ADVERTISEMENT

കോയമ്പത്തൂർ ∙ പൊലീസുകാരെ കത്തികൊണ്ടു വെട്ടി കടന്നുകളയാൻ ശ്രമിച്ച പ്രതിയെ കോയമ്പത്തൂർ സിറ്റി പൊലീസ് വെടിവച്ചു വീഴ്ത്തി. നാഗർകോവിൽ, കൃഷ്ണൻകോവിൽ വാധ്യാർ വിളയിൽ ആൽവിൻ ഹെസക്കിയേലിനെയാണ് (40) റേസ്കോഴ്സ് സബ് ഇൻസ്പെക്ടർ കാർത്തികേയൻ ഇരു കാൽമുട്ടിലും വെടിവച്ചു വീഴ്ത്തിയത്. ശനിയാഴ്ച പുലർച്ചെ 2.30നു കൊഡിസിയ മൈതാനിയിലാണു സംഭവം.

2023 ഫെബ്രുവരി 12ന് ഗുണ്ടാ നേതാവ് മധുര സത്യപാണ്ടിയെ ആവാരംപാളയം - നവഇന്ത്യ റോഡിൽ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. പിന്നീട് കോടതിയിൽ കീഴടങ്ങിയ ആൽവിൻ മാസങ്ങൾക്കു ശേഷം ജാമ്യത്തിലിറങ്ങി. തുടർച്ചയായി കോടതിയിൽ ഹാജരാകാതെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് കോടതി കഴിഞ്ഞ ജൂലൈ 26ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു,

സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ കാർത്തികേയന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിനിടെയാണ് ഇയാൾ കൊഡിസിയ മൈതാനി ഭാഗത്ത് ഒളിവിൽ കഴിയുന്നതായി വിവരം ലഭിച്ചത്. പൊലീസ് വളഞ്ഞതോടെ ആൽവിൻ കത്തികൊണ്ട് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ഹെഡ്കോൺസ്റ്റബിൾ രാജ്കുമാറിനെ വെട്ടിയ ശേഷം കടന്നുകളയാൻ ശ്രമിച്ചപ്പോഴാണ് എസ്ഐ 3 തവണ വെടിയുതിർത്തത്.

ഇതിൽ 2 ബുള്ളറ്റുകൾ രണ്ട് കാലിന്റെയും മുട്ട് തകർത്തു. താഴെവീണ പ്രതിയെ ഉടൻ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രി ജയിൽ വാർഡിലെത്തിച്ചു ചികിത്സ നൽകിവരികയാണ്. പരുക്കേറ്റ പൊലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡപ്യൂട്ടി കമ്മിഷണർ സ്റ്റാലിൻ സംഭവസ്ഥലം സന്ദർശിച്ചു.

English Summary:

Murder Suspect Shot by Coimbatore Police During Escape Attempt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com