ADVERTISEMENT

കുമരകം ∙ കോട്ടയം - കുമരകം - ചേർത്തല റൂട്ടിൽ കൈപ്പുഴമുട്ട് പാലത്തിനോടു ചേർന്നുള്ള റോഡിൽനിന്ന് ആറ്റിലേക്കു കാർ മറിഞ്ഞു രണ്ടുപേർ മുങ്ങിമരിച്ചു. മഹാരാഷ്ട്ര താനെ കല്യാൺ തങ്കെവാടി പ്രീതാ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ 3ൽ താമസിക്കുന്ന കൊട്ടാരക്കര ഓടനാവട്ടം ജി.വി. നിവാസിൽ ജയിംസ് ജോർജ് (48), മഹാരാഷ്ട്ര ബദ്‌ലാപുർ ശിവാജി ചൗക്കിൽ രാജേന്ദ്ര സർജെയുടെ മകൾ ശൈലി രാജേന്ദ്ര സർജെ (27) എന്നിവരാണു മരിച്ചത്. കൊച്ചിയിൽ നിന്നു വാടകയ്ക്കെടുത്ത കെഎൽ 07 സികെ 1239 നമ്പർ കാറാണ് അപകടത്തിൽപെട്ടത്. കാറിൽ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു.  

ഇന്നലെ രാത്രി 8.40ന് ആയിരുന്നു അപകടം. നല്ല മഴയുണ്ടായിരുന്നു. കുമരകത്ത് എത്തിയ ശേഷം ഇവർ കൈപ്പുഴമുട്ട് പാലത്തിന് സമീപമുള്ള റോഡിലൂടെ പോകുമ്പോൾ ഇടത്തേക്ക് തിരിയുന്നതിനു പകരം നേരെ പോയി ആറ്റിലേക്കു വീഴുകയായിരുന്നു എന്ന് കരുതുന്നു. ഇവിടെ ഹോംസ്റ്റേകളുണ്ട്. അത് അന്വേഷിച്ചു പോയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. 

ജയിംസ് ജോർജ്, ശൈലി രാജേന്ദ്ര സർജെ
ജയിംസ് ജോർജ്, ശൈലി രാജേന്ദ്ര സർജെ

രണ്ടുപേർ വള്ളത്തിൽ ഈ സമയം പാലത്തിനു താഴെയുണ്ടായിരുന്നു. ഇവർ വെള്ളത്തിലേക്കു ചാടി കാറിൽ പിടിച്ചെങ്കിലും കാർ താഴ്ന്നു പോയി. അഗ്നിരക്ഷാസേനയുടെ സ്കൂബ ഡൈവിങ് സംഘവും പൊലീസും എത്തി ഒന്നേകാൽ മണിക്കൂറോളം തിരച്ചിൽ നടത്തിയ ശേഷമാണു പത്തുമീറ്റർ അകലെ കാർ കണ്ടെത്തിയത്. ഡ്രൈവിങ് സീറ്റിൽ നിന്ന് ജയിംസിന്റെയും പിൻസീറ്റിൽ നിന്ന് ശൈലിയുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. 

പരേതനായ ജോർജ് വർഗീസിന്റെയും അന്നമ്മ ജോർജിന്റെയും മകനാണു ജയിംസ്. ഭാര്യ: അനു. മകൻ: ജെർമി ജയിംസ്. സ്വകാര്യ കമ്പനി ജീവനക്കാരനായ ജയിംസ് ഓഫിസ് ആവശ്യത്തിന് കേരളത്തിലേക്ക് എത്തിയെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് ഇവർ കൊച്ചിയിലെത്തിയത്.

English Summary:

Car plunges into river in Kottayam; 2 died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com