ADVERTISEMENT

കൊച്ചി ∙ അമിത ജോലിഭാരവും സമ്മർദവും നേരിട്ടതിനെ തുടർന്ന് ഹൃദയാഘാതത്താൽ മരിച്ച അന്ന സെബാസ്റ്റ്യൻ പേരയിലിന്റെ വീട്ടിലെത്തി മന്ത്രി പി.രാജീവും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഹൈബി ഈഡന്‍ എം.പിയും. അന്നയുടെ മാതാപിതാക്കളായ സിബി ജോസഫിനോടും അനിത അഗസ്റ്റിനോടും നേതാക്കൾ വിവരങ്ങള്‍ ആരായുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അന്നയുടെ സംസ്കാര സമയത്ത് മന്ത്രി പി.രാജീവ് വീട്ടിലെത്തിയിരുന്നു. 

ബഹുരാഷ്ട്ര കൺസൽട്ടിങ് സ്ഥാപനമായ ഏൺസ്റ്റ് ആൻഡ് യങ്ങിന്റെ (ഇവൈ) പുണെയിലെ ഓഫിസിൽ‍ ജോലി ചെയ്തിരുന്ന അന്ന ഇക്കഴിഞ്ഞ ജൂലൈ 20നാണ് അന്തരിച്ചത്. അമ്മ അനിത അഗസ്റ്റിൻ അടുത്തിടെ മകൾ ആ സ്ഥാപനത്തിൽ നേരിടേണ്ടി വന്ന അമിത ജോലിഭാരവും കടുത്ത സമ്മർദവുമെല്ലാം ചൂണ്ടിക്കാട്ടി ഇവൈ ചെയർമാൻ രാജീവ് മേമാനിക്ക് കത്തയച്ചിരുന്നു. ഇത് വലിയ തോതിൽ ചർച്ചയായതിനൊപ്പം അന്വേഷണം നടത്തുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. 

അന്നയുടെ ജോലിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന മാനേജർ, അസി.മാനേജർ തുടങ്ങിയവർക്കെതിരെ പോലും കമ്പനി നടപടി എടുത്തിട്ടില്ലെന്നാണ് അറിഞ്ഞതെന്ന് മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി. 

രാജ്യത്തെ തൊഴിൽമേഖലയുമായി ബന്ധപ്പെട്ട് കണ്ണു തുറക്കാനുള്ള അവസരമാണ് ഇതെന്ന് മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി രാജീവ് പറഞ്ഞു. തൊഴിൽ നിയമങ്ങൾ തയാറാക്കുമ്പോൾ ഇക്കാര്യങ്ങൾ പരിശോധിക്കണം. പുതിയ ലേബർ കോഡിൽ പോലും 12 മണിക്കൂർ ജോലി സമയം എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞിരിക്കുന്നത്. ഇത് ജോലിഭാരം വീണ്ടും കൂട്ടുകയേ ഉള്ളൂ. അതുകൊണ്ടു തന്നെ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും രാജീവ് പറഞ്ഞു.

English Summary:

Work Pressure Claims Young Life: Leaders Demand Action After EY Employee's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com