ADVERTISEMENT

തൃശൂർ ∙ പൂരം കലക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കേ, മുഖ്യമന്ത്രി ഇന്ന് നടത്താനിരിക്കുന്ന വാർത്താസമ്മേളനത്തിലേക്കാണ് കണ്ണുകളെല്ലാം. ഘടകകക്ഷികളടക്കം കടുത്ത അമർഷം രേഖപ്പെടുത്തിയതോടെ വലിയ സമ്മർദത്തിലാണ് സർക്കാർ. സിപിഐ പരസ്യമായി സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. സിപിഐയ്ക്ക് ഏറ്റവും ഉറപ്പുണ്ടായിരുന്ന  തൃശൂർ സീറ്റ് പൂരം കലക്കൽ വിവാദത്തെത്തുടർന്ന് നഷ്ടപ്പെട്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. എന്താണ് പൂരം കലക്കൽ വിവാദം. ? പൂര ദിവസം സംഭവിച്ചതെന്ത് ?

2024ൽ തൃശൂർ പൂരം നടന്ന ഏപ്രിൽ 19ന് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടികളാണ് വൻ വിവാദത്തിലായത്. 21ന് പുലർച്ചെ മൂന്നു മണിക്ക് നടക്കേണ്ട വെടിക്കെട്ടിന് തിരക്കു നിയന്ത്രിക്കാനെന്ന പേരിൽ രാത്രി പത്തുമണിയോടെ സ്വരാജ് റൗണ്ടിലേക്കുള്ള പൊലീസ് ബാരിക്കേ‍ഡ് കെട്ടി അടച്ചതോടെയാണ് പ്രശ്നങ്ങൾക്കു തുടക്കം. സ്വരാജ് റൗണ്ട്, തേക്കിൻകാട് മൈതാനം എന്നിവ കെട്ടിയടച്ച് പൂരനഗരിയിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. ഇതോടെ രാത്രിപ്പൂരം കാണാനെത്തിയവരിൽ ഭൂരിഭാഗം പേർക്കും റൗണ്ടിലേക്ക് കടക്കാനായില്ല. സാധാരണ പുലർച്ചെ മൂന്നിനുള്ള വെടിക്കെട്ടിന് രണ്ടു മണിയോടെ മാത്രമാണ് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി നിർത്തിയിരുന്നത്.

തിരുവമ്പാടി ഭാഗത്തുനിന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്കുള്ള എല്ലാ വഴികളും അടച്ചതോടെ തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പും പഞ്ചവാദ്യവും തടസപ്പെട്ടു. ജനക്കൂട്ടം ഇതിൽ പൊലീസിനെ ചോദ്യം ചെയ്തു. ആൾക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തി വീശിയെന്ന് പരാതിയുയർന്നു. പൊലീസിനെതിരെ തിരുവമ്പാടി ദേവസ്വം പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ തിരുവമ്പാടി ദേവസ്വം എഴുന്നള്ളിപ്പും പഞ്ചവാദ്യവും പാതിവഴിയിൽ ഉപേക്ഷിച്ചു. ഒമ്പതാനകളെ ഉൾക്കൊള്ളിച്ച് നടക്കേണ്ടിയിരുന്ന എഴുന്നള്ളിപ്പിൽ ഒരാനയെ മാത്രം എഴുന്നള്ളിച്ചും പന്തലുകളിലെ വിളക്കുകളണച്ചും പഞ്ചവാദ്യം പുലർച്ചെ ഒന്നരയോടെ അവസാനിപ്പിച്ചുമായിരുന്നു പ്രതിഷേധം.

 പുലർച്ചെ മൂന്നിന് നടക്കേണ്ടിയിരുന്ന വെടിക്കെട്ടിലും അനിശ്ചിതത്വമുണ്ടായി. അന്ന് തൃശൂർ സിറ്റി പൊലീസ് കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെ നേതൃത്വത്തിൽ വെടിക്കെട്ടു മൈതാനത്തുനിന്ന് പൂരം കമ്മിറ്റിയംഗങ്ങളെയുൾപ്പെടെ നീക്കാൻ ശ്രമിച്ചതോടെയാണ് തർക്കമുണ്ടായത്. ജനങ്ങൾ പൂരപ്പറമ്പിൽ ‘ പൊലീസ് ഗോ ബാക്ക് ’ മുദ്രാവാക്യം മുഴക്കുകയും കൂക്കിവിളിക്കുകയും ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. ജനരോഷം ശക്തമായതോടെ മന്ത്രി കെ.രാജൻ, അന്നത്തെ ജില്ലാ കലക്ടർ വി.ആർ.കൃഷ്ണതേജ, തൃശൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.എസ്.സുനിൽ കുമാർ, ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി, യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ തുടങ്ങിയവർ സ്ഥലത്തെത്തി നടത്തിയ ചർച്ചയെത്തുടർന്ന് 4 മണിക്കൂർ വൈകി രാവിലെ 7.15നാണ് വെടിക്കെട്ടു തുടങ്ങിയത്. പൊലീസ് നടപടിയെ അന്നുതന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വിമർശിച്ചിരുന്നു. പരാതി പരിശോധിക്കുമെന്ന് മന്ത്രി കെ.രാജൻ ഉറപ്പും നൽകി.

പൂരപ്രേമികളോട് കയർക്കാനും പിടിച്ചുതള്ളാനും കമ്മിഷണർ അങ്കിത് അശോകനാണ് മുന്നിൽനിന്നത്. ഇതിന്റെ വിഡിയോ അടക്കം പുറത്തുവന്നിരുന്നു. പൂരത്തലേന്നു തന്നെ പൊലീസ് കടുത്ത നിയന്ത്രണങ്ങൾ തുടങ്ങിയിരുന്നു. പൂരദിവസം രാവിലെ തിരുവമ്പാടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിച്ച സമയത്തും പൊലീസും കമ്മിറ്റിക്കാരും തമ്മിൽ തർക്കമുണ്ടായി. രാവിലെ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പിന് ഗതാഗത ക്രമീകരണം നടപ്പാക്കാത്തതോടെ എഴുന്നള്ളിപ്പ് ഗതാഗതക്കുരുക്കിൽപ്പെട്ടു. എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന പാതയും പൊലീസ് കെട്ടിയടച്ചിരുന്നു. പിന്നീട് വലിയ തർക്കത്തിനു ശേഷമാണ് പൊലീസ് ബാരിക്കേഡ് മാറ്റിയത്. ഇലഞ്ഞിത്തറ മേളം വടക്കുന്നാഥ ക്ഷേത്രത്തിനുള്ളിൽ നടക്കുമ്പോൾ മേൽശാന്തിയെ പുറത്തു തടഞ്ഞുവച്ചതിനും പൊലീസ് പഴികേട്ടു.

English Summary:

Thrissur Pooram 2024: Vote Rigging Controversy Puts Kerala Government in Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com