‘റൈസ് പുള്ളർ’ ഇടപാടിൽ 10 ലക്ഷം നഷ്ടം; കയ്പമംഗലത്ത് യുവാവിനെ കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ചു
Mail This Article
തൃശൂർ∙ അത്ഭുതശേഷിയുണ്ടെന്ന് തട്ടിപ്പുകാർ അവകാശപ്പെടുന്ന ‘റൈസ് പുള്ളർ’ ഇടപാടുമായി ബന്ധപ്പെട്ട് കയ്പമംഗലത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ആംബുലൻസിനുള്ളിൽ ഉപേക്ഷിച്ചശേഷം കൊലയാളി സംഘം രക്ഷപ്പെട്ടു. അരുണിനൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ അഴീക്കലിലുള്ള ഐസ് ഫാക്ടറി ഉടമ സാദിഖിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ‘റൈസ് പുള്ളർ’ നൽകാമെന്ന് പറഞ്ഞ് സാദിഖിൽനിന്ന് അരുൺ വാങ്ങിയ 10 ലക്ഷം രൂപ തിരികെ നൽകാത്തതിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഒരാളെ വാഹനം ഇടിച്ചെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് സ്വകാര്യ ആംബുലൻസ് ഡ്രൈവറിന് ഫോൺകോൾ വന്നത്. ഡ്രൈവർ അപകട സ്ഥലത്തെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന കാറിൽ 4 പേരുണ്ടായിരുന്നു. യുവാവിന്റെ ശരീരം റോഡിൽ കിടക്കുകയായിരുന്നു. വണ്ടി തട്ടിയെന്നും യുവാവിനെ ഉടൻ ആശുപത്രിയിലെത്തിക്കാനും സംഘം ആവശ്യപ്പെട്ടു. യുവാവിനെ ആംബുലൻസിൽ കയറ്റിയപ്പോൾ, കൂടെ വരാൻ ആംബുലൻസ് ഡ്രൈവർ സംഘത്തിലുള്ളവരോട് ആവശ്യപ്പെട്ടു. കാറിൽ വരാമെന്ന് സംഘം പറഞ്ഞു. യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോൾ സംഘം എത്തിയിരുന്നില്ല. ഡോക്ടർമാർ പരിശോധിച്ചപ്പോൾ അരുൺ മരിച്ചതായി മനസ്സിലായി. അരുണിന്റെ ദേഹത്തുടനീളം മർദനത്തിന്റെ പാടുകളുണ്ടായിരുന്നു. മൂക്കിന്റെ പാലം പൊട്ടിയ നിലയിലായിരുന്നു.
അരുണിന്റെ സുഹൃത്ത് ശശാങ്കനെയും മർദനമേറ്റ നിലയിൽ പിന്നീട് പൊലീസ് കണ്ടെത്തി. ശശാങ്കനാണ് മർദനവിവരം പൊലീസിനോട് പറഞ്ഞത്. ഐസ് ഫാക്ടറി ഉടമ സാദ്ദിഖുമായി അരുണിന് സാമ്പത്തിക ഇടപാടുണ്ടെന്നുള്ള വിവരം ശശാങ്കൻ പൊലീസിനെ അറിയിച്ചു. റൈസ് പുള്ളറിനായി 10 ലക്ഷംരൂപ ഐസ് ഫാക്ടറി ഉടമ നൽകിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പണം മടക്കി നൽകിയില്ല. രണ്ടു ദിവസം മുൻപ് അരുണിനെയും സുഹൃത്ത് ശശാങ്കനെയും സാദ്ദിഖ് തൃശൂരിലേക്ക് വിളിച്ചു വരുത്തി. തൃശൂർ പാലിയേക്കര ടോൾ പ്ലാസയുടെ ഭാഗത്ത് കാണാമെന്നായിരുന്നു ധാരണ. സ്ഥലത്തെത്തിയ അരുണിനെയും സുഹൃത്തിനെയും ആളൊഴിഞ്ഞ എസ്റ്റേറ്റിലെത്തിച്ച് ബന്ധിയാക്കി ക്രൂരമായി മർദിച്ചു. മർദനത്തിൽ അരുൺ കൊല്ലപ്പെട്ടു. മൃതദേഹം കാറിലാക്കി കയ്പ്പമംഗലം ഭാഗത്തെത്തിച്ചശേഷം ആംബുലൻസ് വിളിച്ചു വരുത്തുകയായിരുന്നു.
സാദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് ഇവർക്കായി തിരച്ചിൽ നടത്തുകയാണ് പൊലീസ്. അതേസമയം ശശാങ്കനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അത്ഭുതശേഷികളുണ്ടെന്ന് തട്ടിപ്പുകാർ അവകാശപ്പെടുന്ന ചെമ്പുകുടമാണ് ‘റൈസ് പുള്ളർ’. ഇറിഡിയം കോപ്പർ എന്ന ലോഹം കൊണ്ട് നിർമിച്ചിരിക്കുന്ന ഇതിന് അരിമണികളെ ആകർഷിക്കാനുള്ള കഴിവുണ്ടെന്നാണ് അവകാശവാദം. സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ ഇത് സഹായിക്കുമെന്നാണ് തട്ടിപ്പുകാർ പ്രചരിപ്പിക്കുന്നത്.