‘പിണറായിയുടെ തലയ്ക്ക് അവർ ഇനാം വരെ പ്രഖ്യാപിച്ചിട്ടുണ്ട്; മുഖ്യമന്ത്രിക്ക് പറയണമെങ്കിൽ ഇടനിലക്കാർ വേണ്ട’
Mail This Article
കണ്ണൂർ ∙ വർഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബിജെപിയും ആർഎസ്എസും ശക്തമായി ആക്രമിച്ച നേതാവാണ് പിണറായി വിജയൻ. സഖാവിന്റെ തലയ്ക്ക് ഇനാം വരെ പ്രഖ്യാപിച്ചിട്ടുണ്ട്. അഭിമുഖത്തെ സംബന്ധിച്ച് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞിട്ടും മാധ്യമങ്ങൾ കൊടുത്ത വാർത്തയിൽ ഖേദം പ്രകടിപ്പിക്കാൻ തയാറായില്ല. ആ വാദം പൊളിഞ്ഞപ്പോഴാണ് അടുത്ത സിഡി എടുത്തിരിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
‘‘അഭിമുഖം നൽകാൻ മുഖ്യമന്ത്രിക്ക് പിആർ ഏജൻസിയുടെ ആവശ്യമുണ്ടോ? ബാക്കി കാര്യങ്ങൾ പറയാൻ ഞാൻ ആളല്ല. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അഭിമുഖം നൽകാൻ പിആർ ഏജൻസിയുടെ ആവശ്യമില്ല. മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തുന്നത് എങ്ങനെയാണെന്ന് നിങ്ങൾ കണ്ടിട്ടുണ്ട്. എന്റെ മറുപടിക്ക് എന്ത് വ്യാഖ്യാനം നൽകിയാലും കാര്യമില്ല. മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിനു പിന്നിൽ രാഷ്ട്രീയമുണ്ട്.
2021ലെ തുടർഭരണത്തിന് പല കാരണങ്ങളുണ്ട്. പല കാരണങ്ങളിൽ ഒരു കാരണം കേരളത്തിലെ ജനങ്ങൾക്ക് മുഖ്യമന്ത്രിയിലുള്ള വിശ്വാസമാണ്. ഇടതുപക്ഷത്തെ തകർക്കണമെങ്കിൽ ഇടതുപക്ഷത്തിന്റെ തലയിൽ അടിക്കണം. ആ തല പിണറായി വിജയനാണ്. ഇന്നലെ വേറെ ഒരാളായിരുന്നു. നാളെ വേറൊരാൾ വരും. മുഖ്യമന്ത്രിയെ ആക്രമിച്ച് ഇടതുപക്ഷത്തെ തകർക്കാനാണ് ശ്രമിക്കുന്നത്’’ – റിയാസ് പറഞ്ഞു.
‘‘കനഗോലു പലതവണ ഇവിടെ വന്ന് പിആർ ജോലി നടത്തിയിട്ടുണ്ട്. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും എങ്ങനെ ഇരിക്കണം ചിരിക്കണം എന്നൊക്കെ കനഗോലു തീരുമാനിച്ചപ്പോൾ ആരും ചർച്ച ചെയ്തില്ല. മുഖ്യമന്ത്രിക്ക് എന്തെങ്കിലും ജനങ്ങളോട് പറയണമെങ്കിൽ ഇടനിലക്കാരുടെ ആവശ്യമില്ല. എന്തെങ്കിലും മറയ്ക്കാനുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിക്ക് കത്ത് കൊടുക്കേണ്ട ആവശ്യമുണ്ടോ?
മലപ്പുറം ജില്ലയെ അപമാനിക്കാൻ മലപ്പുറം ജില്ലയ്ക്ക് രൂപം നൽകിയ ഇഎംസിന്റെ പിൻതലമുറക്കാരൻ പിണറായി തയാറായി എന്ന് നിങ്ങൾ പറഞ്ഞില്ലേ. നിങ്ങൾ എന്ത് പ്രചരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം ഞങ്ങൾ പറയും. കേരളത്തിലെ മാധ്യമങ്ങൾ ചെയ്യുന്നത് മാന്യമായ പ്രവർത്തനമാണെന്ന് തോന്നുന്നുണ്ടോ? വർഗീയവാദികളെ കൂട്ടുപിടിച്ച് ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. മന്ത്രിമാർ പ്രതികരിക്കും.’’ – റിയാസ് പറഞ്ഞു.
20 വർഷമായി ഇടതുപക്ഷ പ്രസ്ഥാനത്തിനു നേതൃത്വം കൊടുക്കുന്ന പിണറായി വിജയനെ നിങ്ങൾ വേട്ടയാടുകയാണ്. എന്നിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റിയോ എന്നും റിയാസ് ചോദിച്ചു. ജീവൻ പോയാലും ആർഎസ്എസിനെ ശക്തമായി എതിർക്കും. ബോധപൂർവം രാഷ്ട്രീയ അജൻഡ നടപ്പാക്കുകയാണ്. ഇടതുപക്ഷ സർക്കാരിനെ താഴെ ഇറക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.