ADVERTISEMENT

ഈറോഡ്∙ തൃശൂരിൽ എടിഎം കൊള്ള നടത്തിയ സംഘം കവർച്ച ആസൂത്രണം ചെയ്തത് ചെന്നൈയിൽ വച്ചെന്ന് അന്വേഷണ സംഘം. ഹരിയാനയിലെ മേവാത്തിയിൽ നിന്നുള്ള കവർച്ചക്കാർ വിവിധ സംഘങ്ങളായി ചെന്നൈയിലെത്തുകയായിരുന്നു. 2 പേർ വിമാനത്തിൽ എത്തിയപ്പോൾ 3 പേർ കാറിലാണ് വന്നത്. മറ്റുള്ളവർ ട്രക്കിലും. തുടർന്നാണ്, വിശദമായ ആസൂത്രണം നടത്തിയത്. തുടർന്ന് കാർ ട്രക്കിനുള്ളിലാക്കി കേരളത്തിലേക്കു പോയി. ചെന്നൈയിലോ തമിഴ്നാടിന്റെ ഇതര ഭാഗങ്ങളിലോ കവർച്ച നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നോ എന്നതു സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.

കേസിൽ കൂടുതൽ അന്വേഷണത്തിനായി നാമക്കൽ ‍ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം ഹരിയാനയിലേക്ക് പോകുമെന്ന് തമിഴ് നാട് പൊലീസ് പറഞ്ഞു. സെപ്റ്റംബർ 27നാണ് തൃശൂരിലെ 3 എടിഎം കൗണ്ടറുകൾ തകർത്ത് ആറംഗസംഘം 68 ലക്ഷം രൂപ കൊള്ളയടിച്ചത്. ഇവരെ നാമക്കൽ ജില്ലയിലെ സേലം–ബെംഗളൂരു ദേശീയപാതയിൽവച്ച് തമിഴ്നാട് പൊലീസ് പിന്തുടർന്ന് പിടികൂടിയിരുന്നു. ഹരിയാനയിലെ പൽവാൻ സ്വദേശികളായ ഇർഫാൻ, സാബിർ ഖാൻ, ഷൗക്കീൻ, മുഹമ്മദ് ഇക്രാം, മുബാറക് ആദം, അസർ അലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രക്ഷപ്പെടാൻ ശ്രമിച്ച ലോറി ഡ്രൈവർ ജുമാദിൻ ഹമീദിൻ പൊലീസുമായി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച അസർ അലിയെ പൊലീസുകാർ വെടിവെച്ച് കീഴ്‍പ്പെടുത്തി കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സാബിർ ഖാനും ഷൗക്കീനും വിമാനമാർഗമാണ് ചെന്നൈയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.  5 പ്രതികളെയും കുമാരപാളയം  സബ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി തൃശ്ശൂർ പൊലീസ് പ്രതികളെ ചോദ്യം ചെയ്യാനായി വെപ്പടെ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. 

കഴിഞ്ഞമാസം 21ന് കൃഷ്ണഗിരിയിയിൽ എടിഎം തകർത്തു 23 ലക്ഷം കൊള്ളയടിച്ചത്, ഏപ്രിൽ മാസം 6ന് കൃഷ്ണഗിരിയിൽ 10ലക്ഷം, ജൂലൈ മാസം 6ന് ഹോസൂരിൽ 14.5 കൊള്ളയടിച്ചതും ഇതേ സംഘമാണെന്നും തമിഴ്നാട് പൊലീസ് കരുതുന്നു. അതേസമയം ജൂലൈ മാസം 5ന് ആവലപ്പള്ളിയിലെ എടിഎം തകർക്കാൻ ശ്രമിച്ചവർ സെക്യൂരിറ്റി ജീവനക്കാർ എത്തിയതോടെ രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട്ടിൽ എടിഎം സെന്ററുകളിൽ നടന്ന കൊള്ളകളിൽ ഇപ്പോൾ പിടിയിലായ പ്രതികളുടെ ഇടപെടലുകളെ കുറിച്ച് തമിഴ്നാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

English Summary:

Tamil Nadu Police Link Arrested Gang to Multiple ATM Robberies After Thrissur Heist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com