പാർക്കിങ്ങിനിടെ ടൈൽ പൊളിഞ്ഞ് മാലിന്യക്കുഴിയിലേക്ക് വീണ് ട്രക്ക്; ഡ്രൈവർക്ക് അദ്ഭുതരക്ഷ– വിഡിയോ
Mail This Article
പുണെ∙ പുണെയിൽ പാർക്കിങ് ഏരിയയിലെ മാലിന്യക്കുഴിയിൽ വീണ് ട്രക്കും ഇരുചക്ര വാഹനങ്ങളും. ബുധ്‌വാർ പേഠ് മേഖലയിലെ ജനത്തിരക്കേറിയ സമാധാൻ ചൗക്കിലെ സിറ്റി പോസ്റ്റ് ഓഫിസിന്റെ പാർക്കിങ് ഗ്രൗണ്ടിന് അടിയിലുണ്ടായിരുന്ന കുഴിയിലേക്കാണ് പുണെ മുനിസിപ്പാലിറ്റിയുടെ ട്രക്കും രണ്ട് ഇരുചക്ര വാഹനങ്ങളും വീണത്. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
ബുധ്‌വാർ പേഠിലെ ഓടകൾ വൃത്തിയാക്കുന്നതിനായി മുനിസിപ്പാലിറ്റി ജീവനക്കാർ പോയ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. പോസ്റ്റ് ഓഫിസ് വളപ്പിലെ ഓടകൾ വൃത്തിയാക്കാനായി പോകുമ്പോൾ പാർക്കിങ് ഗ്രൗണ്ടിലെ ടൈലുകൾ അടർന്നുമാറി 25 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് പെട്ടെന്ന് വാഹനം പതിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവർ പെട്ടെന്ന് വാഹനത്തിനുള്ളിൽനിന്ന് ചാടിയിറങ്ങി രക്ഷപ്പെട്ടു. ഇതിനു പിന്നാലെ സമീപം പാർക്ക് ചെയ്തിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളും കുഴിയിൽ പതിച്ചു.
തുടർന്ന് അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചാണ് വാഹനങ്ങൾ പുറത്തെടുത്തത്. പെട്ടെന്ന് ഭൂമിക്കടിയിൽ എന്ത് സമ്മർദം കാരണമാണ് തറയോടുകൾ പൊളിഞ്ഞതെന്ന് മനസിലാകുന്നില്ലെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്ത് വിള്ളലും കുഴികളും ഒന്നുമുണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ ഇവിടെയുണ്ടായിരുന്ന കിണറിനു മുകളിലായിട്ടാകും പാർക്കിങ് ഏരിയ നിർമിച്ചതെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്ന് പുണെ മുൻസിപ്പൽ കമ്മിഷണർ രാജേന്ദ്ര ഭോസാലെ പറഞ്ഞു.