ADVERTISEMENT

തിരുവനന്തപുരം∙ ബലാത്സംഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനായി മാധ്യമങ്ങളിൽ ലുക്കൗട്ട് നോട്ടിസ് ഇറക്കി അന്വേഷണസംഘം. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ലിഷ് പത്രത്തിലുമാണ് ലുക്കൗട്ട് നോട്ടിസ് പ്രസിദ്ധീകരിച്ചത്. സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പൊലീസിനെ അറിയിക്കണമെന്നും നോട്ടിസിൽ പറയുന്നു. 

‘ഫോട്ടോയിൽ കാണുന്ന ഫിലിം ആർട്ടിസ്റ്റ് സിദ്ദിഖ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നിലവിലുള്ള കേസിലെ പ്രതിയും ഒളിവിൽ പോയിട്ടുള്ളയാളും ആണ്. ഇയാളെക്കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കണം’–നോട്ടിസിൽ പറയുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ (9497996991) , റെയ്ഞ്ച് ഡിഐജി ( 9497998993), നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ (9497990002), മ്യൂസിയം പൊലീസ് സ്റ്റേഷൻ (0471–2315096) എന്നീ നമ്പറുകളിലാണ് വിവരം അറിയിക്കേണ്ടത്. ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ പേരിലാണ് നോട്ടിസ്.

യുവനടിയെ ബലാത്സംഗം ചെയ്ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനു പിന്നാലെ മൂന്നു ദിവസമായി സിദ്ദിഖ് ഒളിവിലാണ്. നടൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്‌ഗി  സിദ്ദിഖിനായി ഹാജരാകുമെന്നാണ് വിവരം. അതിജീവിത പരാതി നൽകാനുണ്ടായ കാലതാമസം, ക്രിമിനൽ പശ്ചാത്തലമില്ല എന്നീ വാദങ്ങൾ മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. തടസ്സഹർജിയുമായി സർക്കാരും സുപ്രീംകോടതിയെ സമീപിക്കും. 

സിദ്ദിഖിനായി പൊലീസ് അന്വേഷണം തുടരുകയാണ്. മൂന്നാഴ്ച മുൻപ് എല്ലാ വിമാനത്താവളങ്ങളിലേക്കും തിരച്ചിൽ നോട്ടിസ് നൽകിയിരുന്നു. യുവനടിയുടെ പരാതിയിൽ ബലാത്സംഗം (ഐപിസി 376), ഭീഷണിപ്പെടുത്തൽ (506) എന്നീ വകുപ്പുകൾ പ്രകാരമാണു മ്യൂസിയം പൊലീസ് കേസെടുത്തത്. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ പീഡനത്തിനിരയായതെന്നാണു നടി പൊലീസിനോടു വെളിപ്പെടുത്തിയത്. സിദ്ദിഖ് അഭിനയിച്ച ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്തെ തിയറ്ററിൽ പ്രദർശിപ്പിച്ചപ്പോഴാണ് അദ്ദേഹത്തെ കണ്ടതെന്നായിരുന്നു മൊഴി.

English Summary:

Actor Siddique Faces Lookout Notice in Rape Case, Flees Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com