യാത്രയിൽ അർജുന്റെ കൂട്ടാളി, ആഴങ്ങളിലും സ്നേഹത്തിന്റെ പ്രതീകമായി ശേഷിച്ചു: നൊമ്പരമായി ആ കുഞ്ഞുലോറി!
Mail This Article
കോഴിക്കോട്∙ ലോറിയെയും തന്റെ കുഞ്ഞിനെയും അർജുൻ ഒരുപാട് സ്നേഹിച്ചിരുന്നതിന്റെ തെളിവായി ആ കുഞ്ഞുകളിപ്പാട്ടം. അർജുൻ ഓടിച്ചിരുന്ന ലോറി തകർന്നു തരിപ്പണമായെങ്കിലും പൊന്നുപോലെ അർജുൻ കൂടെക്കൊണ്ടു പോയ കളിപ്പാട്ട ലോറി കേടൊന്നും കൂടാതെ അവശേഷിച്ചു. രണ്ടു ഫോണുകള്‍, വസ്ത്രങ്ങളടങ്ങിയ ബാഗ്, വാച്ച്, പാത്രങ്ങൾ, ഒരു കുഞ്ഞു ലോറി എന്നിവയാണു വെള്ളത്തിനടിയിലെ ലോറിയിൽനിന്ന് കണ്ടെത്തിയത്. ഇതിൽ ആ കുഞ്ഞു കളിപ്പാട്ടമാണ് ഏവരെയും നൊമ്പരപ്പെടുത്തിയത്.
ഈ കളിപ്പാട്ടം ലോറിയുടെ ക്യാബിനു മുന്നില്‍വച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നത്. മകനു വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഈ കളിപ്പാട്ടമെന്ന് അനുജന്‍ അഭിജിത് പറഞ്ഞു. ലോറിയുമായി കർണാടകയിലേക്കു പോയപ്പോള്‍ ഈ കളിപ്പാട്ട വണ്ടിയും അര്‍ജുന്‍ കൂടെക്കൊണ്ടുപോകുകയായിരുന്നു.
ഇത്തരം കുഞ്ഞുകളിപ്പാട്ടങ്ങളാണ് അര്‍ജുന്‍ മകനു വാങ്ങിക്കൊടുത്തിരുന്നത്. അതിൽ അധികവും ലോറിയും വാഹനങ്ങളുമായിരുന്നു. അർജുനെപ്പോലെ മകനും വാഹനങ്ങൾ വലിയ ഇഷ്ടമാണ്. മകൻ എപ്പോഴും കൂടെയുണ്ടെന്നുറപ്പിക്കാനായിരുന്നു അർജുൻ കളിപ്പാട്ടവും കൂടെ കരുതിയത്.
ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽ അർജുനും തടിലോറിയും മുങ്ങിയപ്പോൾ ആ കുഞ്ഞുലോറിയും ഒപ്പമുണ്ടായിരുന്നു. ഇനി ഒരിക്കലും തിരിച്ചു വരാത്തവിധം അർജുൻ മറഞ്ഞപ്പോൾ അർജുന്റെ മകന്റെ കുഞ്ഞുലോറി കേടുപാടുകളില്ലാതെ വെള്ളത്തിനു മുകളിലേക്കു വന്നു.
അർജുനു മകനോടും ലോറിയോടുമുള്ള സ്നേഹത്തിന്റെ പ്രതീകമായി ആ കൊച്ചുകളിപ്പാട്ടം ശേഷിച്ചു. ഇന്ന് രാവിലെയാണ് ഗംഗാവലി പുഴയില്‍നിന്നു ലോറി പൂര്‍ണമായി കരയ്ക്കെത്തിച്ചത്. കാബിന്റെ ഭാഗത്തെ ചെളി നീക്കിയപ്പോഴാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കിട്ടിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അർജുന്റെ ശരീരഭാഗങ്ങളും ലോറിയും ഗംഗാവലി പുഴയിൽനിന്നു കണ്ടെത്തിയത്. അര്‍ജുന്‍റെ മൃതദേഹം നാളെ ഉച്ചയോടെ കുടുംബത്തിനു വിട്ടുനല്‍കും.