ADVERTISEMENT

ന്യൂഡൽഹി∙ 2014ൽ നരേന്ദ്ര മോദി സർക്കാർ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയതിനു പിന്നാലെയാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അതുവരെ സംസ്ഥാനത്ത് അധികാരം പിടിച്ചിട്ടില്ലാത്ത ബിജെപി ആദ്യമായി അധികാരത്തിലെത്തുന്നത് അന്നാണ്. അതുവരെ ഇന്ത്യൻ നാഷണൽ ലോക്ദളും കോൺഗ്രസും മാറി മാറി ഭരിച്ചിരുന്ന സംസ്ഥാനത്താണ് പുതിയൊരു അധികാരശക്തി കൂടി രംഗത്തെത്തിയത്. അങ്ങനെ 2004 മുതൽ 2014 ഭരിച്ച ഭൂപീന്ദർ സിങ് ഹൂഡ സർക്കാരിനെ താഴെയിറക്കി മനോഹർലാൽ ഖട്ടർ അധികാരത്തിലെത്തി. 2019ൽ സീറ്റ് കുറഞ്ഞെങ്കിലും ഐഎൻഎൽഡിയിലെ അധികാര തർക്കത്തിൽ നിന്ന് പിറന്ന ജെജെപിയെ കൂട്ടുപിടിച്ച് ബിജെപി അധികാരം നിലനിർത്തി. 2024ൽ പക്ഷേ ഹരിയാനയിൽ ബിജെപിക്ക് ഹാട്രിക് ഊഴം ലഭിച്ചേക്കില്ല എന്ന സൂചനകളാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഒക്ടോബർ എട്ടിന് വോട്ടെണ്ണുമ്പോൾ ചിരിക്കുന്നത് ഹൂഡ ആയിരിക്കുമോ നിലവിലെ മുഖ്യമന്ത്രി നായബ് സിങ് സൈനി ആകുമോ എന്നാണ് അറിയേണ്ടത്. ഇനി നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ബിഹാർ, ജാർഖണ്ഡ് തിരഞ്ഞെടുപ്പുകളെ ഈ വിധി സ്വാധീനിക്കുമോ എന്നതും നിർണായകം.

haryana-exit-poll-card-jpeg

നിലവിലെ എക്സിറ്റ് പോൾ ഫലങ്ങളെല്ലാം കോൺഗ്രസിന് അനുകൂലമായ സീറ്റുനിലയാണ് പ്രവചിക്കുന്നത്. 90 അംഗ നിയമസഭയിൽ കോൺഗ്രസ് 55 മുതൽ 60 സീറ്റുകൾ വരെ നേടിയേക്കാം എന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും. ബിജെപി പരമാവധി 30 സീറ്റുകൾ വരെ നേടിയേക്കാം എന്നും ഐഎൻഎൽഡി, ജെജെപി, ആം ആദ്മി പാർട്ടികളെല്ലാം തകർന്നടിയുമെന്ന പ്രവചനവും എക്സിറ്റ് പോൾ ഫലങ്ങള്‍ പറയുന്നു. എന്നാൽ ഇതിൽ മാറ്റം ഉണ്ടാവാൻ സാധ്യതയുണ്ടോ? ഉണ്ടെന്നാണ് 2019ലെ എക്സിറ്റ് പോൾ ഫലങ്ങളും യഥാർഥ ഫലവും പറയുന്നത്. 

ബിജെപി 61–70 സീറ്റുകളെങ്കിലും നേടുമെന്നും കോൺഗ്രസ് 20 സീറ്റിലേക്ക് പോലും എത്തില്ലെന്നും അന്ന് പ്രവചനമുണ്ടായി. എന്നാൽ ഇതിനെയെല്ലാം തകിടം മറിച്ചുകൊണ്ടാണ് യഥാർഥ ഫലം പുറത്തു വന്നത്. ബിജെപി 40 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ കോൺഗ്രസിന്റെ സീറ്റ് 31 ആയി വർധിച്ചു. 2014ലെ ഫലത്തിന്റെ തുടർച്ചയായി മോദി തരംഗത്തിൽ 2019ലും മികച്ച ഫലം പ്രതീക്ഷിച്ച ബിെജപിക്ക് അന്ന് പക്ഷേ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. 90 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനു വേണ്ട 46 സീറ്റികളിൽ‍ ഏതാനും സീറ്റുകളുടെ കുറവേ ബിജെപിക്കുണ്ടാവൂ എന്നായിരുന്നു 2014ലെ എക്സിറ്റ് പോൾ ഫലങ്ങൾ. ഫലം വന്നപ്പോൾ ബിജെപിക്ക് 47 സീറ്റ്. തലേ തിരഞ്ഞെടുപ്പിൽ 31 സീറ്റുകളുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ ലോക്ദൾ 27 സീറ്റ് വരെ നേടാമെന്നും 40 സീറ്റുകളിൽ മുമ്പ് വിജയിച്ച് ഭരണത്തിലേറിയ കോൺഗ്രസ് 13 സീറ്റുകളുമായി മൂന്നാമതെത്തും എന്നുമായിരുന്നു പ്രവചനം. ഫലം വന്നപ്പോൾ ഐഎൻഎൽഡിക്ക് 19 സീറ്റും കോൺഗ്രസിന് 15 സീറ്റും. 

