ADVERTISEMENT

മലപ്പുറം∙ സോളർ കേസ് അട്ടിമറിച്ചതിനു പ്രതിഫലമായി ലഭിച്ച പണം ഉപയോഗിച്ച് എഡിജിപി എം.ആർ.അജിത്കുമാർ തിരുവനന്തപുരം നഗരത്തിലെ പട്ടത്ത് ഫ്ലാറ്റ് വാങ്ങിയെന്ന ആരോപണവുമായി പി.വി.അൻവർ എംഎൽഎ. 33.80 ലക്ഷം രൂപയ്ക്കു വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിനുശേഷം 65 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തി. ഈ വിൽപ്പനയിലൂടെ 32 ലക്ഷം രൂപ കള്ളപ്പണം വെളുപ്പിച്ചതിലൂടെ അജിത്കുമാറിന് ലഭിച്ചു. 4 ലക്ഷത്തിലധികം രൂപയുടെ നികുതി വെട്ടിപ്പും ഇടപാടിലൂടെ നടന്നതായും അൻവർ ആരോപിച്ചു. മുഖ്യമന്ത്രി 11 മണിക്ക് വാർത്താസമ്മേളനം നടത്തുന്നതിന് മുൻപായാണ് അൻവര്‍ വാർത്താസമ്മേളനം നടത്തി എഡിജിപിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെയും അൻവർ രൂക്ഷ വിമർശനം നടത്തി.

നിയമസഭാ തിര‍ഞ്ഞെടുപ്പ് നടക്കുന്നതിനു മുൻപ്, 2016 ഫെബ്രുവരി 19നാണ് അജിത് കുമാർ ഫ്ലാറ്റ് വാങ്ങിയതെന്ന് പി.വി.അൻവർ പറഞ്ഞു. 33.80 ലക്ഷത്തിനു വാങ്ങിയ ഫ്ലാറ്റ് 10 ദിവസം കഴിഞ്ഞ് 65 ലക്ഷംരൂ പയ്ക്ക് വിൽപ്പന നടത്തിയ മാജിക് എന്താണെന്നും, ആരാണ് ഫ്ലാറ്റിൽ ഇപ്പോൾ താമസിക്കുന്നതെന്നും, വാടക ആരാണ് വാങ്ങുന്നതെന്നും മാധ്യമങ്ങൾ അന്വേഷിക്കണം. നിർമാണ കമ്പനി പ്രതിനിധിയാണ് ഫ്ലാറ്റ് തിരികെ വാങ്ങിയത്. 55 ലക്ഷംരൂപ വിലയുള്ളപ്പോഴാണ് 34 ലക്ഷത്തിന് കമ്പനി അജിത് കുമാറിന് ഫ്ലാറ്റ് വിറ്റത്. തിരികെ വാങ്ങിയത് 65 ലക്ഷത്തിനും. 32 ലക്ഷംരൂപ കള്ളപ്പണം വെളുപ്പിച്ചതിലൂടെ അജിത് കുമാറിന് ലഭിച്ചു. ഇങ്ങനെ നിരവധി ഇടപാടുകൾ അജിത്കുമാർ‌ നടത്തി. കവടിയാറിൽ ആഡംബര വീട് നിർമിക്കുന്നതിനോട് ചേർന്ന് സഹോദരന്റെ പേരിൽ വസ്തു വാങ്ങി. അതു സംബന്ധിച്ചും ഡിജിപിക്ക് ഇന്ന് കത്തു നൽകുമെന്ന് അൻവർ പറഞ്ഞു. 

വസ്തു വാങ്ങിയാൽ‌ ആധാരം റജിസ്റ്റർ ചെയ്തു രേഖകൾ ലഭിക്കാൻ 15 ദിവസം ചുരുങ്ങിയത് വേണം. അജിത്കുമാറിന് വേഗം രേഖകൾ ലഭിച്ചു. ഫ്ലാറ്റ് ഇടപാടിലൂടെ ഭീകര നികുതി വെട്ടിപ്പും നടന്നു. ഒരു വസ്തു വാങ്ങി 90 ദിവസത്തിനകം മറ്റൊരാൾക്ക് വിറ്റാൽ സ്റ്റാംപ് ഡ്യൂട്ടിയുടെ ഇരട്ടി അടയ്ക്കണം. 2020വരെ ആ നിയമം ഉണ്ടായിരുന്നു. അജിത്കുമാർ ഈ നികുതി കൃത്യമായി അടച്ചിട്ടില്ല. 4 ലക്ഷത്തിലധികം രൂപ ഇങ്ങനെ വെട്ടിച്ചു. ഇതെല്ലാം വിജിലൻസ് അന്വേഷിക്കണം. മൂന്നു വീട് അജിത് കുമാറിനുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും വീട് വാങ്ങാൻ ഔദ്യോഗിക അനുമതി വാങ്ങിയിട്ടില്ല. ഭാര്യയുടെയും ഭാര്യാസഹോദരൻമാരുടെയും പേരിലുള്ള സ്വത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നും പി.വി.അൻവർ‌ പറഞ്ഞു.

English Summary:

P.V. Anwar Alleges Money Laundering, Tax Evasion by ADGP Ajith Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com