‘ആക്രമിക്കാൻ പാർട്ടി പ്രവർത്തകരെ ഒരുക്കി നിർത്തി, നിലത്തിട്ട് ചവിട്ടി’: പരാതിയുമായി ആശ ലോറൻസ്
Mail This Article
കൊച്ചി ∙ പിതാവിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ച ചടങ്ങിൽ തനിക്കും മകനും മർദനമേറ്റെന്ന പരാതിയുമായി മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മകൾ ആശാ ലോറൻസ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യയ്ക്കാണ് ആശ പരാതി നൽകിയത്. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, സഹോദരനും ഗവ. പ്ലീഡറുമായ അഡ്വ. എം.എൽ.സജീവൻ, സഹോദരീ ഭർത്താവായ ബോബൻ വർഗീസ് എന്നിവർ തന്നെയും മകനെയും കയ്യേറ്റം ചെയ്തെന്നും എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ഇ മെയിലായി നൽകിയ പരാതിയിൽ പറയുന്നു.
ശനിയാഴ്ച ഉച്ചയ്ക്കാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എം.എം.ലോറൻസ് അന്തരിച്ചത്. തിങ്കളാഴ്ച എറണാകുളം ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മൃതദേഹം ഗവ. മെഡിക്കൽ കോളജിന് വിട്ടുനൽകാനുള്ള സഹോദരങ്ങളുടെ തീരുമാനത്തിനെതിരെ ആശ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്, മക്കളുടെ ഭാഗം കേട്ട ശേഷം തീരുമാനമെടുക്കാൻ മെഡിക്കല്‍ കോളജിന് ഹൈക്കോടതി നിർദേശം നൽകി. പിന്നാലെ ആശയും മകനും ടൗൺഹാളിലെത്തി. വൈകിട്ട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്ന സമയത്തായിരുന്നു കയ്യാങ്കളിയും ഉന്തും തള്ളും അരങ്ങേറിയത്.
താനും മകൻ മിലൻ ജോസഫും അവിടെ എത്തിയപ്പോൾ സിപിഎം ജില്ലാ െസക്രട്ടറി സി.എൻ.മോഹനൻ തങ്ങളെ ആക്രമിക്കാനായി പാർട്ടി പ്രവർത്തകരെ ഒരുക്കി നിർത്തിയിരുന്നുവെന്ന് ആശ പരാതിയിൽ പറയുന്നു. പൊലീസ് അവിടെ ഉണ്ടായിരുന്നെങ്കിലും നിഷ്ക്രിയരായിരുന്നു. ബോബൻ വർഗീസും പാർട്ടി പ്രവർത്തകരും കൂടി തന്റെ മകനെ ആക്രമിച്ചു. തന്നെ നിലത്തിട്ട് ചവിട്ടിയെന്നും ആശ പരാതിയിൽ പറയുന്നു.