കേസെടുത്ത് കുരുക്കും, പരമാവധി സമ്മർദത്തിലാക്കും; അൻവറിനെ പൂട്ടാൻ സിപിഎമ്മും പൊലീസും
Mail This Article
തിരുവനന്തപുരം∙ സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും മുൾമുനയിൽ നിർത്തി പി.വി. അന്‍വര്‍ എംഎല്‍എ നയവിശദീകരണ യോഗങ്ങള്‍ വിളിച്ചുകൂട്ടി തലവേദനയാകുമ്പോള്‍ അന്‍വറിനെ പൂട്ടാന്‍ തലപുകച്ച് പൊലീസും ഉദ്യോഗസ്ഥരും. അന്‍വറിനെതിരായ പരാതികളുടെ രേഖകള്‍ പരമാവധി സമാഹരിച്ച് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ പരിശോധിച്ചു തുടങ്ങി. പൊലീസ് ആസ്ഥാനത്തുനിന്നു നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥരാണ് അന്‍വറിനെതിരായ വിവരസമാഹരണത്തിനു നേതൃത്വം നൽകുന്നത്. പണമിടപാടു കേസുകള്‍ ഉള്‍പ്പെടെ പൊടിതട്ടിയെടുത്ത് വീണ്ടും കേസെടുക്കാന്‍ പഴുതു തേടുകയാണ് അന്വേഷണസംഘം.
മുൻപു പല വിഷയങ്ങളിലും സംരക്ഷിച്ചു നിര്‍ത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ ഏതു വിധേനയും അന്‍വറിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്നത്. ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ടു പരാതി ലഭിച്ച് 23 ദിവസത്തിനു ശേഷം കോട്ടയം കറുകച്ചാല്‍ പൊലീസ് കേസെടുത്തത് അന്‍വറിനുള്ള മുന്നറിയിപ്പായാണു വിലയിരുത്തപ്പെടുന്നത്. അന്‍വറിനെതിരെ മുന്‍പ് ആരോപണം ഉന്നയിച്ച പലരെയും സമീപിച്ചു പരാതി എഴുതി വാങ്ങാനുള്ള ശ്രമവും നടക്കുന്നുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വാളെടുത്തതോടെയാണു കേസില്‍പെടുത്തിയും റവന്യു അടക്കമുള്ള വകുപ്പുകള്‍ വഴി നടപടിയെടുപ്പിച്ചും തിരിച്ചടി നല്‍കാനുള്ള നീക്കം പിന്നണിയില്‍ ശക്തമായിരിക്കുന്നത്.
അന്‍വര്‍ ഏറ്റവും ഗുരുതരമായ ആരോപണം ഉന്നയിച്ച എഡിജിപി എം.ആര്‍. അജിത്കുമാര്‍, അന്‍വറിനെതിരെ ഡിജിപിക്കു കൊടുത്ത മൊഴിയിലെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്. മലപ്പുറത്തെ സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി പി.വി. അന്‍വറിനു ബന്ധമുണ്ടെന്നാണ് പൊലീസിലെ ഒരു വിഭാഗം മുഖ്യമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത്. കൂടാതെ, അന്‍വറിന്റെ ആവശ്യങ്ങള്‍ക്കു വഴങ്ങാത്തതിനാലാണ് അദ്ദേഹം തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് എഡിജിപി എം.ആര്‍.അജിത്കുമാര്‍ ഡിജിപിക്കു മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പീഡന ആരോപണമുന്നയിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷിക്കണമെന്നും അവര്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം അന്‍വറിനെതിരായ ആയുധമായേക്കാം.
അന്‍വറിനെ സിപിഎം ശൈലിയില്‍ രാഷ്ട്രീയമായി നേരിടുന്നത് മലബാറില്‍ ഒരു വിഭാഗത്തെത്തന്നെ പാര്‍ട്ടിക്ക് എതിരാക്കിയേക്കാം എന്ന തിരിച്ചറിവാണു നിയമപരമായി കുടുക്കാനുള്ള നീക്കം ശക്തമാക്കാന്‍ കാരണം. പി.ശശിയെയും അജിത്കുമാറിനെയും പൂര്‍ണമായി സംരക്ഷിച്ചു നിര്‍ത്തുന്നതും അന്‍വറിനെ ഒറ്റപ്പെടുത്തി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതും ഒരു വിഭാഗത്തിനിടയില്‍ ഏകീകരണത്തിനു കാരണമാകുമെന്നും വിലയിരുത്തലുണ്ട്. അതിനും പുറമേ, അന്‍വറിനോടു മാനസികമായി ഐക്യപ്പെടുന്ന ഒട്ടേറെപ്പേര്‍ പാര്‍ട്ടിയില്‍ ഉണ്ടെന്ന യാഥാര്‍ഥ്യം നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. അന്‍വറിന്റെ യോഗത്തിലേക്ക് പാര്‍ട്ടി അനുഭാവികള്‍ എത്തുന്നതു തടയണമെന്ന് ജില്ലാ നേതൃത്വങ്ങള്‍ക്ക് അതിശക്തമായ നിര്‍ദേശമാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി സമ്മേളനങ്ങളില്‍ അന്‍വര്‍ വിഷയത്തിന് അമിതപ്രാധാന്യം നല്‍കേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്. വരും ദിവസങ്ങളില്‍ അന്‍വറിന്റെ പൊതുയോഗങ്ങള്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരായ വിചാരണസദസ്സുകളായി മാറുന്നത് എന്തു വിലകൊടുത്തും തടയാന്‍ പാര്‍ട്ടിയും പൊലീസും കൈമെയ് മറന്ന് കളത്തിലിറങ്ങുമ്പോള്‍, ‘ജയിലില്‍ അടയ്ക്കട്ടെ, അപ്പോള്‍ നോക്കാം’ എന്ന നിലപാടിലാണ് അന്‍വര്‍.