മധ്യപ്രദേശിൽ 1,814 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടി; 2 പേർ അറസ്റ്റിൽ
Mail This Article
ഭോപ്പാൽ∙ ഭോപ്പാലിനടുത്തുള്ള ഫാക്ടറിയിൽ നിന്ന് 1,814 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുകളും അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘാവി. സംഭവത്തിൽ 2 പേരെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും (എടിഎസ്) ഡൽഹിയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് ഹർഷ് സംഘാവി എക്സിൽ കുറിച്ചു.
‘‘ഗുജറാത്ത് എടിഎസിനും എൻസിബി ഡൽഹിക്കും ലഹരി മരുന്നിനെതിരായ പോരാട്ടത്തിലെ വൻ വിജയത്തിന് അഭിനന്ദനങ്ങൾ! ഭോപ്പാലിലെ ഒരു ഫാക്ടറിയിൽ റെയ്ഡ് നടത്തി ലഹരിമരുന്ന് നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കൾ പിടിച്ചെടുത്തു. ഇതിന്റെ മൊത്തം മൂല്യം 1,814 കോടി രൂപയാണ്. ലഹരി മരുന്ന് കടത്തും ദുരുപയോഗവും ചെറുക്കുന്നതിൽ നമ്മുടെ നിയമ നിർവഹണ ഏജൻസികൾ അശ്രാന്ത പരിശ്രമമാണ് നടത്തുന്നത്. നമ്മുടെ സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിൽ അവരുടെ സഹകരണ ശ്രമങ്ങൾ നിർണായകമാണ്’’ – ഹർഷ് സംഘാവി എക്സിൽ കുറിച്ചു.