ADVERTISEMENT

കൊച്ചി ∙ ‘‘വേണാട് കോട്ടയത്ത് നിന്ന് എടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ് പല ദിവസവും. ഗാർഡ് സിഗ്നൽ കൊടുത്താലേ ലോക്കോ പൈലറ്റിന് ട്രെയിൻ എടുക്കാൻ പറ്റൂ. ആളുകൾ തൂങ്ങിക്കിടക്കിടക്കുന്നതു കൊണ്ട് ട്രെയിൻ എടുക്കാൻ  പറ്റുന്നില്ല. ഏറ്റുമാനൂരൊക്കെ ഒരു മിനിറ്റിലധികമാണ് ട്രെയിൻ നിർത്തിയിടുന്നത്. പിറവം എത്തുമ്പോൾ സ്ത്രീകൾ നിലവിളിക്കും. സ്ത്രീകളടക്കം തൂങ്ങിക്കിടന്നാണ് പോകുന്നത്. പലർക്കും കയറാൻ പോലും പറ്റുന്നില്ല. ഇങ്ങനെ വൈകുന്നതുകൊണ്ട് സമയക്രമം പാലിക്കാനും പറ്റുന്നില്ല. ആകെ ദുരിതമാണ് യാത്ര’’– എറണാകുളത്ത് ജോലി ചെയ്യുന്ന സ്ഥിരം യാത്രികരിലൊരാള്‍ പങ്കുവച്ച അനുഭവമാണിത്.

ഇരട്ടപ്പാതയും അനുബന്ധ സംവിധാനങ്ങളും മെമുവിന് മാത്രമായി പണിതീർത്ത 1എ പ്ലാറ്റ്ഫോമുമടക്കം 6 പ്ലാറ്റ്ഫോമിലും പരിഹാരമാവാതെ തീരാദുരിതമായി മാറിയിരിക്കുകയാണ് കോട്ടയത്തുനിന്ന് എറണാകുളത്തേയ്ക്കുള്ള യാത്ര. പുലർച്ചെ 6.58നുള്ള പാലരുവിയിലെ തിരക്ക് കണ്ട് മടിച്ച് അടുത്ത ട്രെയിനായി കാത്തുനിൽക്കുന്നവരെ സ്വീകരിക്കുന്നത് ഒന്നരമണിക്കൂറിന് ശേഷം ചവിട്ടുപടിവരെ തിങ്ങിനിറഞ്ഞെത്തുന്ന വേണാടാണ്. ഇരു ട്രെയിനിലും കയറിപ്പറ്റാൻ കഴിയാതെ യാത്രക്കാർ മടങ്ങുന്നതും സ്ഥിരം കാഴ്ച. കോട്ടയം വഴിയുള്ള കടുത്ത യാത്രാദുരിതത്തിന് പരിഹാരം തേടി യാത്രക്കാർ ഇനി മുട്ടാത്ത വാതിലുകളില്ല.

venad-express-passengers-2gif-gif
തീവണ്ടികളിലെ തിരക്കേറിയ യാത്ര, Photo: Special Arrangement

പാലരുവിയിൽ അടുത്തിടെ 4 കോച്ചുകൾ അധികമായി ഉൾ‍പ്പെടുത്തിയിട്ടും തിരക്കിന് യാതൊരു കുറവുമില്ല. റെയിൽവേ ടൈംടേബിൾ നോക്കി തൃശൂരിലേക്കും പാലക്കാട്ടേക്കും പോകേണ്ടവർ രാവിലെ സ്റ്റേഷനിലെത്തിയ ശേഷം പലപ്പോഴും നിരാശരായി മടങ്ങുകയാണ്. പാലരുവിയിലും വേണാടിലും അൺ റിസർവ്ഡ് കോച്ചുകൾ കൂടുതലുള്ള വിശ്വാസത്തിലാണ് ജനറൽ ടിക്കറ്റ് എടുത്ത് പലരും പ്ലാറ്റ്ഫോമിലെത്തുന്നത്. എന്നാൽ കോട്ടയത്തിന് മുമ്പേ നിറഞ്ഞാണ് ഇരു ട്രെയിനുകളും എത്തുന്നത്.

