ADVERTISEMENT

തൃശൂർ/തിരുവനന്തപുരം ∙ തൃശൂർ പൂരം അലങ്കോലമായ സംഭവം പൊലീസ് അന്വേഷിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെക്കുറിച്ച് അറിയില്ലെന്നു പൊലീസിന്റെ വിവരാവകാശ രേഖ വെളിപ്പെടുത്തി. മനോരമ ന്യൂസിന് പൊലീസ് ആസ്ഥാനത്തു നിന്നു നൽകിയ മറുപടിയാണ് സർക്കാരിന്റെ ഒളിച്ചുകളി പുറത്തുകൊണ്ടുവന്നത്. 

തൃശൂർ പൂരം മുടങ്ങിയതിൽ അന്വേഷണമുണ്ടോ? അന്വേഷണച്ചുമതല ആർക്കാണ്? അന്വേഷണം പൂർത്തിയായോ? എന്നീ ചോദ്യങ്ങൾക്ക് ഇതുസംബന്ധിച്ച ഉത്തരം നൽകേണ്ടത് തൃശൂർ സിറ്റി പൊലീസും ജില്ലാ പൊലീസ് മേധാവിയുമാണെന്നായിരുന്നു പൊലീസ് ആസ്ഥാനത്തെ മറുപടി. ഡിജിപി നിയോഗിച്ച എഡിജിപിയുടെ അന്വേഷണത്തെപ്പറ്റി പൊലീസ് ആസ്ഥാനം അറിഞ്ഞിട്ടുപോലുമില്ല. പൊലീസിന് വീഴ്ചയുണ്ടായതായി അറിയില്ലെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും തൃശൂർ സിറ്റി പൊലീസും മറുപടി നൽകി.

പൊലീസ് ഇടപെട്ടു പൂരം കലക്കിയെന്ന പരാതി അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കു നിർദേശം നൽകിയെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ഏപ്രിൽ 21നാണ് അറിയിച്ചത്. എഡിജിപി എം.ആർ.അജിത് കുമാറിനെ ഡിജിപി അന്വേഷണത്തിനു നിയോഗിക്കുകയും ചെയ്തു. ദേവസ്വം ഭാരവാഹികളിൽ നിന്നടക്കം മൊഴിയെടുത്തെങ്കിലും അതിനപ്പുറം ഒന്നുമുണ്ടായില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു പൂരം അലങ്കോലമാക്കൽ എന്ന് ആരോപണമുയർന്നിരുന്നു. 

മറുപടിക്ക് സസ്പെൻഷൻ  

തിരുവനന്തപുരം ∙ തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിട്ടില്ലെന്ന് വിവരാവകാശനിയമ പ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. മറുപടി തെറ്റാണെന്നും സർക്കാരിനും പൊലീസ് സേനയ്ക്കും കളങ്കമുണ്ടാക്കിയെന്നും കാട്ടി പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം.എസ്.സന്തോഷിനെയാണ് സസ്പെൻഡ് ചെയ്തത്. മറുപടി വിവാദമായതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇന്നലെ രാത്രി വാർത്താക്കുറിപ്പിറക്കിയത്.

തടിയൂരാൻ നീക്കം

പൊലീസ് അന്വേഷണം നടന്നിട്ടില്ലെന്ന വിവരം പുറത്തുവന്നതോടെ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിക്കാൻ എഡിജിപിയുടെ ഓഫിസിൽ തിരക്കിട്ട നീക്കം തുടങ്ങി. 5 മാസം റിപ്പോർട്ട് നൽകാതിരുന്ന എഡിജിപി എം.ആർ.അജിത്കുമാർ ചെന്നൈയിൽ നിന്നു തിരിച്ചെത്തിയ ഉടൻ ഡിജിപിക്ക് റിപ്പോർട്ട് നൽകി തടിയൂരാനാണ് നീക്കം. കമ്മിഷണറായിരുന്ന അങ്കിത് അശോകന്റെയും മറ്റും മൊഴി നേരത്തേ എഡിജിപി നേരിട്ട് എടുത്തിരുന്നുവെന്നാണ് വിവരം. പൂരം കലക്കിയതിൽ അജിത്തിനു പങ്കുണ്ടെന്ന ആരോപണം ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നേതൃത്വത്തിലെ പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് വിവരം. 

English Summary:

Thrissur Pooram: Police Unaware of Investigation Announced by Chief Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com