറഞ്ഞത്. അങ്ങനെയെങ്കിൽ 2 രൂപ വീതം സെസ് ഏർപ്പെടുത്തുമ്പോൾ വർഷം 930 കോടിയെങ്കിലും വരുമാനമായി സർക്കാരിനു ലഭിക്കേണ്ടതാണെന്ന് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അതിനെക്കാൾ 24 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാരിനു ലഭിച്ചിരിക്കുന്നത്. 

ഒരു മാസത്തെ പെൻഷനും തികയില്ല
ഇത്രയും തുക ഒരു വർഷം ലഭിച്ചെങ്കിലും ഇത് ഒരു മാസത്തെ സാമൂഹിക സുരക്ഷാ പെന്‍ഷൻ നൽകാൻ പോലും തികയില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഒരു ലീറ്റർ ഇന്ധനത്തിനു കിഫ്ബിയിലേക്ക് ഒരു രൂപ ഈടാക്കുന്നുണ്ട്. ഒരു ലീറ്ററിനു സെസുമുണ്ട്. ഇതിനു പുറമെയാണ് സാമൂഹിക സുരക്ഷ സെസ്. 50 ലക്ഷത്തോളം പേർക്കായി വർഷം 10,000 കോടിയോളം രൂപയാണ് സാമൂഹിക പെൻഷനായി നീക്കിവയ്ക്കുന്നത്. 

മദ്യത്തിന്റെ സെസ്
അന്നത്തെ ബജറ്റിൽ മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയിരുന്നു. 500 രൂപ മുതല്‍ 999 രൂപവരെ വിലവരുന്ന ഇന്ത്യന്‍ നിർമിത വിദേശമദ്യത്തിന് ഒരു ബോട്ടിലിനു 20 രൂപയും 1000 രൂപ മുതല്‍ മുകളിലോട്ട് വിലവരുന്ന മദ്യത്തിനു ബോട്ടിലിന് 40 രൂപയുമാണ് സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയത്. സെസ് ഏർപ്പെടുത്തിയിട്ടും മദ്യ വിൽപന കൂടിയിരുന്നു. ചുരുക്കത്തിൽ മദ്യ സെസിലൂടെ സർക്കാർ പിരിച്ചത് ഭീമൻ തുകയാണെന്ന് ചുരുക്കം

English Summary:

Fuel Cess Fuels State Revenue: Government Collects Rs 954 Crore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com