ADVERTISEMENT

കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയന് പി.വി.അൻവറിനെ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 25 ദിവസമായി അൻവർ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. എന്നാൽ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘സർക്കാരല്ലിത് കൊള്ളക്കാർ’ എന്നാണ് യുഡിഎഫ് പറഞ്ഞത്. അത് അടിവരയിടുന്ന കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രവർത്തിക്കുന്ന ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. എഡിജിപി അജിത്കുമാർ മുഖ്യമന്ത്രിയുടെ ദൂതനായാണ് ആർഎസ്എസ് നേതാക്കളെ കണ്ടത്. കേരളത്തിലെ സ്വർണക്കടത്ത് സംഘങ്ങൾ, സ്വർണം പൊട്ടിക്കൽ സംഘങ്ങൾ, ലഹരിമരുന്ന് സംഘങ്ങൾ എന്നിവർക്കെല്ലാം രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞതാണ്. ആ കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ ഭരണ കക്ഷിയിലെ എംഎൽഎ തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു. പൂരം കലക്കാൻ വേണ്ടി പൊലീസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി അങ്ങോട്ട് വിടുകയായിരുന്നു. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. 

പൂരം കലക്കിയ ആളെ തന്നെയാണ് പൂരം കലക്കിയത് അന്വേഷിക്കാൻ നിയോഗിച്ചത്. പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണം.

വി.എസ്.അച്യുതാനന്ദന് പോലും ലഭിക്കാത്ത ആനുകൂല്യമാണ് അൻവറിന് ലഭിക്കുന്നത്. വാർത്താസമ്മേളനം നടത്തി പാർട്ടിയെ ബുദ്ധിമുട്ടിക്കരുതെന്ന് സിപിഎം അൻവറിനോട് അഭ്യർഥിച്ചത് ഭയന്നിട്ടാണ്. ഈ സമീപനം അച്യുതാനന്ദനോട് പോലും ഉണ്ടായില്ല. അൻവർ ഇനിയും എന്തെങ്കിലും വെളിപ്പെടുത്തുമെന്ന ഭയമാണ്. അതാണ് സിപിഎം ഇത്രയും മയത്തിൽ സംസാരിക്കുന്നത്. ഇടതുമുന്നണിയിൽ തുടരണോ എന്ന് തീരുമാനിക്കുന്നതുപോലും അൻവറാണ്. അൻവർ യുഡിഎഫിലേക്ക് വരുന്നതിനെക്കുറിച്ച് ഇപ്പോൾ ചർച്ചയില്ല. അങ്ങനെ ഒരു സാഹചര്യം വന്നാൽ ചർച്ച ചെയ്യും. 

അജിത്കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതായി സംസ്ഥാന ഇന്റലിജൻസ് പിറ്റേന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. അപ്പോൾ ചെറുവിരൽ അനക്കാത്ത മുഖ്യമന്ത്രിയാണ് ഇപ്പോൾ അന്വേഷണം നടത്തുമെന്ന് പറയുന്നത്. നാല് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് അജിത്കുമാർ. എന്നിട്ടും അദ്ദേഹം ആ കസേരയിൽ തുടരുകയാണ്. എനിക്കെതിരെ 150 കോടി രൂപയുടെ ആരോപണം അൻവറിനെക്കൊണ്ട് മുഖ്യമന്ത്രിയാണ് ഉന്നയിപ്പിച്ചത്.

അതുകേട്ട് മന്ത്രിമാർ പോലും അന്നു ചിരിച്ചു. അൻവറിനെക്കൊണ്ട് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ ആരാണെന്ന് സിപിഎമ്മിനുള്ളിൽ തന്നെ അന്വേഷിക്കണം. മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന ആവശ്യവുമായി യുഡിഎഫ് തെരുവിലിറങ്ങും. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. എട്ടാം തീയതി സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തുമെന്നും സതീശൻ പറഞ്ഞു.

English Summary:

Pinarayi Vijayan Fears Anwar's Revelations, Alleges Opposition Leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com