ഹരിയാനയിൽ കോൺഗ്രസ് തരംഗമെന്ന് എക്സിറ്റ് പോൾ പ്രവചനങ്ങൾ; ജമ്മു കശ്മീരിൽ തൂക്കുസഭയ്ക്ക് സാധ്യത, ബിജെപിക്ക് തിരിച്ചടി?
Mail This Article
ന്യൂഡൽഹി∙ ഹരിയാനയിൽ കോൺഗ്രസിന് വൻ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ സർവേകൾ. ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണു പ്രവചനം. നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെ പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചിക്കുന്നത്. ന്യൂസ് 18, പീപ്പിൾസ് പൾസ്, ദൈനിക് ഭാസ്കർ, റിപ്പബ്ലിക് ഭാരത്, ദൈനിക് ഭാസ്കർ, ധ്രുവ് റിസർച്ച് സർവേകൾ അടക്കം കോൺഗ്രസിന്റെ തിരിച്ചു വരവ് പ്രവചിക്കുന്നു. 55 മുതൽ 62 വരെ സീറ്റുകൾ ഹരിയാനയിൽ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം. ബിജെപിക്ക് 18 മുതൽ 24 സീറ്റുകൾ പ്രവചിക്കുമ്പോൾ എഎപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.
ഇന്ത്യ ടുഡേ സീ വോട്ടർ സർവേയിൽ ജമ്മുവിൽ ബിജെപിക്ക് മുൻതൂക്കമെന്നാണ് സർവേ ഫലം. 27 മുതൽ 31 സീറ്റ് വരെ ബിജെപി നേടുമെന്നാണു പ്രവചനം. ഇന്ത്യ സഖ്യം 11 മുതൽ 15 സീറ്റുകൾ വരെ നേടുമെന്നും പ്രവചനമുണ്ട്. അതേ സമയം ജമ്മു കശ്മീരിൽ തൂക്കുസഭയ്ക്ക് സാധ്യതയെന്നാണു റിപ്പബ്ലിക് സർവേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ദൈനിക് ഭാസ്കർ എക്സിറ്റ് പോൾ ഫലത്തിൽ ബിജെപി 20 മുതൽ 25 വരെ സീറ്റുകൾ നേടും. എൻസി- കോൺഗ്രസ് സഖ്യം 35 മുതൽ 40 വരെ സീറ്റുകളും നേടും. പിഡിപി 4 മുതൽ 7 വരെ സീറ്റുകൾ, മറ്റുള്ളവ 12 മുതൽ 16 എന്നിങ്ങനെയാണ് പ്രവചനം. പീപ്പിൾസ് പൾസ് എക്സിറ്റ് പോളിൽ ജമ്മു കശ്മീരിൽ എൻസി - കോൺഗ്രസ് 46-57, ബിജെപി 23-27 സീറ്റുകൾ, പിഡിപി 7-11 സീറ്റുകൾ, മറ്റുള്ളവർ 4-6 എന്നിങ്ങനെയാണ് ഫലങ്ങൾ.
ഹരിയാനയിൽ ഭരണം നിലനിർത്താനായി ബിജെപി പോരാടുമ്പോൾ ഭരണവിരുദ്ധവികാരം തുണയാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. യുവജന പ്രതിഷേധവും കർഷകരോഷവുമാണ് ബിജെപിയ്ക്ക് വെല്ലുവിളിയാകുന്നത്. ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ശക്തമായ പ്രചാരണം നടത്തിയത് വോട്ടെടുപ്പിനെ സ്വാധീനിച്ചോയെന്ന് എക്സിറ്റ് പോളിൽ സൂചന ലഭിക്കും. അഗ്നിപഥിനെതിരായ രോഷം, ഗുസ്‌തി താരങ്ങളുടെ പ്രക്ഷോഭം തുടങ്ങിയവ വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് കോൺഗ്രസ് ക്യാംപിന്റെ പ്രതീക്ഷ. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരത്തിനിറങ്ങിയ ആം ആദ്മി പാർട്ടിയും കഴിഞ്ഞതവണ 10 സീറ്റുകൾ നേടിയ ജെജെപിയും കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നുണ്ട്
കനത്ത സുരക്ഷയിൽ മൂന്നു ഘട്ടമായാണ് ജമ്മു കശ്മീരിൽ വോട്ടെടുപ്പ് നടന്നത്. പത്തു വര്‍ഷത്തിനിടെ ആദ്യമായിട്ടായിരുന്നു കശ്മീരിലെ തിരഞ്ഞെടുപ്പ്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടി ആയിരുന്നിത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങി പ്രമുഖ നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലും സജീവമായിരുന്നു.