‘മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്നത് ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഇല്ലാതാക്കും’
Mail This Article
കൊച്ചി ∙ മാധ്യമ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്നത് ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും ഇല്ലാതാക്കപ്പെടുന്നതിന് കാരണമാകുമെന്ന് ഹൈക്കോടതി. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നത് ജാമ്യവ്യവസ്ഥയുടെ ഭാഗമാക്കിയ കീഴ്‌ക്കോടതി വിധി റദ്ദു ചെയ്തു കൊണ്ടാണ് ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്.
മാധ്യമ സ്വാതന്ത്ര്യത്തിന്റെ അഭാവം ജനാധിപത്യത്തെ തന്നെ ഇല്ലായ്മ ചെയ്യുമെന്നും കോടതി അഭിപ്രായപ്പെട്ടു. കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത എന്ന ഡോ. കെ.പി.യോഹന്നാനുമായി ബന്ധപ്പെട്ട് കീഴ്‌ക്കോടതി വിധിക്കെതിരെയുള്ള അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു കോടതി മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.
ഡോ. കെ.പി.യോഹന്നാന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചുകൊണ്ട് ഒരു യുട്യൂബ് ചാനലിൽ വാർത്ത നല്‍കിയതായിരുന്നു സംഭവം. തുടർന്ന് ഇതിനെതിരെ ബിലീവേഴ്സ് ചർച്ചിലെ ഒരു ബിഷപ്പ് നൽകിയ പരാതിയിൽ യുട്യൂബ് ചാനലുമായി ബന്ധപ്പെട്ടവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്ന് യുട്യൂബ് ചാനൽ അധികൃതർ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചു.
ബിലീവേഴ്സ് ചർച്ച് സ്ഥാപകന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ നല്‍കുന്നത് വിലക്കിക്കൊണ്ട് കീഴ്‌ക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതിനെതിരെ യുട്യൂബ് ചാനൽ അധികൃതർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യവ്യവസ്ഥ ഏർപ്പെടുത്തുമ്പോൾ ഒരു വ്യക്തിയുടെ അഭിപ്രായ പ്രകടനത്തിനുള്ള അവകാശത്തിന് പൂർണമായി വിലക്കേർപ്പെടുത്താൻ പറ്റില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അതേസമയം, അഭിപ്രായ പ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം പരിപൂർണമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം അഭിപ്രായപ്രകടനങ്ങൾ കുറ്റകൃത്യത്തിന് വഴിവയ്ക്കുന്നുണ്ടെങ്കിൽ അതിനെ നിയമപരമായി നേരിടാവുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. യുഎസിലെ ഡാലസിൽ ഇക്കഴിഞ്ഞ മേയ് മാസത്തിലുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത കാലം ചെയ്തത്. ഡാലസിലെ സിൽവർസിന്റിൽ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് മെത്രാപ്പൊലീത്തയുടെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.