നക്സൽ മേഖലയിൽ താമസം, കണ്ടെയ്നറിൽ ഹാഷിഷ് കടത്ത്; ‘മൂര്ഖൻ ഷാജി’ പിടിയിൽ
Mail This Article
തിരുവനന്തപുരം∙ കേരളത്തിലെ കുപ്രസിദ്ധ ലഹരി മരുന്ന് കടത്തുകാരൻ അടിമാലി പറത്താഴത്തു വീട്ടിൽ ഷാജിമോനെ (മൂർഖൻ ഷാജി) സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. റിമാൻഡിൽ ആയിരിക്കെ ഹൈക്കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ഷാജിമോൻ, സുപ്രീം കോടതി ജാമ്യം റദ്ദ് ചെയ്തതോടെ ഒളിവിൽ പോകുകയായിരുന്നു.
ബംഗാൾ, ബിഹാർ, ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുകൊണ്ട് തൂത്തുക്കുടി വഴി ഹാഷിഷ് ഓയിൽ കടത്തുകയായിരുന്നു ഇയാൾ. പാലക്കാട് പിടികൂടിയ 22 കിലോ ഹാഷിഷ് ഓയിൽ കടത്തുകേസിൽ ഷാജി പ്രതിയാണ്. എക്‌സൈസ് ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
നക്സൽ മേഖലയിലുള്ള സ്വാധീനം ഉപയോഗിച്ച് ഒളിസങ്കേതം മാറ്റി കഴിഞ്ഞുവന്ന ഷാജിമോൻ കഞ്ചാവ് വാറ്റി ഹാഷിഷ് ഓയിൽ വൻതോതിൽ നിർമിച്ച് കണ്ടെയ്നറിലും മറ്റുമായി വിദേശത്തേക്ക് കടത്തി വരികയായിരുന്നു. ഷാജിമോൻ കൊടൈക്കനാലിൽ വാങ്ങിയ 9 ഏക്കർ വസ്തുവിന്റെ ഇടപാടിനായി മേയിൽ തമിഴ്‌നാട്ടിലെ ശ്രീരംഗത്തു എത്തിയപ്പോൾ മറ്റൊരു ലഹരി കടത്തു സംഘവുമായി സംഘർഷമുണ്ടായിരുന്നു. അന്ന് ശ്രീരംഗം പൊലീസിന്റെ പിടിയിലായെങ്കിലും അവിടെനിന്ന് വിദഗ്ധമായി രക്ഷപ്പെട്ടു. 5 വർഷത്തെ നിരന്തര പരിശ്രമത്തിനൊടുവിലാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇന്ന് മധുരയ്ക്ക് സമീപം ധാരാപുരത്തുനിന്ന് ഇയാളെ പിടികൂടിയത്.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണ കുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്, എസ്.മധുസൂദനൻ നായർ, കെ.വി.വിനോദ്, എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ഡി.എസ്.മനോജ് കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി.സുബിൻ, എം.വിശാഖ്, രജിത്ത് കെ.ആർ, എം.എം.അരുൺ കുമാർ, ബസന്ത് കുമാർ, രജിത്ത് ആർ.നായർ, സിവിൽ എക്‌സൈസ് ഡ്രൈവർ വിനോജ് ഖാൻ സേട്ട് എന്നിവർ അടങ്ങുന്ന സംഘമാണ് മൂർഖൻ ഷാജിയെ പിടികൂടിയത്.