ADVERTISEMENT

അറ്റ്ലാന്റ ∙ ഫ്ലോറിഡയിൽ കനത്ത നാശം വിതച്ച ഹെലൻ ചുഴലിക്കാറ്റ് 500 കിലോമീറ്ററിലധികം അകലെയുള്ള അറ്റ്ലാന്റയിലേക്കു വ്യാപിക്കുന്നു. ജോർജിയ സംസ്ഥാനത്തെ അറ്റ്ലാന്റ നഗരത്തിൽ ചരിത്രത്തിലാദ്യമായി മിന്നൽപ്രളയ മുന്നറിയിപ്പു നൽകി. കനത്ത കാറ്റ് സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. പിന്നീട് മുന്നറിയിപ്പുകൾ പിൻവലിച്ചെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അതേസമയം, മലയാളികൾ താമസിക്കുന്ന ഇടങ്ങൾ സുരക്ഷിതമാണെന്നാണ് വിവരം.

ഹെലൻ ചുഴലിക്കാറ്റിനെ തുടർന്ന് യുഎസിലെ അറ്റ്ലാന്റ നഗരത്തിൽ പെയ്ത കനത്ത മഴ. ചിത്രം:  (@SandySpringsGA/X)
ഹെലൻ ചുഴലിക്കാറ്റിനെ തുടർന്ന് യുഎസിലെ അറ്റ്ലാന്റ നഗരത്തിൽ പെയ്ത കനത്ത മഴ. ചിത്രം: (@SandySpringsGA/X)

യുഎസിലുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നായ ഹെലൻ ഫ്ലോറിഡയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. അതിനു ശേഷമാണ് അത് ജോർജിയയിലേക്കെത്തിയത്. കനത്ത മഴയിലും കാറ്റിലും ഇതുവരെ നാലു പേർ കൊല്ലപ്പെട്ടതായാണ് വാർത്താ ഏജൻസികൾ റിപ്പോർ‌ട്ട് ചെയ്യുന്നത്. മുപ്പതു ലക്ഷത്തോളം വീടുകളിൽ വൈദ്യുതിബന്ധം തടസ്സപ്പെട്ടു.

കഴിഞ്ഞ മൂന്നു ദിവസമായി ജോർജിയയിലെ അറ്റ്ലാന്റയിൽ കനത്ത മഴയാണ്. താഴ്ന്ന പ്രദേശങ്ങളിലെ നിരവധി റോഡുകളിലും വീടുകൾ ഉൾ‌പ്പെടെയുള്ള കെട്ടിടങ്ങളിലും വെള്ളം കയറി. പലയിടത്തും ആളുകളും വളർത്തുമൃഗങ്ങളുമടക്കം കുടുങ്ങിക്കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മരങ്ങൾ‍‌ വീണു ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മഴക്കെടുതിയിൽ കുടുങ്ങിയ മുപ്പതോളം പേരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. വെള്ളം കയറാനിടയുള്ള പ്രദേശങ്ങളിൽനിന്ന് നിരവധിപ്പേരെ മാറ്റിപ്പാർപ്പിച്ചു. അതേസമയം വിമാന സർവീസുകൾ മുടങ്ങിയിട്ടില്ലെന്നാണ് വിവരം.

പീച്ച്ട്രീ ക്രീക്ക് എന്ന സ്ഥലത്താണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. വീടുകളിൽ വെള്ളം കയറി, കാറുകൾ വെള്ളത്തിലായി. മരങ്ങൾ‌ കടപുഴകിവീണു. വൈദ്യുതിബന്ധം തടസ്സപ്പെട്ടു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ യാത്രകൾ ഒഴിവാക്കണമെന്നും അത്യാവശ്യഘട്ടങ്ങളിലല്ലാതെ വാഹനങ്ങൾ പുറത്തിറക്കരുതെന്നും ന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. വെള്ളക്കെട്ടുകളിൽ വാഹനങ്ങൾ ഇറക്കരുതെന്നും മരങ്ങളുടെയോ വൈദ്യുതി ലൈനുകളുടെയോ താഴെ നിൽക്കരുതെന്നും നിർദേശമുണ്ട്.

English Summary:

Atlanta sees first-ever Flash Flood Emergency as Helene's fury forces multiple water rescues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com