ഹൂതികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ; കനത്ത വില നൽകേണ്ടി വരുമെന്ന് നെതന്യാഹു
Mail This Article
ജറുസലം ∙ യെമനിലെ വിമത വിഭാഗമായ ഹൂതികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ. പ്രാദേശിക സമയം രാവിലെ 6:35 നായിരുന്നു ആക്രമണം. അതിർത്തി കടന്ന് മിസൈൽ ഇസ്രയേലിൽ എത്തിയതോടെ ടെൽ അവീവിലും മധ്യഇസ്രയേലിലുടനീളവും സൈറണുകൾ മുഴങ്ങി. ഇതോടെ ജനങ്ങൾ അഭയകേന്ദ്രങ്ങളിലേക്ക് ഓടി. തുടർന്ന് ഇന്റർസെപ്റ്റർ ഉപയോഗിച്ച് തകർത്ത മിസൈലിന്റെ അവശിഷ്ടങ്ങൾ വയലുകളിലും ഒരു റെയിൽവേ സ്റ്റേഷന് സമീപവും പതിച്ചതായാണ് റിപ്പോർട്ടുകൾ. ആളപായമില്ലെങ്കിലും ഒമ്പതു പേർക്ക് പരിക്കേറ്റു.
പതിനൊന്നര മിനിറ്റിനുള്ളിൽ 2,040 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സാരിയ വ്യക്തമാക്കി. ഇന്റർസെപ്റ്റർ ഉപയോഗിച്ച് മിസൈൽ തകർത്തെന്നും എന്നാൽ പൂർണ്ണമായി നശിപ്പിക്കപ്പെട്ടില്ലെന്നും ഒരു ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.
ആക്രമണത്തിന് ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതിവാര മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. ഓർമ്മപ്പെടുത്തൽ ആവശ്യമുള്ള ആർക്കും ഹുദൈദ തുറമുഖം സന്ദർശിക്കാമെന്നും നെതന്യാഹു വ്യക്തമാക്കി. ജൂലൈയിൽ ഡ്രോൺ ഉപയോഗിച്ച് ടെൽ അവീവിനെ ആക്രമിച്ച ഹൂതി നടപടിക്ക് പ്രതികാരമായി യെമനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം പരാമർശിച്ചായിരുന്നു നെതന്യാഹുവിന്റെ മുന്നറിയിപ്പ്.