ADVERTISEMENT

തിരുവനന്തപുരം∙ നിയമസഭയിൽ പ്രതിഷേധം നടക്കുന്നതിനിടെ പ്രതിപക്ഷ നിരയിലേക്ക് രോഷാകുലനായി നീങ്ങിയ മന്ത്രി വി.ശിവൻകുട്ടിയെ മുഖ്യമന്ത്രി തടയുന്ന ദൃശ്യങ്ങൾ കൗതുകമുണർത്തി. പ്രസംഗിക്കുന്നതിനിടെ, തന്റെ സീറ്റിനരികിൽ കൂടി പ്രതിപക്ഷ നിരയിലേക്ക് പോകാൻ ശ്രമിച്ച ശിവൻകുട്ടിയെ മുഖ്യമന്ത്രി കയ്യിൽപിടിച്ചു പിന്നോട്ടു വലിച്ചു. തുടർന്ന് ശിവൻകുട്ടി സീറ്റിലേക്ക് മടങ്ങി.

മന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ സഭയിൽ നടന്ന കയ്യാങ്കളിയിലും ശിവൻകുട്ടി പ്രതിയാണ്. 2015 മാർച്ച് 13നാണ് കയ്യാങ്കളിയുണ്ടായത്. ബാർ കോഴക്കേസുമായി ബന്ധപ്പെട്ടായിരുന്നു സഭയിൽ ഇടതു പ്രതിഷേധം. ആക്രമണത്തിലൂടെ സഭയ്ക്ക് 2.20ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. സുപ്രീംകോടതിയെ പ്രതികൾ സമീപിച്ചെങ്കിലും കേസ് റദ്ദാക്കിയില്ല. കേസിന്റെ വിചാരണ നടക്കുകയാണ്.

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം വരും ദിവസങ്ങളിലും സംഘര്‍ഷഭരിതമാകുമെന്ന സൂചനയാണ് ആദ്യദിവസം തന്നെ സഭയില്‍ ഉണ്ടായത്. സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ മുന്നില്‍ ബാനറുമായി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുന്നതിനിടെയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഡയസിലേക്കു കയറാന്‍ ശ്രമിച്ചത്. ഇതോടെ സമീപത്തുണ്ടായിരുന്ന വാച്ച് ആന്‍ഡ് വാര്‍ഡ് അദ്ദേഹത്തെ തടഞ്ഞു. തുടര്‍ന്ന് കൂടുതല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ എത്തിയതോടെ ബലം പ്രയോഗിച്ച് വാച്ച് ആന്‍ഡ് വാര്‍ഡ് തടയുന്ന സ്ഥിതിയുണ്ടായി.

ഇതിനിടെ സ്പീക്കര്‍ കാര്യോപദേശക സമിതിയുടെ 14-ാമത് റിപ്പോര്‍ട്ട് മേശപ്പുറത്തുവയ്ക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു. റിപ്പോര്‍ട്ടില്‍ ഭേദഗതി നിര്‍ദേശിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മന്ത്രി വി.ശിവന്‍കുട്ടി മുഖ്യമന്ത്രിയുടെ ഇടതു വശത്തു കൂടി പ്രതിഷേധം നടക്കുന്ന ഭാഗത്തേക്കു നീങ്ങി. പ്രസംഗിക്കുന്നതിനിടെ ഇതു ശ്രദ്ധയില്‍പെട്ട മുഖ്യമന്ത്രി പ്രസംഗം നിര്‍ത്താതെ തന്നെ ശിവന്‍കുട്ടിയുടെ കൈയില്‍ പിടിച്ച് പിന്നോട്ടു വലിച്ചു.

മുഖ്യമന്ത്രി നല്‍കിയ സൂചന മനസിലാക്കിയ ശിവന്‍കുട്ടി തിരികെ സീറ്റിലേക്കു മടങ്ങുകയായിരുന്നു. ഈ സമയത്തും പ്രതിപക്ഷം ബാനറുമായി സ്പീക്കറുടെ മുന്നില്‍ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം തുടര്‍ന്നു. ഇതോടെ ഭരണകക്ഷി അംഗങ്ങള്‍ മുഖ്യമന്ത്രിയുടെ ചുറ്റം കൂട്ടം കൂടിയെത്തി. പ്രതിഷേധം ശക്തമാകുന്നതിനിടെ സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു.

English Summary:

M Pinarayi Vijayan Controls Minister V Sivankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com