ADVERTISEMENT

തിരുവനന്തപുരം∙ തൃശൂർ പൂരം കലക്കലിൽ എഡിജിപി എം.ആർ.അജിത് കുമാർ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഒരാഴ്ചയ്ക്കകം നല്‍കേണ്ട റിപ്പോര്‍ട്ടാണ് അഞ്ച് മാസത്തിനു ശേഷം കൈമാറിയത്. റിപ്പോർട്ട് ചൊവ്വാഴ്ച്ചയ്ക്കകം സമർപ്പിക്കുമെന്ന് ഇന്നത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. പൂരം കലക്കലുമായി ബന്ധപ്പെട്ട് 4 പരാതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ചിരുന്നു. ഇതു പിന്നീട് ഡിജിപിക്ക് കൈമാറി. പരാതിയിന്മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഡിജിപി എം.ആര്‍.അജിത് കുമാറിന് ഡിജിപി നിര്‍ദേശം നല്‍കുകയായിരുന്നു. ഈ റിപ്പോര്‍ട്ടാണ് ഇന്ന് ഡിജിപിക്ക് കൈമാറിയത്.

എം.ആര്‍.അജിത് കുമാര്‍ തൃശൂരിലുള്ളപ്പോഴായിരുന്നു പൂരം അലങ്കോലപ്പെടുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടിക്കാട്ടി തൃശൂര്‍ കമ്മിഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റി. പൂര്‍ണ ഉത്തരവാദിത്തം കമ്മിഷണറില്‍ മാത്രം ഒതുക്കിയോ എന്ന കാര്യം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ അറിയൂ. അതിനിടെ പൂരം കലക്കലുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നില്ലെന്ന വിവരാവകാശ മറുപടിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും എന്‍ആര്‍ഐ സെല്‍ ഡിവൈഎസ്പിയുമായ എം.എസ്.സന്തോഷിനെതിരെ ആയിരുന്നു നടപടി. തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ എന്നായിരുന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം. അതില്‍ അന്വേഷണം നടക്കുന്നില്ല എന്നായിരുന്നു മറുപടി. എന്നാല്‍ ഈ അവസരത്തില്‍ എഡിജിപി തലത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടായിരുന്നു. ഈ വിവരം മറച്ചുവച്ചതിനായിരുന്നു നടപടി.

English Summary:

Thrissur Pooram Controversy: Investigation Report Finally Submitted After Five Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com