മലയോളം മൺകൂമ്പാരം; കുത്തിയൊലിച്ച് ഗംഗാവലിപ്പുഴ, 72 നാൾ നീണ്ട മിഷൻ അർജുൻ
Mail This Article
‘ആർക്കാണ് ഇത്രയ്ക്ക് സ്വാധീനം ലോറി ഉടമയ്ക്കാണോ, അതോ ഡ്രൈവർക്കോ?’ അർജുന് വേണ്ടി മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ളവർ തുടർച്ചയായി കർണാടകയെ ബന്ധപ്പെട്ടപ്പോൾ കർണാടക ഉദ്യോഗസ്ഥർ ലോറി ഉടമ മനാഫിനോട് ചോദിച്ച ചോദ്യം ഇതായിരുന്നു. അതിന് മനാഫ് നൽകിയ മറുപടി ‘കാണാതായത് ഒരു മലയാളിയെയാണ്, അതുകൊണ്ടാണു കേരളം മൊത്തം ഉണർന്നത്’ എന്നായിരുന്നു. ഇത്രമേൽ വൈകാരികമായി ഒരു മനുഷ്യജീവന് വേണ്ടി കേരളം ഒന്നിച്ച് പ്രാർഥിച്ചിട്ടില്ല.
തിരച്ചിലിന്റെ ആദ്യഘട്ടത്തിൽ ഓരോ ദിവസവും അർജുൻ ജീവനോടെ തിരിച്ചുവരും എന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു ഓരോ മലയാളിയും. ഒരുവേളയിൽ കേരള–കർണാടക ബന്ധം പോലും വഷളാകുമോ എന്ന രീതിയിൽ കർണാടക സർക്കാരിനെതിരെ സൈബർ ആക്രമണം പോലുമുണ്ടായി. തിരച്ചിലിന് വേഗം പോരെന്ന് ചിന്തിച്ച് അവനെ ജീവനോടെ കണ്ടെത്തിയേ പറ്റൂ എന്ന വാശിയിൽ അർജുനെ തിരയാൻ കേരളത്തിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകരടക്കം ഷിരൂരിലേക്ക് തിരിച്ചു.
തിരച്ചിലിന് തുടക്കം മുതൽ പ്രതിസന്ധി സൃഷ്ടിച്ചത് കാലാവസ്ഥയായിരുന്നു. വീണ്ടും മണ്ണിടിഞ്ഞ് അപകടം ഉണ്ടായേക്കാവുന്ന സാധ്യതയും മുന്നിലുണ്ടായിരുന്നു. മലയോളം പൊക്കത്തിൽ കിടക്കുന്ന ഇടിഞ്ഞുവീണ മൺകൂമ്പാരത്തെ നോക്കി ഇതിനടിയിലെവിടെയോ ആണ് അർജുൻ എന്ന നിഗമനത്തിൽ തുടക്കത്തിൽ കര കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ. മണ്ണുമാറ്റുന്ന ഓരോ ദിവസവും മുഴുവൻ കേരളവും പ്രതീക്ഷയോടെ ഉറ്റുനോക്കി. റഡാർ ലഭിച്ചുള്ള പരിശോധനയിൽ സിഗ്നലുകൾ ലഭിച്ചതോടെ പ്രതീക്ഷ ഇരട്ടിച്ചു.
എന്നാൽ പതിമൂന്നാം ദിവസം മണ്ണുമുഴുവൻ മാറ്റിക്കഴിഞ്ഞിട്ടും അർജുനെ കണ്ടെത്താനാകാതെ വന്നതോടെയാണ് അന്വേഷണം ഗംഗാവലിപ്പുഴയിലേക്ക് കേന്ദ്രീകരിക്കുന്നത്. അപ്പോഴും കുലംകുത്തിയൊഴുകുന്ന ഗംഗാവലിയിൽ തിരച്ചിൽ സാധ്യമായിരുന്നില്ല. ജൂലൈ 22 മുതലാണ് ഗംഗാവലി പുഴ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുന്നത്. റിട്ട.മേജർ ജനറൽ ഇന്ദ്രബാൽ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
ഐബോഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ലോഹസാന്നിധ്യം കണ്ടെത്തി. പക്ഷെ ഗംഗാവലി കലിതുള്ളി നിൽക്കുന്നതിനാൽ ഡൈവർമാർക്ക് അടിത്തട്ടിലേക്കിറങ്ങി പരിശോധന നടത്താൻ സാധിച്ചില്ല. നാവികസേനയുൾപ്പെടെയുള്ളവർ പരാജയപ്പെടുത്തിയതോടെയാണ് മുങ്ങൽ വിദഗ്ധനായ ഈശ്വർ മൽപെയുടെ സംഘം ഷിരൂരിൽ എത്തുന്നത്. വടം കെട്ടി ഗംഗാവലിയിലേക്കിറങ്ങിയ മൽപെയുടെ വടം പൊട്ടി, അടിയൊഴുക്കിൽ പെട്ട അദ്ദേഹത്തെ പിന്നീട് നാവികസേനയുൾപ്പെടെ ചേർന്നാണ് പുഴയിൽ നിന്ന് വലിച്ചു കയറ്റുന്നത്.
