ADVERTISEMENT

തിരുവനന്തപുരം∙ പരസ്യമായി തള്ളിപറഞ്ഞ് തന്റെ ‘ഗുഡ് ബുക്കിൽനിന്ന്’ മുഖ്യമന്ത്രി ഒഴിവാക്കിയതോടെ, ഇടതു മുന്നണിയിലെ അൻവറിന്റെ പ്രസക്തിയും ചോദ്യം ചെയ്യപ്പെടുകയാണ്. അൻവർ ആരോപണം ഉന്നയിച്ച എഡിജിപി അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും ചേർത്തുപിടിച്ച മുഖ്യമന്ത്രി, അൻവറിന്റെ നിലപാടുകളെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെയും തള്ളി. തന്റെ ഓഫിസിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതിലുള്ള അതൃപ്തിയും മുഖ്യമന്ത്രി ‌ഇന്ന് നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് സംസ്കാരമുള്ളയാൾ എന്നു വിശേഷിപ്പിച്ചതോടെ ഇടതുപക്ഷത്തിലെ അൻ‌വറിന്റെ വഴി അടയ്ക്കുകയാണോ മുഖ്യമന്ത്രി എന്ന ചോദ്യവും ഉയരുകയാണ്. അൻവർ ഉന്നയിച്ച വിവാദങ്ങളിലാകട്ടെ മുതിർന്ന സിപിഎം നേതാക്കൾ മൗനത്തിലുമാണ്.

മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതോടെ മുന്നോട്ടുള്ള സഞ്ചാരത്തിന് അൻവറിന് ഒറ്റയ്ക്കു വഴിവെട്ടേണ്ട സാഹചര്യമാണ്. അതത്ര എളുപ്പവുമല്ല. അൻവറിന്റെ ഇതുവരെയുള്ള നീക്കമനുസരിച്ച് പുതിയ വെളിപ്പെടുത്തലുകളുണ്ടാകാം. മുഖ്യമന്ത്രിയുടെ ഓഫിസ് അതിനോട് രൂക്ഷമായി പ്രതികരിച്ചാൽ പോരാട്ടം തീവ്രമാകും.

ആരോപണങ്ങളിൽ കൃത്യമായ അന്വേഷണവും നടപടിയും പ്രതീക്ഷിച്ച അൻവറിനെതിരെയും അന്വേഷണം വഴി തിരിയുകയാണ്. അൻവർ പുറത്തുവിട്ട ഫോൺ സംഭാഷണങ്ങൾ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചാണ് അന്വേഷണം. ഫോൺ ചോർത്തിയതെങ്ങനെ, ഇതിനു ആരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുക. പാർട്ടിയിൽ ആരുടെയെങ്കിലും പിന്തുണ അൻവറിനുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

കോൺഗ്രസിൽനിന്നു വന്ന അൻവർ 2016 മുതൽ ഇടതു പിന്തുണയുള്ള നിലമ്പൂരിൽ നിന്നുള്ള എംഎൽഎയാണ്. ഇടതു സമൂഹമാധ്യമ പ്രൊഫൈലുകൾ ‘ഇടതു മുഖമായി’ ഉയർത്തിക്കാട്ടിയ അൻവറിന് ഇടതു സംസ്കാരമല്ല, കോൺഗ്രസ് സംസ്കാരമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി. സഞ്ചാരം ഇടതു രീതിയിലല്ലെന്നും പാർട്ടിക്ക് വിധേയനാകണമെന്നുമുള്ള കടുത്ത സന്ദേശം. അൻവർ നിയമപ്രകാരമല്ലാത്ത കാര്യങ്ങൾക്ക് തന്റെ പൊളിറ്റിക്കൽ സെക്രട്ടറിയെ സമീപിച്ചെന്ന ഗുരുതര ആക്ഷേപവും മുഖ്യമന്ത്രി ഉന്നയിച്ചു.

പാർട്ടി സമ്മേളനങ്ങൾ ആരംഭിക്കുന്നതിനു മുന്നോടിയായാണ് അൻവർ ആരോപണങ്ങൾ ഉന്നയിച്ചത്. ഇത് ബ്രാഞ്ച് സമ്മേളനങ്ങളിലും പ്രതിഫലിച്ചു. സമ്മേളനങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ, അൻവറിന്റെ ആരോപണങ്ങൾക്കു പുറകേ പോകുന്നവർക്ക് പാർട്ടിയുടെ പിന്തുണയുണ്ടാകില്ലെന്ന സന്ദേശം കൂടിയാണ് മുഖ്യമന്ത്രി നൽകുന്നത്. അൻവറിന് പിന്തുണയുമായി സമ്മേളനങ്ങളില്‍ കൂടുതൽ പേർ എത്തുമോയെന്ന് കണ്ടറിയണം. പി.ശശി മുഖ്യമന്ത്രിയുടെ ഓഫിസിനെ നിയന്ത്രിക്കുന്നു എന്ന ചിന്ത പല മുതിർന്ന നേതാക്കൾക്കുമുണ്ട്. സിപിഎം ബന്ധം വിടുമെന്ന പ്രചാരണം അൻവർ  നിഷേധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ താക്കീതിനെ മറികടന്ന് വീണ്ടും മുന്നോട്ടുപോയാൽ ഇടതു ചേരിയിൽ നിൽക്കുന്നത് പ്രയാസകരമായിരിക്കും.

English Summary:

PV Anvar Sidelined: Chief Minister Distances Himself Amidst Political Storm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com