venad-express-passengers-3gif-gif
തീവണ്ടികളിലെ തിരക്കേറിയ യാത്ര, Photo: Special Arrangement

സീസൺ യാത്രക്കാർ അതിസാഹസികമായി ജീവൻ പണയം വച്ച് വാതിലിൽ തൂങ്ങി നിന്നാണ് ഈ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. ജനറൽ ടിക്കറ്റായത് കൊണ്ട് തന്നെ ക്യാൻസൽ ചെയ്യാനും സാധ്യമല്ല. പ്രായമായവരെയും കൊണ്ട് ഇവിടെനിന്ന് ട്രെയിൻ യാത്ര സ്വപ്നം കാണാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. സ്ഥിരയാത്രക്കാർക്ക് പോലും രാവിലെ ട്രെയിനിൽ കടന്നുകൂടാൻ കഴിയാത്ത അവസ്ഥയാണ്. പാലരുവി കടന്നുപോയാൽ ഒന്നരമണിക്കൂറിന് ശേഷമാണ് അടുത്ത ട്രെയിനായ വേണാട് കോട്ടയത്ത് എത്തുന്നത്. ഈ ഇടവേളയാണ് ഇരുട്രെയിനുകളിലും തിരക്ക് വർധിപ്പിക്കുന്നത് എന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

പാലരുവിക്കും വേണാടിനും ഇടയിൽ ഒരു മെമു സർവീസ് ആരംഭിക്കണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. വന്ദേഭാരത്‌, വന്ദേ മെട്രോ സർവീസുകളിൽ മാത്രമാണ് റെയിൽവേ ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകുന്നത് എന്നും യാത്രാക്ലേശം പരിഹരിക്കുന്നതിൽ റെയിൽവേ യാതൊരു താത്പര്യവും കാണിക്കുന്നില്ലെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം ആരോപിച്ചു. 

മെമു പാസഞ്ചർ സർവീസുകൾ കൊണ്ട് മാത്രമേ ഹാൾട്ട് സ്റ്റേഷൻ അടക്കമുള്ള യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകൂ എന്നാണ് വിദഗ്ധർ പറയുന്നത്. വീണ്ടും പ്രീമിയം ട്രെയിൻ അനുവദിക്കുന്നതിന് മുമ്പ് നിലവിലെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണണമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് പ്രതിനിധി ശ്രീജിത്ത് കുമാർ ആവശ്യപ്പെട്ടു. തിരക്കേറിയ കോട്ടയം - എറണാകുളം പാതയിൽ വന്ദേ മെട്രോ അവതരിപ്പിച്ച് വീണ്ടും യാത്രക്കാരെ കൊള്ളയടിക്കാനും വഴിയിൽ പിടിച്ചിടാനുമാണ് റെയിൽവേയുടെ നീക്കമെങ്കിൽ ശക്തമായ പ്രതിഷേധങ്ങൾക്ക്‌ കോട്ടയം സാക്ഷിയാകും. പ്രീമിയം ട്രെയിനുകൾ  ആവശ്യപ്പെടുന്ന ജനപ്രതിനിധികൾക്ക് അത് അപമാനകരമാകുമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. അടിയന്തരമായി മെമു സർവീസ് അനുവദിച്ച് തിരക്കിന് പരിഹാരം കാണണമെന്നും യാത്രക്കാരായ കൃഷ്ണ മധു, അംബിക ദേവി, സനൂജ, സിമി ജ്യോതി എന്നിവർ ആവശ്യപ്പെട്ടു.

English Summary:

Overcrowded Trains on the Kottayam-Eranakulam Route: A Daily Struggle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com