മൽപെ പിൻവാങ്ങാൻ തയ്യാറായിരുന്നില്ലെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ മൽപേയ്ക്ക് മുട്ടുമടക്കേണ്ടി വന്നു. ജൂലായ് 31ന് ആദ്യഘട്ട തിരച്ചിൽ അവസാനിക്കുകയും ചെയ്തു. കാലാവസ്ഥ അനുകൂലമായാൽ തിരച്ചിൽ പുനരാരംഭിക്കാം കുടുംബത്തിന് ജില്ലാ ഭരണകൂടം ഉറപ്പുനൽകിയിരുന്നു. അമാവാസി നാളിൽ പുഴയിലെ വെള്ളം കുറയുമ്പോൾ തിരച്ചിലിന് തയാറെന്ന് മൽപെ പ്രഖ്യാപിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതോടെ ഈശ്വര്‍ മല്‍പെയെ പുഴയിലിറങ്ങാൻ പൊലീസ് അനുവദിച്ചില്ല.
ഓഗസ്റ്റ് 13നാണ് രണ്ടാംഘട്ട തിരച്ചിൽ ആരംഭിക്കുന്നത്. സിഗ്നൽ ലഭിച്ച സ്ഥലത്ത് നാവികസേനയും മൽപെയും സംയുക്തമായി പരിശോധിച്ചെങ്കിലും അതും പരാജയമായിരുന്നു. തുടർന്നാണ് ഡ്രജർ എത്തിച്ച് മണ്ണുനീക്കം ചെയ്ത് തിരച്ചിൽ എന്ന തീരുമാനത്തിലേക്ക് നീങ്ങുന്നത്. ഇതിനുള്ള സാധ്യത പരിശോധിക്കുന്നതിനായി തൃശൂർ കാർഷിക സർവകലാശാല പ്രതിനിധികൾ സ്ഥലത്തെത്തി. അതിനിടയിൽ അർജുന്റെ കുടുംബത്തെ കാണാൻ മൽപെയും സംഘവും അർജുന്റെ വസതിയിലെത്തിയിരുന്നു.
ഗോവയിൽനിന്ന് ഡ്രജർ എത്തിക്കും, തിരച്ചിൽ തുടരുമെന്ന് അർജുന്റെ കുടുംബത്തിന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനൽകി. സെപ്റ്റംബർ 18–നാണ് ടഗ് ബോട്ടുകളുടെ സഹായത്തോടെ ഡ്രജർ കാർവാറിലെത്തുന്നത്, 20ന് തന്നെ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഗംഗാവലിപ്പുഴയിൽ നിന്ന് സ്റ്റിയറിങ്, ക്ലച്ച്, ടയറിന്റെ ഭാഗങ്ങൾ എന്നിവ കണ്ടെത്തിയതോടെ അത് അർജുന്റെ ലോറിയുടേതാണെന്ന പ്രതീക്ഷ ഉയർന്നെങ്കിലും അത് അല്ലെന്ന് സ്ഥിരീകരിച്ചു.
23ന് മലയാളിയായ റിട്ട.മേജർ ജനറൽ എം.ഇന്ദ്രബാലനും സാങ്കേതികപരിശീലനം നേടിയ ടീം അംഗങ്ങളും എത്തി. സോണാർ സിഗ്നലുകളിൽ നിന്നു ലഭിച്ച വിവരങ്ങളും ഡൈവർമാരിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ചേർത്ത് കൃത്യമായ രേഖാചിത്രം നാവിക സേന തയ്യാറാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് എഴുപതിലേറെ ദിവസങ്ങൾക്കപ്പുറം അർജുന്റെ ലോറിയും അർജുന്റേതെന്ന് കരുതുന്ന മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്. സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന എന്ന കടമ്പ കൂടി ബാക്കി നിൽക്കുന്നു. ദൗത്യം വിജയം കണ്ടതിന്റെ സന്തോഷത്തിൽ കർണാടക അധികൃതർ സംസാരിക്കുമ്പോഴും കേരളം കർണാടകയ്ക്ക് നന്ദി പറയുമ്പോഴും അർജുന്റെ കുടുംബാംഗങ്ങൾക്കൊപ്പം ഇടനെഞ്ച് തകർന്നിരിക്കുകയാണ് ഓരോ മലയാളിയുടെയും.