ADVERTISEMENT

തിരുവനന്തപുരം∙ പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ വോട്ടുകള്‍ കൂടി സ്വന്തമാക്കി യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ സിപിഎം നീക്കിയ കരുക്കളാണ് ഇടതുസ്വതന്ത്രന്‍ പി.വി.അന്‍വറിന്റെ അപ്രതീക്ഷിത നീക്കത്തോടെ ആശങ്കയിലായിരിക്കുന്നത്. കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നതെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് മുസ്‌ലിം ലീഗിനെ ഉള്‍പ്പെടെ ചേര്‍ത്തുനിര്‍ത്താനുള്ള നീക്കം സജീവമായിരുന്നു. ഇതു പരാജയപ്പെട്ടതോടെ ലീഗുമായി അടുപ്പമുള്ള സമസ്തയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ആര്‍ജിക്കാന്‍ ശ്രമിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ കിട്ടിയില്ലെന്നു മാത്രമല്ല പതിറ്റാണ്ടുകളായി ഒപ്പമുണ്ടായിരുന്ന വിഭാഗങ്ങള്‍ ബിജെപിയിലേക്കു കൂടുതല്‍ അടുക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിട്ടതോടെ സംസ്ഥാനത്തുണ്ടായത് ജമാഅത്തെ ഇസ്ലാമി - പോപ്പുലര്‍ ഫ്രണ്ട് - കോണ്‍ഗ്രസ് - മുസ്‌ലിം ലീഗ് ഐക്യമാണെന്ന് സിപിഎം ആരോപിച്ചു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന തരത്തില്‍ എല്ലാവരും ഒരു മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പ്രതികരിച്ചത്. ഇതിനു സമാനമായി, ഇത്രനാളും പ്രിയങ്കരനായിരുന്ന പി.വി.അന്‍വര്‍ ഭീഷണിയായപ്പോഴും അതേ മതമൗലികവാദ കാര്‍ഡ് തന്നെ ഇറക്കിയാണ് സിപിഎം പ്രതിരോധത്തിനു ശ്രമിക്കുന്നത്. അന്‍വറിന്റെ പിന്നില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി പോലെയുള്ള മതമൗലികവാദ സംഘടനകളാണെന്ന ആരോപണവുമായി മുതിര്‍ന്ന നേതാവ് പാലൊളി മുഹമ്മദ് കുട്ടിയെ തന്നെ സിപിഎം രംഗത്തിറക്കി. എന്നാല്‍ മലബാര്‍ മേഖലയില്‍ ഓരോ ദിവസവും നയവിശദീകരണ യോഗങ്ങളുമായി അന്‍വര്‍ മുന്നോട്ടുപോകുമ്പോള്‍ ന്യൂനപക്ഷങ്ങളെ പിണക്കാതെ ഏതു തരത്തില്‍ പ്രതിരോധിക്കാമെന്ന ആശയക്കുഴപ്പമാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്. മലപ്പുറത്തെ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ ആയുധമാക്കി ലീഗും രംഗത്തെത്തിയിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരമ്പരാഗത ഈഴവ, നായര്‍ വോട്ടുകള്‍ കുടുതലായി ബിജെപിയിലേക്കു ചോര്‍ന്നതാണ് തിരിച്ചടിയായതെന്ന തിരിച്ചറിവില്‍ ഇക്കൂട്ടരെ പാര്‍ട്ടിയിലേക്കു വീണ്ടും കൂടുതല്‍ അടുപ്പിക്കാനുള്ള നീക്കങ്ങള്‍ പാര്‍ട്ടി സജീവമാക്കിയതിനിടെയാണ് അന്‍വറിന്റെ മലപ്പുറം 'കലാപം' പാർട്ടിക്കു വെല്ലുവിളി ഉയര്‍ത്തുന്നത്. പരമ്പരാഗത വോട്ടുകള്‍ നഷ്ടമാകുകയും ന്യൂനപക്ഷ വോട്ടുകള്‍ പ്രതീക്ഷിച്ചതു പോലെ ലഭിക്കാതിരിക്കുകയും ചെയ്തതാണ് തിരഞ്ഞെടുപ്പില്‍ വന്‍പരാജയത്തിന് ഇടയാക്കിയതെന്ന് സിപിഎം കേന്ദ്രങ്ങൾ വിലയിരുത്തിയിരുന്നു. സര്‍ക്കാര്‍ വലിയതോതില്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന തരത്തില്‍ പ്രതിപക്ഷം നടത്തുന്ന പ്രചാരണം, പതിറ്റാണ്ടുകളായി ഒപ്പം നിന്ന വിഭാഗങ്ങളില്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തിയെന്നും പാര്‍ട്ടി വിലയിരുത്തി. എസ്എന്‍ഡിപിയെ ഉള്‍പ്പെടെ കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ അതിശക്തമായ ചെറുത്തുനില്‍പ് നടത്തുമെന്നുമെന്ന് നേതൃത്വം പ്രഖ്യാപിക്കുകയും ചെയ്തു. ബിജെപി കൂടുതലായി ഈ വിഭാഗങ്ങളിലേക്കു കടന്നുകയറുന്നത് പാര്‍ട്ടിയുടെ അടിത്തറയെ തന്നെ ബാധിക്കുമെന്ന് പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി ബദല്‍മാര്‍ഗങ്ങള്‍ ആലോചിക്കുന്നതിനിടയിലാണ് കൂനിന്‍മേല്‍ കുരു പോലെ അന്‍വര്‍ പ്രശ്‌നം പൊട്ടിപ്പുറപ്പെട്ടത്.

പൊലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ എന്ന പേരില്‍ അന്‍വര്‍ തുടങ്ങിയ കലാപം ഇപ്പോള്‍ കൈവിട്ട് പ്രാദേശിക, സാമുദായിക നിറം കലര്‍ന്ന് സിപിഎമ്മിനു തന്നെ തലവേദനയായി മാറുകയാണ്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം.ആര്‍. അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ രണ്ടുവട്ടം കണ്ടുവെന്ന അന്‍വറിന്റെയും പ്രതിപക്ഷത്തിന്റെയും ആരോപണം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സംശയത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജില്ലാ സെക്രട്ടറിയും ആര്‍എസ്എസുമായി സന്ധി ചെയ്യുന്നവരാണെന്നുവരെ പി.വി.അന്‍വര്‍ ആരോപണം ഉന്നയിച്ചു. മുസ്‌ലിം വിഭാഗത്തില്‍നിന്നുള്ള സ്വതന്ത്രരെ മുന്‍ നിര്‍ത്തി ന്യൂനപക്ഷ വോട്ടുകളിലേക്കു കടന്നുകയറാനുള്ള സിപിഎം തന്ത്രങ്ങള്‍ ഒരു പരിധി വരെ വിജയിച്ചിരുന്നു. എന്നാല്‍ അതേ സ്വതന്ത്രന്മാര്‍ തന്നെ ഇപ്പോള്‍ എതിര്‍പക്ഷത്തേക്ക് എത്തുന്നതും മുഖ്യമന്ത്രിയുടെ 'ന്യൂനപക്ഷ സംരക്ഷക' പ്രതിഛായ തകരുന്നതും വലിയതോതിലുള്ള തിരിച്ചടിയായി മാറുമെന്നാണ് നേതൃത്വം ആശങ്കപ്പെടുന്നത്. കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടെ പ്രതിപക്ഷം അന്‍വറിന്റെ ആരോപണങ്ങള്‍ അതിശക്തമായ ആയുധമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഇടതുപക്ഷ മുന്നേറ്റത്തിനു ന്യൂനപക്ഷ പിന്തുണ ഗുണം ചെയ്തുവെന്നാണ് ഇടതുമുന്നണി വിലയിരുത്തിയിരുന്നത്. ഇക്കുറിയും ഇത് ആവര്‍ത്തിക്കാമെന്ന പ്രതീക്ഷകള്‍ക്കാണ് ഇപ്പോള്‍ മങ്ങലേറ്റിരിക്കുന്നത്. പരമ്പരാഗതമായി ഇടതുപക്ഷം ദുര്‍ബലമായ ചില മേഖലകളിലെ അപ്രതീക്ഷിത മുന്നേറ്റത്തിനു ന്യൂനപക്ഷ പിന്തുണ കാരണമായിരുന്നു. മുസ്‌ലിം ലീഗുമായി ചേര്‍ന്നുനില്‍ക്കുന്ന സമസ്തയിലെ ഒരു വിഭാഗം ഇടതുപക്ഷ അനുകൂല നിലപാടു സ്വീകരിച്ചത് വലിയ പ്രതീക്ഷയോടെയാണ് സിപിഎം കണ്ടത്. എന്നാല്‍ സമസ്തയും ലീഗും തമ്മിലുള്ള ബന്ധത്തിലുണ്ടായ അസ്വസ്ഥത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. അടുത്ത തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അതിന്റെ അലയൊലികളുണ്ടാകാമെന്ന് ഇടതുപക്ഷം കണക്കുകൂട്ടിയിരിക്കെയാണ് സര്‍വതും അട്ടിമറിച്ച് അന്‍വറിന്റെ രംഗപ്രവേശം. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായി തള്ളിക്കളയാന്‍ പാര്‍ട്ടി അണികള്‍ തയറാകാത്ത സാഹചര്യത്തില്‍ സമ്മേളനകാലത്ത് സൂക്ഷ്മതയോടെ വിഷയം കൈകാര്യം ചെയ്യാനുള്ള നീക്കത്തിലാണ് സിപിഎം.

English Summary:

Setback for CPM's calculations; Pinarayi Vijayan's 'minority protector' image fading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com