ADVERTISEMENT

ചണ്ഡിഗഢ്∙ ഒക്ടോബർ 5ന് ഹരിയാന നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള 1031 സ്ഥാനാർഥികളിൽ ആകെയുള്ളത് 51 വനിതകൾ മാത്രം. ആകെയുള്ള സ്ഥാനാർഥികളുടെ 5 ശതമാനം പോലും വനിതാ സ്ഥാനാർഥികളില്ല. 1,559 സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചതിൽ, സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, 1221 പേരുടെ സ്ഥാനാർഥിത്വമാണ് സാധുവാണെന്ന് കണ്ടെത്തിയത്. ഇതിൽ നിന്ന് കുറച്ച് പേർ കൂടി പിന്മാറി. ഇതോടെയാണ് മത്സരരംഗത്ത് 51 വനിതൾ മാത്രം അവശേഷിച്ചത്.

വനിതാ സ്ഥാനാർത്ഥികളിൽ ഭൂരിഭാഗം പേരും രാഷ്ട്രീയ പിന്തുണയള്ളവരോ സെലിബ്രിറ്റി പദവിയുള്ളവരോ ആണെന്നതും ശ്രദ്ധേയമാണ്. 1966-ൽ പഞ്ചാബ് – ഹരിയാന സംസ്ഥാനങ്ങളായി വിഭജിക്കപ്പെട്ട ശേഷം 87 സ്ത്രീകളെ മാത്രമേ ഹരിയാന നിയമസഭയിലേക്ക് വോട്ടർമാർ വിജയിപ്പിച്ചിട്ടുള്ളൂ. ഹരിയാനയിൽ ഇതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടുമില്ല. ഏറ്റവും ഒടുവിലെ സെൻസസ് പ്രകാരം 1000 പുരുഷന്മാർക്ക് 916 സ്ത്രീകൾ എന്നതാണ് സംസ്ഥാനത്തെ ജനസംഖ്യാനുപാതമെന്നതും ശ്രദ്ധേയമാണ്.

ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസാണ് ഹരിയാനയിൽ ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികൾക്ക് അവസരം നൽകിയിരിക്കുന്നത്. ഗുസ്തി താരം വിനേഷ് ഫോഗട്ട് അടക്കം 12 വനിതാ സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ നാഷണൽ ലോക്ദള്‍ (ഐഎൻഎൽഡി) – ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) സഖ്യം 11 വനിതാ സ്ഥാനാർത്ഥികള്‍ക്ക് ടിക്കറ്റ് നൽകിയിട്ടുണ്ട്. ഭരണകക്ഷിയായ ബിജെപി 10 വനിതകൾക്കും ജനനായക് ജനതാ പാർട്ടി (ജെജെപി) – ആസാദ് സമാജ് പാർട്ടി സഖ്യം എട്ട് വനിതകൾക്കും സീറ്റ് നൽകി.

2019ലെ നിയസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിച്ചവരടക്കം 104 വനിതാ സ്ഥാനാർഥികള്‍ മത്സരരംഗത്തുണ്ടായിരുന്നിടത്തു നിന്നാണ് ഇത്തവണ അതിന്റെ പകുതിയിലേക്ക് താഴ്ന്നിരിക്കുന്നത്. അന്ന് പക്ഷേ 9 വനിതകൾ മാത്രമേ വിജയിച്ചുള്ളൂ. 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 116 വനിതകൾ മത്സരരംഗത്തുണ്ടായിരുന്നു. ഇതാണ് സംസ്ഥാനത്തെ നിയസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും അധികം വനിതാ സ്ഥാനാർഥികൾ മത്സരരംഗത്തുണ്ടായിരുന്ന വർഷം. പക്ഷേ അന്ന് 13 വനിതകൾക്ക് മാത്രമാണ് വിജയിച്ച് നിയമസഭയിലേക്ക് എത്തിയത്. ഇത്തവണ 51 വനിതാ സ്ഥാനാർഥികൾ മത്സരരംഗത്തുള്ള ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എത്ര വനിതകൾ ചണ്ഡിഗണ്ഡിലെ വിധാൻ സഭയിലേക്ക് പോകുമെന്ന് കാത്തിരുന്ന് കാണാം.

English Summary:

Haryana Elections 2023: Women Missing from Political Arena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com