ADVERTISEMENT

ചെന്നൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ട സംസ്ഥാനമാണ് തമിഴ്നാട്. കർണാടകയിലും തെലങ്കാനയിലും ആന്ധ്രയിലും ഭേദപ്പെട്ട പ്രകടനം നടത്തുകയും അപ്രതീക്ഷിതമായി കേരളത്തിൽ അക്കൗണ്ട് തുറക്കുകയും ചെയ്തു ബിജെപി. പക്ഷേ തമിഴ്നാട് അപ്പോഴും ഒരു ‘ബാലികേറാമല’യായി ബാക്കിയായി. കോയമ്പത്തൂരിൽനിന്നോ തിരുനെൽവേലിയിൽനിന്നോ ഒരു സ്ഥാനാർഥിയെങ്കിലും ജയിപ്പിച്ചെടുക്കാനായിരുന്നു ശ്രമമെങ്കിലും, ഇന്ത്യാ മുന്നണിയുടെ ‘വൈറ്റ് വാഷ്’ പ്രകടനമായിരുന്നു തമിഴകത്ത് കണ്ടത്. തമിഴ്നാട്ടിലെ 39 സീറ്റുകളും പുതുച്ചേരിയിലെ ഏക സീറ്റും ഇന്ത്യാ മുന്നണി തൂത്തുവാരിയത് ബിജെപി നേതൃത്വത്തെ ചില്ലറയൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്.

എന്നാൽ ഈ തിരിച്ചടികൾക്കിടയിലും തമിഴ് വികാരത്തെ പിടിയിലൊതുക്കാനുള്ള ശ്രമങ്ങൾ ബിജെപി തുടരുക തന്നെയാണെന്നാണു മോദിയുടെ സിംഗപ്പൂർ സന്ദർശനം വ്യക്തമാക്കുന്നത്. ഇതിനു വേണ്ടിയാണ് ഇന്ത്യയുടെ ആദ്യത്തെ കൾച്ചറൽ സെന്റർ തമിഴ് കവി തിരുവള്ളുവരുടെ പേരിൽ സിംഗപ്പൂരിലായിരിക്കുമെന്നു പ്രഖ്യാപനം വന്നത്. തമിഴ് ഭാഷയ്ക്കും സംസ്കാരത്തിനും വലിയ പ്രോത്സാഹനമായിരിക്കും ഇതുവഴി ലഭിക്കുകയെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. 

തമിഴ് വികാരത്തെ കൂടെ നിർത്താൻ പല അടവുകളും മോദിയുടെ നേതൃത്വത്തിൽ ബിജെപി പയറ്റിയിരുന്നു. കാശി തമിഴ് സംഗമം, സൗരാഷ്ട്ര തമിഴ് സംഗമം തുടങ്ങിയ സാംസ്കാരിക പരിപാടികളും പുതിയ പാർലമെന്റിൽ സ്ഥാപിക്കാൻ തമിഴ് പാരമ്പര്യമുള്ള ചെങ്കോൽ കൊണ്ടുവന്നതും തമിഴ് ഭാഷയെയും സംസ്കാരത്തെയും വാനോളം പുകഴ്ത്തി സംസാരിച്ചതും ഇതിന്റെ ഭാഗമായിരുന്നു. 

അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനു മുൻപ് രാമേശ്വരം ക്ഷേത്ര ദർശനം നടത്തിയും ധനുഷ്കോടിയിൽ സ്നാനം നടത്തിയും മോദി തമിഴ്നാടിനെ കൂടെകൂട്ടാൻ ശ്രമിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ തമിഴ്നാട്ടിൽ നിരവധി റാലികളിലാണു മോദി പങ്കെടുത്തത്. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനനിരതനായും മോദി തമിഴകത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെ ആദരിക്കുന്നുവെന്നു പ്രഖ്യാപിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലികളിലെ പ്രസംഗങ്ങളിൽ തമിഴിനെ പുകഴ്ത്താനും മോദി ശ്രമിച്ചിരുന്നു. തിരുക്കുറലിനെ വാഴ്ത്തിയ മോദി, അതെഴുതിയ തിരുവള്ളുവരെ പ്രശംസിക്കാനും മറന്നില്ല. ഇത്രയൊക്കെ ചെയ്തിട്ടും ബിജെപിക്ക് സംസ്ഥാനത്തു ലഭിച്ച കനത്ത തിരിച്ചടി പാർട്ടി നേതൃത്വത്തിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലെയുടെ ‘എൻ മൺ എൻ മക്കൾ’ പദയാത്രയിൽ ആളുകളെത്തിയെങ്കിലും അതു വോട്ടായി മാറിയിരുന്നില്ല.

ഇടയ്ക്ക് കച്ചത്തീവ് വിഷയമുയർത്തി ബിജെപി വലിയ പ്രതിരോധമാണ് ഡിഎംകെ സർക്കാരിനെതിരെ ഉയർത്തിയത്. കോൺഗ്രസിന്റെ നേതൃത്വത്തിലാണു കച്ചത്തീവ് ശ്രീലങ്കയ്ക്ക് വിട്ടുനൽകിയതെന്നും ഡിഎംകെ അതിനെ എതിർത്തില്ലെന്നും ബിജെപി തിരഞ്ഞെടുപ്പു വേളയിൽ പ്രചാരണം നടത്തിയിരുന്നു. തീവ്ര തമിഴ് വികാരം ആളിക്കത്തിക്കാനായിരുന്നു ശ്രമം. കച്ചത്തീവ് വിഷയത്തിലൂടെ തീരദേശ തമിഴ്നാട്ടിലെ വോട്ട് ബാങ്ക് ബിജെപി ലക്ഷ്യം വച്ചെങ്കിലും, അതൊന്നും തിര‍ഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല.

ഇത്രയൊക്കെ തിരിച്ചടികളിലും ‘തമിഴ് സ്നേഹ’ത്തിന് ഒരു കുറവും വരുത്തുന്നില്ല ബിജെപി. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി വിജയ് കളം നിറയുന്നത് തീവ്ര തമിഴ് വോട്ടുകൾ ലക്ഷ്യം വച്ചാണെന്നാണ് ബിജെപിയുടെ നിഗമനം. തിരുവള്ളുവരെയും തിരുക്കുറലിനെയും കളത്തിലിറക്കിയുള്ള ബിജെപിയുടെ ഈ നീക്കം വിജയ്ക്കെതിരെയുള്ള മറുതന്ത്രമാണോയെന്നും കാത്തിരുന്ന് കാണേണ്ടി വരും.

English Summary:

Beyond Elections: BJP's Long Game for Tamil Nadu's Heart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com