ഭരണവിരുദ്ധ വികാരം തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ഖട്ടറിനെ മാറ്റി സൈനിയെ ബിജെപി മുഖ്യമന്ത്രിയാക്കിയത്. 2023ൽ ജെജെപിയുമായുള്ള സഖ്യവും ബിജെപി അവസാനിപ്പിച്ചിരുന്നു. ഇതിനു പുറമെയായിരുന്നു ഹരിയാനയെ പിടിച്ചു കുലുക്കിയ ഒട്ടേറെ സംഭവങ്ങളുണ്ടാകുന്നത്. അതിൽ പ്രധാനം ഗുസ്തി താരങ്ങളുടെ പ്രതിഷേധമായിരുന്നു. വനിതാ ഗുസ്തി താരങ്ങൾ ബിജെപി എംപിയും അഖിലേന്ത്യാ ഗുസ്തി ഫെഡറേഷൻ തലവനുമായിരുന്ന ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ തെരുവിലിറങ്ങുന്നതും പൊലീസ് മർദനം ഏറ്റുവാങ്ങിയതുമെല്ലാം ഹരിയാനയിലെ വനിതാ വോട്ടർമാർ ഉൾപ്പെടെയുള്ളവരെ ഏറെ സ്വാധീനിച്ച വിഷയമാണ്. അതിന്റെ ഒടുവിലുത്തെ അധ്യായമായിരുന്നു ഒളിംപിക്സ് മെഡലിന്റെ വക്കത്തു നിന്ന് വിനേജ് ഫോഗട്ടിന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകേണ്ടി വന്ന സംഭവം. രാജ്യം മുഴുവൻ ചർച്ച ഈ വിഷയത്തിനു പിന്നാലെ ഇന്ത്യയിൽ തിരിച്ചെത്തിയ വിനേഷ് ഫോഗട്ടിനെ തന്റെ ഗ്രാമത്തിലേക്ക് ആനയിച്ചുകൊണ്ടുപോയ വാഹനത്തിന്റെ മുകൾത്തട്ടിൽ ഹൂഡയുടെ മകനും കോൺഗ്രസ് എംപിയുമായ ദീപേന്ദർ സിങ് ഹൂഡയും ഉണ്ടാിരുന്നു. വിനേഷ് കോണ്‍ഗ്രസിൽ ചേർന്നതും വലിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങി മത്സരിച്ചതും ഹരിയാന തിരഞ്ഞെടുപ്പിലെ വേറിട്ട കാഴ്ചയായിരുന്നു. 

പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ െതരുവിലിറങ്ങിയതിന്റെ ഫലം കൂടിയാണ് എക്സിറ്റ് പോളിൽ കോൺഗ്രസിന് കാണിക്കുന്ന മുന്നേറ്റം എന്നു പറയാം. മുൻപുണ്ടായിരുന്ന സമരങ്ങളെ അപേക്ഷിച്ച് അടുത്ത കാലത്തുണ്ടായിരുന്ന കർഷക സമരങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തവും വളരെയധികമായിരുന്നു. ബിജെപിക്കെതിരെ കർഷക സംഘടനകള്‍ പ്രചരണം നടത്തിയതും തുണച്ചത് കോൺഗ്രസിനെയാണ് എന്നു വേണം പറയാൻ. അഗ്നിവീർ പദ്ധതിക്കെതിരായ എതിർപ്പും ഭരണവിരുദ്ധ വികാരവും ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ പ്രചരണത്തിൽ മേൽക്കൈ നേടാൻ കോൺഗ്രസിനെ സഹായിച്ചു. ബിജെപിയെ പ്രതിരോധത്തിലാക്കുന്ന പ്രചരണപരിപാടികൾ തന്നെയായിരുന്നു കോണ്‍ഗ്രസ് ഇത്തവണ ഹരിയാനയിൽ‍ നടപ്പാക്കിയത്. മുതിർന്ന നേതാവ് കുമാരി ഷെൽജയും ഹൂഡയും തമ്മിലുള്ള അധികാരവടംവലി അവസാന നിമിഷം കോണ്‍ഗ്രസിന്റെ ഉറക്കം കെടുത്തുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം വരെ ഇത് പൊട്ടിത്തെറിയിലേക്ക് കൊണ്ടുപോകാതിരിക്കാൻ കോണ്‍ഗ്രസ് ഹൈക്കമാൻഡിനു കഴിഞ്ഞു.

English Summary:

Is it Hooda's or Saini's Turn to Smile? Exit Polls Dash BJP's Hat-trick Hopes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com