ADVERTISEMENT

കൊച്ചി ∙ മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ തർക്കവും നാടകീയ സംഭവവികാസങ്ങളും. മൃതദേഹം മാറ്റുന്നതിൽ പ്രതിഷേധിച്ച മകൾ ആശയെയും മകനെയും ബലം പ്രയോഗിച്ചു നീക്കി. തുടർന്ന് പൊലീസിന്റെ സഹായത്തോടെ മൃതദേഹം നീക്കുകയായിരുന്നു. മകൾ ആശ ഉൾപ്പെടെയുള്ളവരുടെ സത്യവാങ്മൂലങ്ങൾ പരിശോധിച്ചശേഷം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെയായിരുന്നു എറണാകുളം ടൗൺഹാളിലെ നാടകീയ സംഭവവികാസങ്ങൾ.

കോടതി വിധി പറഞ്ഞതിനു പിന്നാലെ മൃതദേഹത്തിനരികിൽ ആശയും മകനും നിലയുറപ്പിച്ചു. സിപിഎമ്മിന്റെ വനിതാ അംഗങ്ങളും മുദ്രാവാക്യം വിളികളുമായി ഇവിടെയെത്തി. മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും സിപിഎം മൂർദാബാദ് എന്നും വിളിച്ച് ആശ ഇതോടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ചു കിടന്നു. ഇതോടെ സിപിഎം അംഗങ്ങൾ പിന്നോട്ടുമാറുകയും എംഎം ലോറന്‍സിന്റെ മറ്റൊരു മകൾ സുജാത അടക്കമുള്ള ബന്ധുക്കൾ ഇവർക്കരികിലെത്തുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ ആശയുടെ മകനെ ബലമായി മൃതദേഹത്തിനരികിൽ നിന്നു മാറ്റി. കയ്യേറ്റ ശ്രമവും ഉണ്ടായതോടെ മറ്റു ബന്ധുക്കൾ ഇടപെട്ട് സംഭവങ്ങൾ നിയന്ത്രിക്കുകയായിരുന്നു. ഇതിനിടെ ആശയും നിലത്തുവീണു. മൃതദേഹം രാവിലെ ടൗൺഹാളിൽ പൊതുദര്‍ശനത്തിന് വച്ചപ്പോൾ ആശ എത്തുകയും പിന്നീട് മടങ്ങുകയും ചെയ്തിരുന്നു. തുടർന്ന് കോടതിവിധി വന്നതിനുശേഷം മകനൊപ്പം ആശ വീണ്ടും ടൗൺ ഹാളിലെത്തി.

ലോറൻസിനെ തന്റെ അമ്മ ബേബിയെ സംസ്കരിച്ചിരിക്കുന്ന കലൂർ കതൃക്കടവ് സെന്റ് ഫ്രാൻസിസ് പള്ളിയിൽ തന്നെ സംസ്കരിക്കണമെന്നാണ് ആശയുടെ ആവശ്യം. ആശയുടെ മകൻ മിലൻ ബിജെപി പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ എം.എം.ലോറന്‍സ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സിപിഎം എം.എം.ലോറൻസിനെ പാർട്ടിയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ് എന്നായിരുന്നു ആശയുടെ നിലപാട്.  മൃതദേഹം ആശുപത്രിക്ക് കൈമാറാൻ തീരുമാനിച്ചതിനു പിന്നിലും ചതിയുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. മൃതദേഹം ആശുപത്രിക്ക് കൈമാറുന്നതിനെതിരെ ഞായറാഴ്ച തന്നെ ഫെയ്സ്ബുക് പോസ്റ്റുമായി ആശ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനിടെ ലോറൻസിന്റെ മൃതദേഹം  കളമശേരിയിലുള്ള എറണാകുളം ഗവ.മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. എത്രയും വേഗം മൃതദേഹത്തിന്റെ കാര്യത്തിൽ മെഡിക്കൽ കോളജ് അധികൃതർ തീരുമാനമെടുത്തേക്കും.

English Summary:

Issues while shifting body of senior CPM leader MM Lawrence to hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com